അൽബാഹ- മെയിൻ റോഡിലൂടെ കാറോടിച്ച യുവതിയെ രഹസ്യ ട്രാഫിക് പോലീസ് പിടികൂടി. കിംഗ് ഫഹദ് ആശുപത്രിയിൽനിന്നാണ് ഇവർ മെയിൻ റോഡിലൂടെ കാറോടിച്ചത്. ഇവർ ഡോക്ടറാണെന്ന് പിന്നീട് വ്യക്തമായി. മെയിൻ റോഡിലൂടെ യുവതി കാറോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ തിങ്കളാഴ്ച പ്രചരിച്ചിരുന്നു. തുടർന്ന് നിയമ ലംഘകയെ പിടികൂടുന്നതിന് രഹസ്യ ട്രാഫിക് പോലീസ് പദ്ധതി തയാറാക്കുകയായിരുന്നു. ഇതറിയാതെ ചൊവ്വാഴ്ച വീണ്ടും മെയിൻ റോഡിലൂടെ കാറോടിച്ചു പോകുന്നതിനിടെയാണ് ഇവരെ ട്രാഫിക് പോലീസ് പിടികൂടിയത്.
രോഗിയായ ഭർത്താവിന് കാറോടിക്കുന്നതിന് സാധിക്കാത്തതിനാൽ ജോലി സ്ഥലത്തേക്ക് പോകുന്നതിന് കാറോടിക്കുന്നതിന് നിർബന്ധിതയാവുകയായിരുന്നെന്ന് ഡോക്ടർ ന്യായീകരിച്ചു. ഇവരുടെ പക്കൽ ഡ്രൈവിംഗ് ലൈസൻസില്ല. വീണ്ടും ഭാര്യക്ക് കാർ കൈമാറില്ല എന്നതിന് ഡോക്ടറുടെ ഭർത്താവിൽനിന്ന് ട്രാഫിക് പോലീസ് രേഖാമൂലം ഉറപ്പു വാങ്ങിയിട്ടുണ്ട്.
സൗദിയിൽ ജൂൺ 24 മുതൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി ലഭിക്കും. ഇതിനു മുന്നോടിയായി ലേഡീസ് ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കുന്നതിന് വിവിധ നഗരങ്ങളിലെ യൂനിവേഴ്സിറ്റികൾ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.