Sorry, you need to enable JavaScript to visit this website.

സ്വാതന്ത്ര്യം തന്നെ ജീവിതം, സ്വാതന്ത്ര്യം തന്നെ അമൃതം

ഇരുന്നൂറു വർഷത്തോളം നീണ്ട കോളനി ഭരണം, വൈവിധ്യവും വംശീയതയും വൈജാത്യവും  കൊണ്ട് ഒരു ചരടിൽ കോർക്കാൻ കഴിയില്ല എന്നു ചിന്തിച്ചിടത്തു നിന്ന് സ്വാതന്ത്ര്യത്തിനായി എല്ലാ വ്യത്യാസവും മറന്നു ഒന്നായി പൊരുതിയ ഒരു ജനത, ചിന്നിച്ചിതറി പല കഷ്ണങ്ങളായി മാറും എന്ന് പലരും പ്രവചനങ്ങൾ നടത്തിയപ്പോഴും ജനാധിപത്യം എന്ന ആശയത്തിൽ അടിയുറച്ച് വിശ്വസിച്ച് ഭരണഘടനയെ മുറുകെപ്പിടിച്ച് ഏഴു പതിറ്റാണ്ടുകൾ പിന്നിട്ട ഇന്ത്യ...
ഇരുപതാം നൂറ്റാണ്ടിൽ പാശ്ചാത്യ- സാമ്രാജ്യത്വ ശക്തികളുടെ കോളനികളായിരുന്ന പല രാജ്യങ്ങളും സ്വാതന്ത്ര്യാനന്തരം പട്ടാള ഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും വിഭജനങ്ങളിലേക്കും രാഷ്ട്രീയ-സാമൂഹിക അരക്ഷിതാവസ്ഥയിലേക്കും അരാജകത്വത്തിലേക്കും കാലിടറി വീണപ്പോൾ, ഇത്രയേറെ മതങ്ങളും ജാതികളും ഉപജാതികളും വർഗങ്ങളും വർണങ്ങളുമു ണ്ടായിരുന്നിട്ടും ഏഴു പതിറ്റാണ്ടും പിന്നിട്ട് ഇന്നും  നിലകൊള്ളുന്നത് ഇവിടുത്തെ ജനാധിപത്യ വ്യവസ്ഥിതിയുടെയും  ദീർഘവീക്ഷണത്തോടെ കോൺഗ്രസ്  മുൻകൈയെടുത്ത്  എഴുതപ്പെട്ട ഭരണഘടനയും  നീതിന്യായ വ്യവസ്ഥയും മതേതരത്വ മൂല്യങ്ങളും കൈമുതലായി ഉണ്ടായിരുന്നതുകൊണ്ടാണ്. ഇതെല്ലാം  ഒരു സുപ്രഭാതത്തിൽ ഇടിഞ്ഞു താഴെ വീഴും എന്നു തോന്നുന്നില്ല.   പക്ഷേ പ്രതികരിക്കാനും പ്രതിഷേധിക്കാനും പ്രതിരോധിക്കാനും  അധഃപതനത്തിന്റെ അങ്ങേയറ്റം  വരെ കാത്തിരിക്കാൻ കഴിയില്ലല്ലോ.
നമ്മൾ  അഭിമാനത്തോടെ ഏറ്റുപറഞ്ഞ ഒരുമയുടെയും സഹിഷ്ണുതയുടെയും  സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും മാനവികതയുടെയും  മുദ്രാവാക്യങ്ങൾ  2014 ൽ  സംഘ് പരിവാർ വർഗീയ  സർക്കാർ അധികാരമേറ്റതിന് ശേഷം പിന്നീടിങ്ങോട്ട് അടിച്ചമർത്തപ്പെടുകയാണ്.
ഈ രാജ്യത്തിന്റെ അടിത്തറ ഇളക്കുകയാണ്. ഫാസിസം  ഓരോ വീടുകളുടെ വാതിലുകളിലും  മുട്ടാൻ തുടങ്ങിയിരിക്കുന്നു.  കലാപമായും അടിച്ചമർത്തലായും തെരുവുകളിൽ നൃത്തമാടാൻ തുടങ്ങിയിരിക്കുന്നു.  
വർഗീയ രാഷ്ട്രീയ അജണ്ടകൾക്കും മുതലെടുപ്പ് രാഷ്ട്രീയത്തിനും മാത്രം   കയറിക്കൂടിയ ചിലയാളുകൾക്കു കയറി വെട്ടിത്തിരുത്താൻ  അല്ലല്ലോ ഈ രാജ്യത്തെ ഭരണഘടന എഴുതപ്പെട്ടത്. വിവേചനങ്ങളുടെ മുള്ളുവേലികൾ തകർത്തു നമ്മൾ മുന്നേറിയത് ഇരുന്നൂറു വർഷം പിന്നോട്ട് പോകാനല്ലല്ലോ. വൈവിധ്യങ്ങളെ ആഘോഷമാക്കി അഭിമാനത്തോടെ ലോകത്തിനു മുന്നിൽ ഒരു മാതൃകയായി  തലയുയർത്തി നിന്ന രാജ്യമാണ്  നമ്മുടെ ഇന്ത്യ. 
ദേശീയത മാത്രമല്ല  ദേശങ്ങൾ താണ്ടി മനുഷ്യ വംശവും  വളരണം.  ഇത്രയും കാലം നമ്മളെ കൂട്ടിയിണക്കിയത് ഇന്ത്യ എന്ന ഒരു രാജ്യത്തിന് കീഴിൽ നമ്മൾ ഒന്നിച്ചു നിന്നത് കൊണ്ടാണ്, ആ ഇടത്തേക്ക് ഒരു മതത്തിന്റെ പേരിലോ, ഒരു ജാതിയുടെ പേരിലോ മാത്രം പലതായി മുറിഞ്ഞു മാറിപ്പോകേണ്ടവരല്ല നമ്മൾ. ഇനിയും പല നിയമങ്ങളും  ചുട്ടെടുക്കും.  ചെറുത്തു നിന്ന് പട പൊരുതേണ്ടത് നമ്മളാണ്.
ഇനിയുള്ള നാളുകളിൽ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലർത്തേണ്ടത് നമ്മളാണ്.  
എന്ത് തരത്തിലുള്ള അക്രമങ്ങൾക്കും മുതിരാൻ മടിയുള്ളവരല്ല അധികാരത്തിലിരിക്കുന്ന സംഘപരിവാർ വർഗങ്ങൾ. അവരുടെ ലക്ഷ്യത്തിലെത്താൻ  കടമ്പകൾ പലതുമുണ്ട്.   പക്ഷേ അധികാരം ദുരുപയോഗം ചെയ്യാൻ ഒരു മടിയും ഇല്ലാത്തവരാകുമ്പോൾ  ഈ തടസ്സങ്ങളൊക്കെ മാഞ്ഞുപോകും. പല കലാപങ്ങളും ഞെട്ടിക്കുന്ന ഓർമകളാണ്. നമ്മളുടെ കയ്യിലുള്ള വോട്ടിന് ചരിത്രത്തെ തന്നെ മാറ്റിമറിക്കാനും പുതിയ ചരിത്രം സൃഷ്ടിക്കാനും കഴിയും. പുതിയ ചരിത്രം ഒരു തുടർച്ചയാണ് എങ്കിൽ ഒരുപക്ഷേ 'സർവം നശ്വരം' ആകും ഫലം. 
ചരിത്രം, അത് നമ്മളാണ് സൃഷ്ടിക്കേണ്ടത്, സൂക്ഷ്മമായ ചെറുത്തുനിൽപിലൂടെ, ജനാധിപത്യ മാർഗങ്ങളിലൂടെ. സ്വാതന്ത്ര്യം തന്നെയാണ് എല്ലാ കാലത്തും എല്ലാവർക്കും വലുത്. വിവേചനങ്ങളല്ല വേണ്ടത്. 
ഒന്നിച്ച് കൈപിടിച്ച് നിന്ന് എന്തിനെയും പ്രതിരോധിക്കാനുള്ള മനസ്സാണ്. പ്രാർത്ഥിക്കാം നമുക്ക്, ഭാരതാംബയുടെ  വ്യതിരിക്ത ചരിത്രം അവസാനിക്കാതിരിക്കട്ടെ.

Latest News