വരികൾ ദുർവ്യാഖ്യാനം ചെയ്തു, പരാമർശങ്ങൾ പിൻവലിക്കുന്നുവെന്ന് കെ.ടി ജലീൽ

ന്യൂദൽഹി- യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടയാക്കിയെന്നും അവ പിൻവലിക്കുന്നുവെന്നും മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എം.എൽ.എ. ഫെയ്‌സ്ബുക്കിലൂടെയാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. 
ജലീലിന്റെ വാക്കുകൾ:

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ  ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. 
നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയിൽ പെട്ടു.  ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം  ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു. 
ജയ് ഹിന്ദ്.

കശ്മീർ സന്ദർശത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിൽ ആസാദി കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ വാക്കുകളും വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. ദൽഹി പോലീസിൽ ജലീലിനെതിരെ പരാതിയും നൽകി. ഈ സഹചര്യത്തിലാണ് ജലീൽ വിശദീകരണവുമായി രംഗത്തെത്തിയത്. 

Latest News