സൗദിയിലേക്ക് പുറപ്പെട്ട ചരക്കു കപ്പല്‍ ഈജിപ്തില്‍ ചെങ്കടല്‍ തീരത്ത് കുടുങ്ങി

ജിദ്ദ- ഈജിപ്തിലെ പോര്‍ട്ട് തൗഫീഖ് തുറമുഖത്തു നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ചരക്കു കപ്പല്‍ മോശം കാലാവസ്ഥ കാരണം ഈജിപ്ഷ്യന്‍ ചെങ്കടല്‍ തീരത്ത് തന്നെ കുടുങ്ങിയതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൂയസ് ഉള്‍ക്കടലിന്റെ ആഫ്രിക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈജിപ്തിലെ ചെങ്കടലിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള റാസ് ഗരീബിലാണ് കപ്പലകപ്പെട്ടത്. കാറുകളുമായി സൗദിയിലേക്ക് പുറപ്പെട്ട കപ്പലാണ് വഴിയില്‍ കുടുങ്ങിയത്. കപ്പലുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കപ്പലിന്റെ സൗദി ഏജന്റിനെ അറിയിച്ചതായും ചെങ്കടലുമായി ബന്ധപ്പെട്ട അധികൃതരെ വിഷയം അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കപ്പലിലുണ്ടായിരുന്ന 24 ജോലിക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും അപകടമോ പരിക്കോ പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാവിഗേഷന്‍ സ്രോതസ്സുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അല്‍നവ എക്‌സ്പ്രസ് എന്ന കപ്പല്‍ റാസ് ഗരീബ് തീരത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് കുടുങ്ങിയിരിക്കുന്നത്. ചരക്കു കപ്പല്‍ 'നമ്മ ഇന്റര്‍നാഷനല്‍ എന്ന കമ്പനിയുടേതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

Latest News