Sorry, you need to enable JavaScript to visit this website.

ചിത്രലേഖ കുടിൽ കെട്ടി സമരം ആരംഭിച്ചു  

കണ്ണൂർ - യു.ഡി.എഫ് സർക്കാർ കണ്ണൂർ കാട്ടാമ്പള്ളിയിൽ അനുവദിച്ച അഞ്ചു സെന്റ് ഭൂമി എൽ.ഡി.എഫ് സർക്കാർ തിരിച്ചെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർമാണത്തിലിരിക്കുന്ന വീടിനു മുന്നിൽ കുടിൽ  ചിത്രലേഖ കുടിൽ കെട്ടി സമരം ആരംഭിച്ചു. യു.ഡി.എഫ് നേതാക്കൾ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി, കെ.എം.ഷാജി എം.എൽ.എ എന്നിവർ കാട്ടാമ്പള്ളിയില സമര പന്തലിലെത്തി. 
തന്റെ ജീവന് ഭീഷണിയുന്നെും ഉത്തരവ് റദ്ദ് ചെയ്യും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും ചിത്രലേഖ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നുകിൽ സി.പി.എം എന്നെ ജീവിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ കൊന്നോളൂവെന്നും ചിത്രലേഖ പറഞ്ഞു. പയ്യന്നൂരിൽ സി.പി.എമ്മിന്റെ ദളിത് വിരുദ്ധ മനോഭാവത്തിനെതിരേ ഒറ്റയാൾ സമരം ചെയ്തു ശ്രദ്ധേയയായ ചിത്രലേഖ ജന്മസ്ഥലമായ എടാട്ട് തൊഴിലെടുത്ത് ജീവിക്കാൻ സി.പി.എം പ്രവർത്തകർ അനുവദിക്കുന്നില്ലെന്നാരോപിച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ അടക്കം സമരം ചെയ്തിരുന്നു. തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ 2016 ൽ പ്രത്യേക അധികാരം ഉപയോഗിച്ച് കണ്ണൂർ കാട്ടാമ്പള്ളിയിൽ അഞ്ചു സെന്റ് സ്ഥലം അനുവദിച്ചത്. വീടു നിർമിക്കാനായി ഫണ്ടും അനുവദിച്ചിരുന്നു. 
എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ഉടനെ ഈ ഫണ്ട് റദ്ദാക്കി. രണ്ടാഴ്ച മുമ്പ് പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ കാട്ടാമ്പള്ളിയിൽ അഞ്ചു സെന്റ് ഭൂമി നൽകിയ ഉത്തരവും സർക്കാർ റദ്ദാക്കുകയായിരുന്നു. ജന്മനാട്ടിലെ ഭൂമി ചിത്രലേഖയുടെ സ്വന്തം പേരിലാണെന്നു കാട്ടിയാണ് ഭൂമി അനുവദിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ ഭൂമി റദ്ദാക്കിയ ഉത്തരവ് പിൻവലിക്കുന്നതുവരെ കുടിൽ കെട്ടി സമരം തുടരുമെന്നാണ് ചിത്രലേഖയുടെ നിലപാട്. പണി നടന്നു വരുന്ന വീടിനടുത്ത് ഷെഡ് കെട്ടി അതിലാണ് സമരം. കഴിഞ്ഞ ദിവസം തെരുവുനായയുടെ ജഡം വികൃതമാക്കി ചിത്രലേഖയുടെ പണിതീരാത്ത വീടിനു മുന്നിൽ കൊണ്ടിട്ട സംഭവവും ഉണ്ടായിരുന്നു. 
ഇതിനിടെ ചിത്രലേഖയുടെ ജീവനു ഭീഷണിയുണ്ടെന്നും മതിയായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷക്കായി ഒരു പോലീസുകാരനെ വീട്ടിൽ നിയമിച്ചുവെങ്കിലും ഇയാൾക്കു താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ തനിക്കു തൽക്കാലം സംരക്ഷണം വേണ്ടെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്. 
ചിത്രലേഖയുടെ വീടിന്റെ പണി പൂർത്തിയാക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് യു.ഡി.എഫ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വീടിന്റെ കോൺക്രീറ്റ് അടുത്താഴ്ചയോടെ നടത്തുമെന്നും ഇവർ അറിയിച്ചിരുന്നു.  
 

Latest News