പി.എം.എ സലാമിനെതിരെ ആരോപണവുമായി എം.എസ്.എഫ് മുന്‍ നേതാവ്

കല്‍പറ്റ-മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാമിനേതിരേ ഗുരുതര ആരോപണവുമായി എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജല്‍. പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമായി  തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസില്‍  വ്യാജ രേഖകള്‍ ചമച്ച് കല്‍പറ്റ മുനിസിഫ് കോടതിയെ കബളിപ്പിക്കാന്‍ പി.എം.എ.സലാം ശ്രമിക്കുകയാണെന്നു ഷൈജല്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ആക്ടിംഗ് ജനറല്‍ സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തയാറാകണമെന്നു ആവശ്യപ്പെട്ടു.
ഹരിത വിഷയത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെടുത്തി അച്ചടക്കലംഘനം ആരോപിച്ചും നടപടിക്രമങ്ങള്‍ പാലിക്കാതെയും 2021 ഡിസംബര്‍ മൂന്നിനു പാര്‍ട്ടി നേതൃത്വം തന്നെ പുറത്താക്കി. നടപടി പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെയാണ് അറിഞ്ഞത്. വാര്‍ത്ത മറ്റു മാധ്യമങ്ങളിലും വന്നു. നോട്ടീസ് നല്‍കാതെയും വിശദീകരണം തേടാതെയും പുറത്താക്കിയതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ പാര്‍ട്ടി നടപടി കല്‍പറ്റ മുനിസിഫ് കോടതി സ്റ്റേ ചെയ്തു. പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്ത സഹിതമായിരുന്നു ഹര്‍ജി. പാര്‍ട്ടി നടപടി കോടതി സ്‌റ്റേ ചെയ്തപ്പോള്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു അധികാരമില്ലെന്നാണ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്. എന്നാല്‍ കോടതിയില്‍ ഈ വാദം ഉന്നയിക്കാതെ പാര്‍ട്ടിയുടെ ഭാഗം പറയാന്‍ സമയം വേണമെന്നാണ് പി.എം.എ.സലാം അഭ്യര്‍ഥിച്ചത്. 
പാര്‍ട്ടി നേതൃത്വത്തിന്റേതായി ഷോ കോസ് നോട്ടീസ് മാര്‍ച്ച് ഏഴിനു ലഭിച്ചു. അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ പുറത്താക്കുമെന്നായിരുന്നു നോട്ടീസില്‍. ഒരിക്കല്‍  പാര്‍ട്ടി പുറത്താക്കിയ തനിക്കു മൂന്നു മാസത്തിനുശേഷമാണ് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന നോട്ടീസ് ലഭിച്ചത്. ഫെബ്രുവരി 28 തീയതിവെച്ച്  തയാറാക്കിയതാണ്  നോട്ടീസ്. ജൂലൈ 18നു കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാനം അനുസരിച്ചു തന്നെ പുറത്താക്കിയതായുള്ള അറിയിപ്പ് അടുത്തിടെയാണ്  താപാലില്‍ ലഭിച്ചത്. 2021 നവംബര്‍  29നു പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചുകയറി നിയോജകമണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സക്കീറിനെയും മറ്റു നേതാക്കളെയും ആക്രമിച്ചതിനും അപമാനിച്ചതിനും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നുവെന്നായിരുന്നു അറിയിപ്പില്‍.  പാര്‍ട്ടി നേതൃത്വം തനിക്കു അയച്ച ഷോ കോസ് നോട്ടീസും സംസ്ഥാന സമിതി തീരുമാന പ്രകാരം പുറത്താക്കിയതായുള്ള അറിയിപ്പും മുനിസിഫ് കോടതിയിലെ കേസ് അനുകൂലമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതുമുതല്‍ പി.എം.എ.സലാം മുസ്‌ലിം ലീഗിനെ പ്രതിസന്ധിയിലേക്കു തള്ളുകയാണെന്നും ഷൈജല്‍ പറഞ്ഞു. 

Latest News