Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

ബിഹാർ മറ്റൊരു ജനാധിപത്യ പോരാട്ടത്തിലേക്കോ...

ഫാസിസത്തിന്റെ നാളുകളാണ് മുന്നിലെന്ന ഭീതി നിലനിൽക്കുമ്പോഴും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികമാഘോഷിക്കുമ്പോൾ രാഷ്ട്രീയ പ്രതീക്ഷ നൽകുന്ന വാർത്ത വരുന്നത് ബിഹാറിൽ നിന്നാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് അടിയന്തരാവസ്ഥയുടെ കാലത്തും പ്രതീക്ഷ നൽകിയതും താൽക്കാലികമായിട്ടാണെങ്കിലും പ്രതീക്ഷകൾ സാക്ഷാൽക്കരിച്ചതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുടെ തുടക്കവും ഇന്ത്യയിലെ സോഷ്യലിസ്റ്റ രാഷ്ട്രീയത്തിന്റെ കളരിയായ ബിഹാറിൽ നിന്നു തന്നെയായിരുന്നു. ആ ചരിത്രം ഇനിയും ആവർത്തിക്കുമോ എന്നാണ് ജനാധിപത്യവാദികൾ പ്രതീക്ഷയോടെ നോക്കുന്നത്. 
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചെയ്തത് ജനാധിപത്യപരമായ നടപടിയാണോ എന്ന ചോദ്യം ന്യായം തന്നെയാണ്. എന്നാൽ ഏറ്റവും ഭീകരമായ ജനാധിപത്യ ധ്വംസനത്തെ തടയാനാണ് അദ്ദേഹമതിനു തയാറായത് എന്നത് കാണാതിരിക്കാനാവില്ല. ഓരോ സംസ്ഥാനങ്ങളിലായി എന്തു ഹീനമായ മാർഗമുപയോഗിച്ചും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്ന നടപടിയാണല്ലോ കേന്ദ്ര സർക്കാരും സംഘപരിവാറും ചെയ്തുകൊണ്ടിരിക്കുന്നത്. അതിനായി എം.എൽ.എമാരെ വിലക്കു വാങ്ങാനും പാർട്ടികളെ പിളർക്കാനും നേതാക്കളെ കള്ളക്കേസുകളിൽ പെടുത്താനുമൊന്നും അവർക്ക് മടിയില്ലല്ലോ. മഹാരാഷ്ട്രക്കു ശേഷം അത്തരമൊരു പരിപാടി ബിഹാറിലും ആവർത്തിക്കാനായിരുന്നു ബി.ജെ.പി നീക്കമെന്നതു വ്യക്തം. അതു തിരിച്ചറിഞ്ഞ് ഒരു മുഴം മുമ്പെ എറിയുകയാണ് നിതീഷ് ചെയ്തത്. 


ബിഹാറിലെ ഈ സംഭവ വികാസങ്ങൾക്ക് അഖിലേന്ത്യ തലത്തിൽ തന്നെ വലിയ മാനങ്ങളാണുള്ളത്. ദിനംപ്രതി ആത്മവീര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിനു ഇതു നൽകുന്ന ഊർജം ചെറുതല്ല. സോണിയ ഗാന്ധിയടക്കമുള്ളവരെ കേസിൽ കുടുക്കി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനും തകർക്കാനുമുള്ള നീക്കം ശക്തമായിരിക്കുമ്പോഴാണ് ഈ സംഭവ വികാസങ്ങൾ എന്നതാണ് പ്രധാനം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കും തോറും പ്രതിപക്ഷത്തെ തകർക്കാനും ഭിന്നിപ്പിക്കാനും അതിലൂടെ വൻ ഭൂരിപക്ഷം നേടി തങ്ങളുടെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുമുള്ള നീക്കങ്ങൾക്കിടയിലാണ് ഇത്തരമൊരു തിരിച്ചടി സംഘപരിവാറിന് ഏറ്റിരിക്കുന്നത്. അതാകട്ടെ ബിഹാറിൽ നിന്നാണെന്നത് അവർക്ക് ആശങ്ക നൽകുന്നു.


ഇന്ത്യയിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലാണ് ബിഹാർ. ഇന്ന് ആ രാഷ്ട്രീയം ഛിന്നഭിന്നമായി കിടക്കുകയാണെങ്കിലും അതിന്റെ അന്തർധാരകൾ സജീവം തന്നെയാണ്. അടിയന്തരാവസ്ഥക്കാലത്ത് രാജ്യം മുഴുവൻ തന്റെ പിടിയിലമർന്നെന്നു കരുതി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച സംസ്ഥാനം ബിഹാറായിരുന്നല്ലോ. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജനത പാർട്ടിയുടെ ഉദയവും തെരഞ്ഞെടുപ്പു വിജയവും ഒരർത്ഥത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരമായിരുന്നു. പിന്നീടുണ്ടായ സംഭവ വികാസങ്ങൾ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു എന്നതു മറന്നല്ല ഇതു പറയുന്നത്. ഇന്നാകട്ടെ അന്നത്തേക്കാൾ എത്രയോ ഭയാനകമായ രീതിയിലാണ് ഫാസിസം നമുക്കു മുന്നിലെത്തിയിരിക്കുന്നത്. ഒരിക്കൽ കൂടി ബിഹാർ, കാലത്തിന്റെ വിളി കേൾക്കുമോ എന്നതു തന്നെയാണ് ചോദ്യം. 


മുൻ ജനതാദൾ 'പരിവാർ' രാജ്യത്ത് ഒരു രാഷ്ട്രീയ ബദലായി വീണ്ടും ഉയർന്നുവരും എന്ന പ്രതീക്ഷയാണ് ബിഹാർ നൽകുന്നതെന്ന മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ വാക്കുകളാണ് ഇവിടെ ഏറെ പ്രസക്തമാകുന്നത്. ഏറെക്കാലം വിപരീത ധ്രുവങ്ങളിൽ നിന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവും (ജനതാദൾ യുനൈറ്റഡ്) ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും (രാഷ്ട്രീയ ജനതാദൾ) സർക്കാർ രൂപീകരിക്കാൻ ഒരുമിച്ചതിനെ കുറിച്ചാണ് ദേവഗൗഡയുടെ പ്രതികരണം. ജനതാദൾ പരിവാർ ഒരു കുടക്കീഴിലായിരുന്ന നാളുകളെക്കുറിച്ചാണ് ഇത് തന്നെ ചിന്തിപ്പിച്ചതെന്നും ആ ദിനങ്ങൾ തിരിച്ചുവരാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. 


അടിയന്തരാവസ്ഥയെ എതിർത്തിരുന്ന വിവിധ പാർട്ടികൾ ചേർന്നാണല്ലോ അന്ന് ജനത പാർട്ടി രൂപീകരിച്ചത്. അത്തരത്തിൽ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കുന്നവർക്ക് അടുത്ത തെരഞ്ഞെടുപ്പിനു മുമ്പെ ഒരു കുടക്കീഴിൽ എത്താനാവുമോ എന്നതാണ് ഇന്നത്തെ രാഷ്ട്രീയ ചോദ്യം. അന്തഃഛിദ്രങ്ങളെ തുടർന്ന് 1980 ൽ അധികാരത്തിൽ നിന്ന് പുറത്തു പോകേണ്ടി വരികയും കാലക്രമത്തിൽ പല പാർട്ടികളായി പിരിയുകയും ചെയ്‌തെങ്കിലും ജനത പാരമ്പര്യം പിന്തുടരുന്ന വിവിധ രാഷ്ട്രീയ കക്ഷികൾ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാണ്. അവയിൽ പ്രമുഖമായ രണ്ടെണ്ണമാണ് ഇപ്പോൾ ഒന്നിച്ചിരിക്കുന്നത്. അതിനിയും വികസിക്കുകയും പഴയ ജനത പരിവാർ ഒന്നിക്കുകയും കോൺഗ്രസും പ്രാദേശിക പാർട്ടികളുമായി ഐക്യപ്പെടുകയും ചെയ്താൽ 1977 ആവർത്തിക്കില്ല എന്നു പറയാനാവില്ല. അന്നത്തെ ജയപ്രകാശ് നാരായണാകാൻ നിതീഷ് കുമാറിനാവുമോ എന്ന ചോദ്യത്തിനു പ്രസക്തിയൊന്നുമില്ലെങ്കിലും വിശാലമായ ഒരു ഐക്യത്തിന്റെ സാധ്യത ഉരുത്തിരിഞ്ഞു വരുന്നുണ്ട്. 


1974 മുതൽ 1977 വരെ ജയപ്രകാശ് നാരായണിന്റെ കൂടെ സോഷ്യലിസ്റ്റ് മൂവ്‌മെന്റിൽ പ്രവർത്തിച്ചു തന്നെയാണ് നിതീഷ് കുമാർ രംഗത്തു വന്നത്.  1977 ൽ ജനത പാർട്ടിയിൽ അംഗമായി. 1996 വരെ സോഷ്യലിസ്റ്റ് ചേരിയിൽ നിന്ന അദ്ദേഹം പിന്നീട് എൻ.ഡി.എയിലേക്കു പോയി. 2013 വരെ എൻ.ഡി.എ മുന്നണിയിൽ അംഗമായിരുന്നു. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് എൻ.ഡി.എ വിട്ട് യു.പി.എയിൽ ചേർന്നു. 2015 ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവുമായി മഹാഗഡ്ബന്ധൻ സഖ്യമുണ്ടാക്കി അധികാരത്തിലെത്തി.  2017 ൽ വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു. ഇപ്പോഴിതാ ആർ.ജെ.ഡിയുമായി ചേർന്ന് വീണ്ടും മുഖ്യമന്ത്രിയായിരിക്കുന്നു. തീർച്ചയായും തുടർച്ചയായ ഈ കൂറുമാറ്റം നിതീഷിനു നെഗറ്റീവ് മാർക്ക് നൽകിയിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ യഥാർത്ഥ ഹീറോ ഒരിക്കലും ഹിന്ദുത്വവാദികൾക്കു മുന്നിൽ മുട്ടുമടക്കാതിരുന്ന, അദ്വാനിയുടെ രഥയാത്ര തടയാൻ ധൈര്യം കാണിച്ച ലാലുപ്രസാദ് യാദവ് തന്നെയാണ്. അദ്ദേഹത്തിന്റെ പാതയിൽ തന്നെയാണ് മകൻ തേജസ്വി യാദവും. നിതീഷും തേജസ്വിയും ഒന്നിക്കുന്നത് തീർച്ചയായും പ്രതീക്ഷ നൽകുന്ന നീക്കം തന്നെയാണ്.
ആർ.ജെ.ഡിക്കും ജെ.ഡി.യുവിനുമൊപ്പം കോൺഗ്രസും ഇടതു പാർട്ടികളും ഒന്നിക്കുന്നു എന്നതാണ് ബിഹാർ നൽകുന്ന സന്ദേശം. ഈ മാതൃക പിന്തുടരാവുന്ന നിരവധി സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. അവിടങ്ങളിലെ പ്രാദേശിക പാർട്ടികളും കോൺഗ്രസും ഇടതു പാർട്ടികളും ഒന്നിച്ചാൽ ബി.ജെ.പിക്കു അതിശക്തമായ പ്രതിരോധമുയർത്തുക മാത്രമല്ല, അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും കഴിയുമെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പും അതിനു ശേഷം നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പുകളും നൽകുന്ന സൂചന. പക്ഷേ പ്രശ്‌നം പണ്ട് ജനത പാർട്ടിയെ തകർക്കാൻ പ്രധാന കാരണമായ അധികാരത്തിനായുള്ള വടംവലിയുടേതു തന്നെയാണ്. ഓരോ സംസ്ഥാനത്തും ഇത്തരത്തിലുള്ള മഹാസഖ്യം രൂപപ്പെട്ടാലും സീറ്റ് വിഭജനം മുതൽ പ്രധാനമന്ത്രി സ്ഥാനം വരെ തർക്കവിഷയമാകുമെന്നുറപ്പ്. അതാണ് ബി.ജെ.പിയുടെ ധൈര്യവും. 
ഇപ്പോൾ തന്നെ പ്രധാനമന്ത്രി സ്ഥാനം കിനാവു കാണുന്ന പല സംസ്ഥാന മുഖ്യമന്ത്രിമാരുമുണ്ട്. ആ ലിസ്റ്റിലേക്ക് ഇപ്പോൾ നിതീഷ് കുമാറും എത്തിയിരിക്കുന്നു. മറുവശത്ത് കോൺഗ്രസും ന്യായമായും അതാഗ്രഹിക്കുമല്ലോ. ഈ തർക്കവും സീറ്റ് വിഭജനവുമായിരിക്കും ഇത്തരമൊരു മുന്നേറ്റത്തിനു തടസ്സമാകുക എന്നുറപ്പ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പോലും ഒന്നിച്ചു നിൽക്കാനവർക്കായില്ല എന്നതും മറക്കാറായിട്ടില്ലല്ലോ. അവശേഷിക്കുന്ന ചോദ്യം അപ്പോൾ ഒന്നു മാത്രമാണ്. മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ഒന്നിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയാറാകുമോ എന്നതു തന്നെ. ഈ ചോദ്യത്തിന്റെ ഉത്തരത്തിലാണ് ഇന്ത്യയുടെ ഭാവി നിർവചിക്കപ്പെടാൻ പോകുന്നത്. ബിഹാർ നൽകുന്ന ആവേശത്തിലെങ്കിലും പോസിറ്റിവ് ആയി ഈ ചോദ്യത്തോട് പ്രതികരിക്കാൻ പ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും ശ്രമിക്കുമെന്നും ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടുമെന്നും വിശ്വസിക്കാനാണ് ഈ നിർണായക സമയത്ത് ഏതൊരു ജനാധിപത്യവാദിയും ഇഷ്ടപ്പെടുക. 

Latest News