ലഖ്‌നൗ- യുവാവിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നും പുറത്തറിയുമെന്ന് ഭയന്നാണ് മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ടതെന്നും ഭാര്യ മൊഴി നല്‍കി. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വസിക്കുന്നില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ഗോവിന്ദ് സിങ് (30) എന്ന കര്‍ഷകന്റെ മൃതദേഹമാണ് ഭാര്യ ശില്‍പ(27) കുഴിച്ചു മൂടിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഗോവിന്ദിന്റെ സഹോദരന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം പുറത്തെടുത്തത്.
ഈ മാസം ഏഴിന് തന്നോടു വഴക്കിട്ട ഭര്‍ത്താവ് തൂങ്ങിമരിച്ചുവെന്നാണ് ശില്‍പ പോലീസിനോടു പറഞ്ഞത്. വിവരം പുറത്തറിയുമെന്നു ഭയന്നാണ് താന്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടതെന്നും കുട്ടികള്‍ക്കൊന്നും ഇതേക്കുറിച്ച് അറിയില്ലെന്നും ശില്‍പ പോലീസിനോടു പറഞ്ഞു.
എന്നാല്‍, ശില്‍പയുടെ മൊഴിയില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹം കുഴിച്ചിടുന്നതിനായി ശില്‍പ മറ്റാരുടെയോ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.






