ന്യൂദല്‍ഹി- പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് കൊല്‍ഹെ (54)യെ കൊലപ്പെടുത്തിയ കേസില്‍ പത്താമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. 28 കാരനായ ശൈഖ് ശക്കീലാണ് അറസ്റ്റിലായത്.
കൊല്‍ഹെയെ കൊലപ്പെടുത്തുന്നതിന് നടത്തിയ ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തയാളാണ് ശക്കീലെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ നേരത്തെ ഒമ്പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. നൂപര്‍ ശര്‍മയെ പിന്തുണച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട കൊല്‍ഹെ ജൂണ്‍ 21 നാണ് കൊല്ലപ്പെട്ടത്.
ബി.ജെ.പി നേതാക്കളായ നൂപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ പിന്തുണക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് എന്‍.ഐ.എ എഫ്.ഐ.ആറില്‍ പറയുന്നു.






