Sorry, you need to enable JavaScript to visit this website.

സംഭാവനകൾക്കുള്ള മിനിമം പരിധി ഇഹ്‌സാൻ പ്ലാറ്റോഫോം റദ്ദാക്കി

റിയാദ്- 'തയസ്സറത്', 'ഫുരിജത്' സേവനങ്ങൾക്ക് സംഭാവനകൾ നൽകാനുള്ള മിനിമം പരിധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഇഹ്‌സാൻ പ്ലാറ്റോഫോം എടുത്തുകളഞ്ഞു. ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വെബ്‌സൈറ്റും ആപ്പും വഴി ഇരുസേവനങ്ങൾക്കും ഒരു റിയാൽ മുതലുള്ള സംഖ്യകൾ ഇനി മുതൽ സംഭാവന ചെയ്യാൻ സാധിക്കും. സഹായം ഏറ്റവും ആവശ്യമുള്ള കേസുകൾക്ക് തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് സംഭാവനകൾ നൽകാൻ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും സൗകര്യമൊരുക്കാനും ഉദാരതാ മൂല്യങ്ങൾ വർധിപ്പിക്കാനും ശ്രമിച്ചാണ് സംഭാവനകൾക്കുള്ള മിനിമം പരിധി ഇഹ്‌സാൻ പ്ലാറ്റോഫോം എടുത്തുകളഞ്ഞത്. 
വായ്പകൾ തിരിച്ചടക്കാൻ സാധിക്കാത്ത, ഇത്തരം കേസുകളിൽ കോടതികൾ വിധികൾ പ്രസ്താവിച്ച സൗദി പൗരന്മാരുടെ കടങ്ങൾ വീട്ടാൻ ആവശ്യമായ സംഭാവനകൾ നൽകാൻ അവസരമൊരുക്കുന്ന സേവനമാണ് 'തയസ്സറത്'. സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരുടെ സാമ്പത്തിക ബാധ്യതകൾ വീട്ടി ജയിൽ മോചനം സാധ്യമാക്കാൻ ആവശ്യമായ സംഭാവനകൾ നൽകാൻ അവസരമൊരുക്കുകയാണ് 'ഫുരിജത്' സേവനം ചെയ്യുന്നത്. 


'തയസ്സറത്' സേവനം പ്രകാരം ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിൽ പരസ്യപ്പെടുത്തുന്ന കേസുകളിൽ സംഭാവനകൾ നൽകാനുള്ള മിനിമം പരിധി 50 റിയാലും 'ഫുരിജത്' സേവനത്തിൽ സംഭാവനകൾ നൽകാനുള്ള മിനിമം പരിധി 10 റിയാലുമായിരുന്നു. ഇതാണിപ്പോൾ എടുത്തുകളഞ്ഞ് മിനിമം പരിധി ഒരു റിയാലാക്കി മാറ്റിയിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിത്തത്തിന്റെ അടിത്തറ വികസിപ്പിക്കാനും തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച സംഖ്യകൾ സംഭാവനകൾ നൽകാൻ ഉദാരമതികൾക്ക് അവസരമൊരുക്കാനും ശ്രമിച്ചാണ് മിനിമം പരിധികൾ എടുത്തുകളഞ്ഞത്. 
സൗദിയിൽ ജീവകാരുണ്യ പ്രവർത്തന മേഖലയെ ഡിജിറ്റലായി മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗങ്ങളും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ഇഹ്‌സാൻ പ്ലാറ്റ്‌ഫോം തുടരുന്നു. സംഭാവന നൽകൽ പ്രക്രിയ എളുപ്പമാക്കുകയും വേഗത്തിലാക്കുകയും, വിശ്വാസയോഗ്യമായും സുതാര്യമായും ഗുണഭോക്താക്കൾക്ക് സംഭാവനകൾ എത്തിക്കുകയുമാണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോം ചെയ്യുന്നത്. 2021 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ശേഷം ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴി 253.4 കോടിയിലേറെ റിയാൽ സംഭാവനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം 48.6 ലക്ഷത്തിലേറെ പേർക്ക് ലഭിച്ചു. 
ധനസഹായത്തിനുള്ള വ്യക്തികളുടെ അപേക്ഷകൾ പ്ലാറ്റ്‌ഫോം നേരിട്ട് സ്വീകരിക്കില്ല. ഔദ്യോഗിക വകുപ്പുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് പ്ലാറ്റ്‌ഫോം ധനസഹായ വിതരണം നടത്തുന്നത്. ധനസഹായം ആവശ്യമുള്ളവരെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന പക്ഷം സന്നദ്ധ സംഘടനകളുമായോ ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായോ ആശയവിനിമയം നടത്തുകയാണ് വേണ്ടത്. 


പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന സംഭാവനകളിൽ 99 ശതമാനവും സൗദി അറേബ്യക്കകത്താണ് ചെലവഴിക്കുന്നത്. ഒരു ശതമാനം സംഭാവനകൾ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്ററുമായി സഹകരിച്ച് വിദേശങ്ങളിൽ ചെലവഴിക്കുന്നു. തങ്ങൾ സംഭാവന നൽകാൻ ആഗ്രഹിക്കുന്ന കേസുകളുടെ വിശദാംശങ്ങൾ ഉദാരമതികൾക്ക് പരിശോധിക്കാൻ പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിലാണ് സഹായങ്ങൾക്ക് അർഹമായ കേസുകൾ തെരഞ്ഞെടുക്കുന്നത്. 
സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൗദി സെൻട്രൽ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഏജൻസി, ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി എന്നിവ ഉൾപ്പെട്ട കമ്മിറ്റിയാണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾക്ക് നേൽനോട്ടം വഹിക്കുന്നത്. 

Tags

Latest News