കതുവ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ 10 ലക്ഷം വീതം നല്‍കണം 

ന്യൂദല്‍ഹി- ജമ്മുവിലെ കതുവയില്‍ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങള്‍ പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവായി. ഇക്കാര്യത്തില്‍ നോട്ടീസ് ലഭിച്ച മാധ്യമ സ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ വീതം ഹൈക്കോടതിയില്‍ അടയ്ക്കാനാണ് ഉത്തരവ്. കോടതി ഈ തുക ജമ്മു കശ്മീരിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടിലേക്ക് കൈമാറും. ബലാത്സംഗ ഇരകളുടെ പേരുകള്‍ വെളിപ്പെടുത്തുന്നവര്‍ക്ക് ആറ് മസം തടവ് ശിക്ഷ ലഭിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കേസ് ഈ മാസം 25-ന് പരിഗണിക്കും. 

ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ പേരു വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ഹൈക്കോടതി വിവിധ മാധ്യമങ്ങള്‍ക്ക് നോട്ടീസയച്ചിരുന്നു. അച്ചടി, ദൃശ്യമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. 


പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തുക മാത്രമല്ല, അവളുടെ ചിത്രങ്ങള്‍ ന്യൂസ് ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തകയും ചെയ്തിരുന്നു. ബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ പ്രകാരം കുറ്റകരമാണ്. 


കതുവയിലെ രാസാന ഗ്രാമത്തില്‍ ജനുവരി 10 ന് തട്ടിക്കൊണ്ടുപോയ ബാലികയെയാണ് ക്ഷേത്രത്തില്‍ ഒളിപ്പിച്ച് പീഡിപ്പിക്കുകയും അവസാനം കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തെ കാട്ടിലാണ് കണ്ടത്തിയത്. പ്രദേശത്തുനിന്ന് ആട്ടിടയന്മാരായ നാടോടികളെ ഓടിക്കുന്നതിന് ആസൂത്രണം ചെയ്തതാണ് സംഭവമെന്ന് ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ദേവിസ്ഥാന്‍ നടത്തിപ്പുകാരനാണ് ഗൂഢാലോചനയുടെ മുഖ്യസൂത്രധാരനെന്നും കണ്ടെത്തിയിരുന്നു. 
 

Latest News