ഹൈദരാബാദ്- ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ബ്രിട്ടീഷ് അധിനിവേശക്കാരില്‍നിന്നാണെന്നും മുഗളന്മാരില്‍നിന്നല്ലെന്നും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ഓര്‍മിപ്പിച്ച് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.
മുഗളന്മാര്‍ ഇന്ത്യയെ ആക്രമിച്ചുവെന്ന് പറഞ്ഞ മന്ത്രി വിദേശ അധിനിവേശക്കാരായി ബ്രിട്ടീഷുകാരെ പരാമര്‍ശിക്കാത്തത് അപലപനീയമാണെന്ന് ഉവൈസി പറഞ്ഞു.
ബ്രിട്ടീഷ് ഭരണത്തില്‍നിന്നും രാജവാഴ്ചയില്‍നിന്നും ഫ്യൂഡലിസത്തില്‍നിന്നും മോചിതമായതിന്റെ പ്രതീകമാണ് ഇന്ത്യക്കാര്‍ക്ക് ത്രിവര്‍ണ പതാക- ഉവൈസി ട്വീറ്റ് ചെയ്തു.
ബ്രിട്ടീഷ് അധിനിവേശക്കാരെ കുറിച്ച് സിന്ധ്യ പറയാതിരുന്നത് സ്വാതന്ത്ര്യസമര കാലത്ത് ആര്‍.എസ്.എസും ഹിന്ദു മഹാസഭയും ബ്രിട്ടീഷുകാര്‍ക്ക് വിടുപണി ചെയ്തതു കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
മുഗളന്മാരെ പോലുള്ള വിദേശ അധിനിവേശക്കാരും അഹ്‌മദ് ഷാ അബ്ദലിയും ഇന്ത്യയെ പലതവണ ആക്രമിച്ചെങ്കിലും അവരുടെ സ്വപ്‌നങ്ങള്‍ പൂവണിയിക്കാന്‍ ഇന്ത്യക്കാര്‍ അനുവദിച്ചില്ലെന്നാണ് ഞയാറാഴ്ച സിന്ധ്യ പ്രസ്താവിച്ചിരുന്നത്.