റിയാദ് - വിനോദ സഞ്ചാര യാത്രക്കിടെ ഓസ്ട്രിയയിൽ ട്രെയിൻ കാറിൽ ഇടിച്ച് മരണപ്പെട്ട സൗദി അധ്യാപകൻ അബ്ദുൽ ഇലാഹ് ബിൻ അബ്ദുല്ല അൽഹസനിയക്കും പിഞ്ചുമകൻ അബ്ദുൽ അസീസിനും സ്വദേശത്ത് നിത്യനിദ്ര. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടുകാരും അടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അൽമഹാല ഖബർസ്ഥാനിൽ മയ്യിത്തുകൾ മറവു ചെയ്തു. 35 കാരനായ അധ്യാപകന്റെ ഭാര്യയും രണ്ടു മക്കളും ദിവസങ്ങൾക്കു മുമ്പ് സ്വദേശത്ത് തിരിച്ചെത്തിയിരുന്നു. പിന്നീട് നടപടിക്രമങ്ങൾ പൂർത്തിയാക്കി അബ്ദുൽ ഇലാഹ് അൽഹസനിയയുടെയും മകൻ അബ്ദുൽ അസീസിന്റെയും മയ്യിത്തുകൾ വിമാന മാർഗം സ്വദേശത്ത് എത്തിച്ചു.
ദുരന്തത്തിനു ശേഷം ഓസ്ട്രിയയിലെ സൗദി എംബസി നൽകിയ പിന്തുണക്കും സഹായങ്ങൾക്കും അബ്ദുൽ ഇലാഹ് അൽഹസനിയയുടെ കുടുംബവും ഗോത്രവും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഓസ്ട്രിയയിലെ സൗദി അംബാസഡർ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരനും നന്ദി പറഞ്ഞു.
സൗദി അധ്യാപകൻ അബ്ദുൽ ഇലാഹ് അൽഹസനിയയും കുടുംബവും സഞ്ചരിച്ച കാർ ഓസ്ട്രിയയിൽ റെയിൽവെ ക്രോസിംഗ് മുറിച്ചുകടക്കുന്നതിനിടെ റെയിൽ പാളത്തിൽ കുടുങ്ങുകയായിരുന്നു. പാളത്തിൽ കുടുങ്ങിയ കാറിൽ നിന്ന് ഭാര്യയെയും രണ്ടു മക്കളെയും യുവാവ് സുരക്ഷിതമായി പുറത്തെത്തിച്ചു. കാറിൽ കുട്ടികൾക്കുള്ള പ്രത്യേക (ബേബി) സീറ്റിൽ ഇരുത്തിയ പിഞ്ചു മകനെ കൂടി രക്ഷിക്കാൻ തിരികെ എത്തിയ സമയത്താണ് ട്രെയിൻ കാറിൽ ഇടിച്ചത്. അപകടത്തിൽ ഇരുവരും മരണപ്പെടുകയായിരുന്നു.
അവധിക്കാലം ചെലവഴിക്കാൻ കുടുംബ സമേതം ഓസ്ട്രിയയിൽ എത്തിയതായിരുന്നു അധ്യാപകൻ. ഓസ്ട്രിയയിലെ ടൈറോൾ സംസ്ഥാനത്തെ സെന്റ് ജോഹാൻ നഗരത്തിലെ ഈഗർ ക്രോസിംഗിലാണ് അപകടം. കിട്‌സ്ബുഹലിൽ നിന്ന് സെന്റ് ജോഹാനിലേക്ക് വരികയായിരുന്ന ട്രെയിനാണ് സൗദി കുടുംബത്തിന്റെ കാറിൽ ഇടിച്ചത്.
അപകടത്തിൽ ബാലൻ തൽക്ഷണം മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ സെന്റ് ജോഹാനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 34 കാരിയായ ഭാര്യയും ഏഴും പതിനൊന്നും വയസും വീതമുള്ള മക്കളും അപകടത്തിൽ രക്ഷപ്പെടുകയായിരുന്നു.