Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി സ്തുതിയിൽ തോമസ് മാഷിന് രോമാഞ്ചം

മോഡി മികച്ച ഭരണാധികാരിയാണെന്നും അദ്ദേഹവുമായി സംവദിക്കുമ്പോഴാണ് താൻ കൂടുതൽ 'കംഫർട്ടബിളാ'കുന്നതെന്നും കോൺഗ്രസ് എം.പിയായ കെ.വി. തോമസ് മാഷ് പറഞ്ഞത് വൈറലാകരുതേ എന്ന പ്രാർഥനയിലാണ് കോൺഗ്രസ് ഹൈക്കമാന്റ്. പൊതുവെ ഏതെങ്കിലും പദവിയുള്ളപ്പോൾ മാത്രമാണ് കോൺഗ്രസ് നേതാക്കൾ 'കംഫർട്ടബിൾ' ആകുന്നത്. ഇല്ലാത്തപ്പോൾ പെരുകുന്ന ഉൽക്കണ്ഠ നിമിത്തം 'കംഫർട്ട് സ്റ്റേഷൻ' അന്വേഷിച്ച് അലയുന്നവരാണോ അവരെന്ന് ന്യായമായും സംശയിച്ചുപോകും. അധികാരമില്ലെങ്കിൽ നേതാക്കൾ ആന മെലിയുന്നതു പോലെയായെന്നും വരും. എന്നു കരുതി, ഉള്ള സത്യമൊക്കെയങ്ങ് വിളിച്ചുപറയാൻ തുടങ്ങിയാൽ നമ്മുടെ പാർട്ടിയുടെ ഗതിയെന്താകും?  അത് തോമസ് മാഷ് ഓർത്തില്ല, വാർധക്യം പിടികൂടിയതാകാം. അഖിലേന്ത്യാതലത്തിൽ വനിതാ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മുടികൊഴിച്ചിൽ പോലെ വ്യാപകമാണ്. 
കർണാടകത്തിലെ തേജസ്വിനി ഗൗഡയെപ്പോലുള്ള നേതാക്കൾ ബി.ജെ.പിയിൽ ചേരുമ്പോൾ പരസ്യ പ്രക്ഷേപണം ചെയ്യുന്ന ഒരു വാചകം ഇതാണ്- കോൺഗ്രസിൽ ഉയർന്നുവരാനും സീറ്റു നേടാനും സഹപ്രവർത്തകരായ പുരുഷന്മാരെ തൃപ്തിപ്പെടുത്തണം. കേട്ടാൽ തോന്നും, കോൺഗ്രസ് നിറയെ കാമദേവന്മാരാണെന്ന്! വല്ലാത്ത അപകട സന്ധിയാണ് തോമസ് മാഷേ!

 

 

 

****                             ****                  ****
വരാപ്പുഴ ഷേണായിപ്പറമ്പിൽ ശ്രീജിത്തിനെ ആള് മാറി കസ്റ്റഡിയിലെടുത്തവരാണോ, അതോ ലോക്കപ്പിൽ സൂക്ഷിച്ചവരാണോ, കൊന്നതെന്ന കാര്യം ഇനിയും തീർച്ചയായിട്ടില്ല. പക്ഷേ, ഇടിച്ചും ചവിട്ടിയും കൊന്ന ശേഷം ജഡം സൂക്ഷിച്ചത് മോർച്ചറിയിലാണെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ പോലീസ് വകുപ്പ് ഭരിക്കുന്ന പാർട്ടി തന്നെ ശ്രമിച്ചതായി വാർത്ത വന്നതു കൗതുകരമാണ്. 
നാറാണത്തു ഭ്രാന്തൻ കഷ്ടപ്പെട്ടു കല്ലുരുട്ടി മലയിൽ കയറ്റിയ ശേഷം 'ഠപ്പോ'ന്നു താഴേക്കിടുന്നതുപോലെ വകുപ്പിനെയും കേസിനെയും കൈകാര്യം ചെയ്യുവാൻ പുറത്ത് ആളുണ്ടെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ വെളിപ്പെടുത്തലിൽനിന്നും ബോധമുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്നത്. കാര്യം നിസ്സാരമല്ല, പ്രശ്‌നം ഗുരുതരമാണ്. മരിച്ച ശ്രീജിത്തും പയ്യനും കൂട്ടുകാരാണ്. കൊച്ചനു മനഃസ്സാക്ഷി മരവിക്കാനുള്ള പ്രായം ആയിട്ടില്ല. പിതാവിന് ആ പ്രായപരിധി കഴിഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും ഒരു പാർട്ടിയുടെ ബ്രാഞ്ച് നേതാവെങ്കിലും ആകാൻ കഴിയുമോ?

****                       ****               ****
സഖാവ് കാനം രാജേന്ദ്രൻ തനിക്കു വിരവമുണ്ടെന്നു തെളിയിച്ചുകൊണ്ടിരിക്കുന്നു- 'ഗുജറാത്തിലും സി.പി.ഐയും സി.പി.എമ്മും ചേർന്ന് ആറ് സീറ്റുകളിലാണ് മത്സരിച്ചത്. നമ്മൾ മോഡിയെ ചെറുക്കും എന്നു പറഞ്ഞു നടന്നാൽ ആളുകൾ ചിരിക്കും' കാര്യം ശരിയാണ്. നമ്മുടെ മുന്നണി സഹവർത്തിത്വം കണ്ടിട്ടു തന്നെ ആൾക്കാർ ചിരിയടക്കാൻ പാടപെടുന്നു! മന്ത്രി ചന്ദ്രശേഖരനെ പുകച്ചു പുറത്തു ചാടിക്കാൻ ഭൂമി കയ്യേറ്റ വിദഗ്ധരും വല്യേട്ടൻ പാർട്ടിയും, സ്വന്തം പാർട്ടിയിലെ വിഭാഗീയരും കൂടി പരിശ്രമിച്ചുപോരുന്നത് പുറത്തറിയന്തോറും നാട്ടിൽ ചിരി പൊട്ടിച്ചിരിയായി മാറുന്ന കാഴ്ച കണ്ടില്ലെന്നാരും നടിക്കേണ്ടതില്ല. 
ബി.ജെ.പിയുടെ നിലപാടുകളെ എതിർക്കുന്നവരെ അന്വേഷിച്ചു കണ്ടുപിടിച്ചു കൂട്ടുചേരാനാണെങ്കിൽ ഉലകം ചുറ്റേണ്ട കാര്യമൊന്നുമില്ല. തൽക്കാലം നമ്മുടെ മുറ്റത്തു തന്നെയുണ്ട് കോൺഗ്രസ്. (മുറ്റത്തെ മുല്ലയ്ക്ക് മണമില്ല!). അധികാരമില്ലാത്തതിനാൽ വല്ലാതെ ശോഷിച്ചു വരികയാണ്. എത്രയും വേഗം മുന്നണിയുണ്ടാക്കിയാൽ ഇരുകൂട്ടർക്കും നന്ന്. ശേഷിക്കുന്ന പിള്ളേർ പോലും കോൺഗ്രസ് വിടുമോ എന്നു ഭയന്നു കഴിയുകയാണ് ഹൈക്കമാന്റ്. അതിനാൽ അഖിലേന്ത്യാ സഖ്യം ഉടൻ വേണം. പിന്നെ സി.പി.എമ്മിന്റെ കാര്യം ഭരണം കേരളത്തിലെങ്കിലും അവശേഷിക്കുന്നതിനാൽ കോൺഗ്രസ് സഖ്യത്തിന്റെ സുഖം വേണ്ടെന്നാണ് താൽക്കാലിക നയം. ജനിച്ച നാൾ മുതൽ കോൺഗ്രസിനെ ചീത്ത പറഞ്ഞു നടക്കുകയാൽ പെട്ടെന്ന് സഖ്യത്തിനു നാവ് വഴങ്ങില്ല. തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും. മുഖം നഷ്ടപ്പെടാതെ നോക്കണമല്ലോ.

****         ****               ****


ഏതൊരു വെള്ളവും കുടിക്കാൻ കഴിയുന്ന സംസ്ഥാനമാണ് എന്റെ സ്വപ്‌നം എന്ന് പ്രസ്താവിക്കാൻ നമുക്കൊരു മുഖ്യനേ ഉണ്ടായിട്ടുള്ളൂ, സഖാവ് പിണറായി വിജയൻ. ഇത്രയും നല്ല ശീതളമായ സ്വപ്‌നം കണ്ട ഒര സാദാ മന്ത്രി പോലും നമുക്കിതേവരെ ഉണ്ടായിട്ടില്ല എന്നോർത്താൽ ആരും രോമാഞ്ച കഞ്ചുകമെടുത്ത് അണിഞ്ഞുപോകും. പിന്നെ അത് ഊരിവെയ്ക്കാൻ പോലും മടിക്കും. കാരണം, അഭിമാനം കൊണ്ട് തല ഇതോടെ വല്ലാതെ കനത്തുപോകും പക്ഷേ, കുടിവെള്ളത്തിന്റെ കാര്യം കേട്ടാൽ നടുങ്ങിപ്പോകാൻ സാധ്യത പൊതുമരാമത്തു മന്ത്രിക്കാണ്. കവിതയെഴുതുന്നതു പോലെ അത്ര എളുപ്പമുള്ള പണിയല്ല കണ്ണിൽ കണ്ട വെളളമൊക്കെ കുടിക്കുന്നത്. അങ്ങനെ ആയിരുന്നുവെങ്കിൽ പൊതുമരാമത്തു റോഡുകളിലെ ഗട്ടറുകളിലെ വെള്ളം തീർഥപാനമാകുമായിരുന്നു, ചുരുങ്ങിയ പക്ഷം കൂൾ ഡ്രിങ്കെങ്കിലും.
സങ്കൽപ സുന്ദരമായ ആ മുഖ്യമന്ത്രി വാക്യങ്ങൾ നമ്മെ എവിടെയൊക്കെ കൊണ്ടെത്തിക്കുമായിരുന്നു? ഇന്ന് ഏറ്റവും പ്രചാരം ലഭിച്ചുവരുന്ന 'പ്രകൃതിയിലേക്കു മടങ്ങൂ' എന്ന ആഹ്വാനം നടപ്പിലാക്കാൻ മറ്റൊരു പരസ്യവും വേണ്ടിവരില്ല. മനുഷ്യനും മൃഗങ്ങളും ഇഴജീവികളും ചേർന്ന സമത്വ സുന്ദരമായ ഒരു ജലപാത ആവാസ വ്യവസ്ഥ. അവിടെ ജന്മിയില്ല, കുടിയാനില്ല. 'കുടിയാ'ന്മാരുണ്ടായെന്നു വരും. അതു പാടെ തുടച്ചുനീക്കാമെന്ന് നമ്മൾ ആർക്കും വാക്കു കൊടുത്തിട്ടില്ലല്ലോ. കുടിയന്മാരെ തന്നെ 'ഗിനിപ്പന്നി'കളായി ഉപയോഗിച്ച് എവിടെയും കിട്ടുന്ന ജലത്തിന്റെ പരിശുദ്ധി പരീക്ഷിക്കുവാനും കഴിയും. മാത്രമല്ല, പൂട്ടിയിട്ട് പഴയ ബാറുകൾ പുതിയ ലൊക്കേഷനുകളിൽ മാറ്റി സ്ഥാപിക്കുമ്പോൾ അവിടെയെല്ലാം ജല ലഭ്യത ഉറപ്പു വരുത്തേണ്ടത് ഉത്തരവാദ ഭരണത്തിന്റെ കടമയുമാണ്. വെള്ളം ചേർക്കാതെ എല്ലാം കഴിക്കുവാൻ എല്ലാവർക്കും കഴിയില്ലല്ലോ. പ്രാദേശിക ടൂറിസമാണെങ്കിൽ മലവെള്ളം പോലെ പാഞ്ഞു വികസിച്ചും വരുന്നു! ജാതിരാക്ഷസനെ പേടിച്ചു ഒളിച്ചോടുന്ന മിഥുനങ്ങളും 'ലിവിംഗ് ടുഗെതർ' എന്ന പേരിൽ താമസിച്ചുപോരുന്ന തൈക്കിഴവ ജോടികളും വെള്ളം കിട്ടാതെ ഒറ്റപ്പെടാൻ പാടില്ല.
ഇത്രയും പരിഗണിത പ്രജ്ഞനായ (അർഥം എന്താണാവോ) ഒരു മുഖ്യമന്ത്രിയെയാണല്ലോ ചില 'ഇരട്ടച്ചങ്കനെന്നും', കരിങ്കൽ പീസെന്നുമൊക്കെ കളിയാക്കി സുഖിക്കുന്നത്! ഇതിനൊക്കെ പകരം ചോദിക്കാതടങ്ങുമോ…….. എന്നു തുടങ്ങുന്ന മാർച്ചിംഗ് സോംഗ് പോലും സ്വന്തമായുള്ള പ്രസ്ഥാനമാണ്; ഓർത്തോണം. അദ്ദേഹം ഒരു ' നിനൈത്തതൈ മുടിപ്പിൻ' ആയതിനാൽ കേരളം മുഴുവൻ കുഴികുത്തുമെന്നും ജലം കൊണ്ടുവരുമെന്നും നമുക്കു പ്രതീക്ഷിക്കാം. 44 നദികൾ ഉണ്ടായിട്ടെന്തു കാര്യം? ഏതെങ്കിലും കാരണവശാൽ പാരിസ്ഥിതിക പ്രശ്‌നം പറഞ്ഞ് വല്ല ബി.ജെ.പിക്കാരും ഗുലുമാലുണ്ടാക്കിയാൽ, തമിഴ്‌നാട്ടുകാർ കാവേരി പ്രശ്‌നത്തൽ കറുത്ത ബലൂണുകൾ കേന്ദ്രത്തിനെതിരെ ഉയർത്തിവിട്ടതു പോലെ, നമുക്കു ചുവന്ന ബലൂണുകൾ പറത്താം. ബലൂൺ കമ്പനിക്കാരുടെ വോട്ടും നോട്ടും കിട്ടും. ഇടതുപക്ഷത്ത് 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ' ഉണ്ടെന്ന് കേന്ദ്രത്തിനു ബോധ്യപ്പെടുകയും ചെയ്യും.

****                      ****                   ****
യു.പിയിലും കശ്മീരിലും പൈശാചികമായ ബലാത്സംഗങ്ങൾക്കും കൊലപാതകങ്ങൾക്കും ചെങ്ങന്നൂരിലെ സ്ഥാനാർഥി ഉത്തരം പറയണമെന്നു വന്നാൽ, അതിനും തയാറായിക്കഴിഞ്ഞു ബി.ജെ.പി. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ നേടിയതിനേക്കാൾ കൂടുതൽ സ്വർണ മെഡലുകൾ ഇത്തവണ ഗോൾഡ് കോസ്റ്റിൽ നിന്നും തൂത്തുവാരാൻ കഴിഞ്ഞത് മോഡിജിയുടെ ഭരണ നേട്ടമാണെന്ന് വെച്ചുകാച്ചും. മാത്രമല്ല, ഇതിലും കൂടുതൽ മെഡലുകൾ കിട്ടുമായിരുന്നു. എന്തു ചെയ്യാം. ഗെയിംസ് അവസാനിച്ചു പോയി എന്നൊരു മോഹിപ്പിക്കുന്ന  സമാധാനവും അവതരിപ്പിക്കാൻ റെഡിയാണ്.
 
****                   ****                        ****
അലക്കിത്തേച്ച, വടിവുടയാത്ത. വസ്ത്രങ്ങളും ഭാഷയുമായി അവതരിച്ചിരുന്ന കഥാപാത്രങ്ങളെ എന്നെന്നേക്കുമായി ചവിട്ടിപ്പുറത്താക്കിയിട്ട് രംഗപ്രവേശം ചെയ്ത മലയാള സിനിമകളാണ് ഇത്തവണ ദേശീയ അവാർഡുകൾ നേടിയവയെല്ലാം. സുമാനിത്തിര പോലെ വന്നുകയറിയ മലയാള സിനിമ കണ്ട് ജൂറി ചെയർമാന് കണ്ണുപുറത്തേക്ക് തള്ളിപ്പോയത്രേ! ഇനി ഫീച്ചർ ഫിലിം എടുക്കില്ല എന്ന തന്റെ സത്യപ്രതിജ്ഞ ചുരുട്ടിക്കൂട്ടി കൊട്ടയിലെറിഞ്ഞിട്ടു പടമെടുത്താലോ എന്ന് ശേഖർ കപൂർ ആലോചിക്കുന്നുവത്രേ! ഇത്രയധികം അവാർഡുകൾ മലയാളത്തിനു കിട്ടാൻ കാരണം, ജൂറിയിൽ താരതമ്യേന മലയാളികൾ ഇല്ലായിരുന്നതിനാലാണെന്ന് ഒരു സരസൻ പറഞ്ഞുകേട്ടു. ഒരു പാവം വിനോദ് മങ്കര മാത്രമായിരുന്നു അതിൽ.
നമ്മുടെ പരമ്പരാഗതമായുള്ള പാരവെയ്പിനെക്കുറിച്ചായിരുന്നു സരസൻ സൂചിപ്പിച്ചത്. ശരിയാണോ ആവോ!

Latest News