പതാക ഘോഷയാത്രക്കിടെ പശു കുത്തി മുന്‍ ഉപമുഖ്യമന്ത്രിക്ക് പരിക്ക്

കാഡി- ഗുജറാത്തില്‍ തിരംഗ യാത്രക്കിടെ മുന്‍ ഉപ മുഖ്യമന്ത്രിക്ക് പശു കുത്തിയതിനെ തുടര്‍ന്ന് പരിക്ക്. കാഡി ടൗണിലാണ് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ അലഞ്ഞുതരിയുന്ന പശു ആക്രമിച്ചത്. ഇടതു കാലിനെ നേരിയ പൊട്ടലുണ്ടെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. വിജയ് രൂപാണി നേതൃത്വം നല്‍കിയിരുന്ന മുന്‍ സംസ്ഥാന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന നിതിന്‍ പട്ടേല്‍ ആരോഗ്യ വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഹ്‌സാന ജില്ലയിലെ കാഡിയില്‍ ബി.ജെ.പി സംഘടിപ്പിച്ച പതാക ഘോഷയാത്രയില്‍ ധാരാളം പേര്‍ പങ്കെടുത്തിരുന്നുവെന്ന് പട്ടേല്‍ അഹമ്മദാബാദിലെ വസതിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പശു പട്ടേലിനുനേരെ പാഞ്ഞടുക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്ടേലിന്റെ സഹായത്തിനെത്തുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സി.ടി സ്‌കാനും എക്‌സ്‌റേയും എടുത്തു. തുടര്‍ന്നാണ് കാലില്‍ ചെറിയ പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്. അടുത്ത 20-25 ദിവസം വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

 

Latest News