പ്രൊഫൈല്‍ പിക്ചര്‍ മാറ്റാതിരുന്ന ആര്‍. എസ്. എസിനും ഒടുവില്‍ ത്രിവര്‍ണ പതാകയാക്കേണ്ടി വന്നു

ന്യൂദല്‍ഹി- ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി പ്രൊഫൈല്‍ പിക്ചറുകള്‍ ത്രിവര്‍ണ പതാകയായപ്പോള്‍ ഒരു മാറ്റവും വരുത്താതിരുന്ന ആര്‍. എസ്. എസിന് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പിറകേ മാറ്റം വരുത്തേണ്ടി വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ എല്ലാവരും പ്രൊഫൈല്‍ പിക്ചര്‍ ദേശീയ പതാകയാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ആര്‍. എസ്. എസ് അത് ആദ്യം മുഖവിലക്കെടുത്തിരുന്നില്ല. 

വിമര്‍ശനങ്ങളും പരിഹാസങ്ങളും രൂക്ഷമായതിന് പിന്നാലെയാണ് പ്രൊഫൈല്‍ പിക്ചര്‍ മാറ്റാന്‍ ആര്‍. എസ്. എസ് നിര്‍ബന്ധിതരായത്. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി ത്രിവര്‍ണ പതാകയാക്കിയിട്ടും ആര്‍. എസ്. എസിന് കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആര്‍.എസ്.എസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എല്ലാവരും രാജ്യസ്നേഹത്തിന്റെ ഭാഗമായി ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്നായിരുന്നു മോഡി ആവശ്യപ്പെട്ടത്.  മന്‍ കി ബാത്ത് പരിപാടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. പക്ഷേ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍. എസ്. എസ് പ്രൊഫൈലുകള്‍ മാത്രം ചിത്രം മാറ്റിയിരുന്നില്ല.

ദേശീയപതാകയോട് തുടരുന്ന എതിര്‍പ്പിന്റെ ഭാഗമാണിതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. 52 വര്‍ഷമായി ദേശീയപതാക ഉയര്‍ത്താന്‍ തയ്യാറാകാത്ത ദേശവിരുദ്ധ സംഘടനയില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ 'ഹര്‍ ഘര്‍ തിരംഗ' മുദ്രാവാക്യം മുഴക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയതിന് പിന്നാലെ ആര്‍. എസ്. എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശവും പുറത്തുവന്നു. എല്ലാവരും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കണമെന്നാണ് സന്ദേശത്തില്‍ ഭഗവത് പറയുന്നത്. എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തി രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഗ്പൂരിലുള്ള ആര്‍. എസ്. എസ് ആസ്ഥാനത്ത് രണ്ട് പ്രാവശ്യം മാത്രമാണ് ഇതുവരെ ദേശീയപതാക ഉയര്‍ത്തിയത്. 1947 ആഗസ്റ്റ് 14നും 1950 ജനുവരി 26നുമായിരുന്നു ഇത്. പിന്നീട് 2001 ജനുവരി 26 വരെ ഇവിടെ പതാക ഉയര്‍ത്തിയിരുന്നില്ല. 2001ല്‍ രാഷ്ട്രപ്രേമി യുവാദള്‍ എന്ന സംഘടനയില്‍ അംഗങ്ങളായ മൂന്നുപേര്‍ വന്ന് ബലപ്രയോഗത്തിലൂടെ പതാക ഉയര്‍ത്തുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും 2013ല്‍ മോചിപ്പിക്കുകയും ചെയ്തു.

ബി. ജെ. പി പ്രവര്‍ത്തകരെല്ലാം ത്രിവര്‍ണപതാകയുടെ ചിത്രം തെരഞ്ഞെടുത്തപ്പോള്‍ ജവഹര്‍ ലാല്‍ നെഹ്റു ദേശീയ പതാക വീശുന്ന ചിത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രൊഫൈല്‍ പിക്ചര്‍. നേരത്തെ മുന്‍നിര ബി. ജെ. പി പ്രവര്‍ത്തകര്‍ പോലും പ്രൊഫൈല്‍ പിക്ചര്‍ മാറ്റാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നിരുന്നു.

പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയല്ല രാജ്യത്തോട് സ്നേഹം കാണിക്കേണ്ടതെന്നും മോദിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനാധിപത്യ രാജ്യത്ത് സ്വാതന്ത്ര്യ ദിനം എങ്ങനെ ആഘോഷിക്കണം എന്ന് പറഞ്ഞു തരുന്ന അവസ്ഥയുണ്ടാകുന്നതിലെ വൈരുധ്യവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Tags

Latest News