Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

2024 ആരുടേത്?

രാഷ്ട്രീയ മലക്കംമറിച്ചിലുകൾക്ക് പേരുകേട്ട നിതീഷ് കുമാർ ഒരിക്കൽ കൂടി മതേതര പാളയത്തിലെ ഉറയ്ക്കാത്ത തറയിൽനിന്നുകൊണ്ട് 2024 ലെ ബി.ജെ.പിയുടെ തകർച്ച പ്രവചിക്കുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി നിലംതൊടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. നിതീഷിന്റെ കാലുമാറ്റത്തിന് ഇത്ര വലിയ പ്രത്യാഘാതം ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇതുവരെയുള്ള അവരുടെ പ്രതികരണങ്ങളിനിന്ന് വ്യക്തമല്ല. കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളും ആവശ്യത്തിലേറെ പണവും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗവും എല്ലാം ചേർന്ന സമഗ്രമായ പാക്കേജാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആയുധം. ഇതിനെ വെല്ലാൻ നിലവിൽ ഇപ്പോൾ നിതീഷ് ഉൾക്കൊള്ളുന്ന മതേതര സഖ്യം പ്രാപ്തമാണോ എന്നതാണ് ചോദ്യം.
ദേശീയ രാഷ്ട്രീയത്തിൽ പലപ്പോഴും ദിശാമാറ്റത്തിന്റെ സൂചനകൾ നൽകിയ സംസ്ഥാനമാണ് ബിഹാർ എന്നത് ശരിയാണ്. അതിലേറ്റവും വലുത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ കൃത്യമായി രണ്ടായി വിഭജിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ടാണ്. ആ നിലക്ക് നോക്കിയാൽ 1990 ഓഗസ്റ്റ് ഏഴ് ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഭൂപടം മാറ്റിയെഴുതിയെന്ന് തന്നെ പറയണം. 
ഇന്ത്യയിലെ ദളിതരും ന്യൂനപക്ഷങ്ങളും നൂറ്റാണ്ടുകളായി ഇരയായിക്കൊണ്ടിരുന്ന സാമൂഹികവും ജാതീയവുമായ അടിച്ചമർത്തലിന് വിരാമമിട്ടുകൊണ്ട് ഒരു ഓർഡിനൻസിലൂടെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനം വി.പി. സിംഗ് പ്രഖ്യാപിച്ചത് അന്നാണ്. 1980 ൽ രൂപം കൊണ്ട ബി.ജെ.പി അപ്പോഴേക്കും അവരുടെ വേരുകൾ ഇന്ത്യൻ മതേതര സമൂഹത്തിൽ ആഴ്ത്തുകയും ബാബ്‌രി മസ്ജിദ്-രാമജന്മഭൂമി അജണ്ടയിലൂടെ ഹിന്ദു വൈകാരികത ആളിക്കത്തിച്ച് ഇന്ത്യയെ മാനസികമായി വിഭജിക്കാനുള്ള ശ്രമം ഊർജിതമാക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിനെതിരെ ബി.ജെ.പി വലിയൊരു ശക്തിയായി ഉദയം ചെയ്തു തുടങ്ങിയ കാലമാണത്.
മണ്ഡൽ കമ്മീഷൻ നടപ്പാക്കിയതോടെയും എൽ.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞതിലൂടെയും പഴയ ജനതാകാലത്തെ സോഷ്യലിസ്റ്റ് മതേതര ചേരികളിലെ നേതാക്കൾ അസാധാരണമായ ഏകോപനമാണ് രാഷ്ട്രീയ ചേരികളിൽ നിർവഹിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഹരിയാന എന്നീ പ്രധാന സംസ്ഥാനങ്ങളിൽ ദളിത്, മുസ്‌ലിം വോട്ടു ബാങ്കുകൾ കോൺഗ്രസിന് നഷ്ടപ്പെട്ടു. എന്നാൽ ഇവ ബി.ജെ.പിയുടെ പോക്കറ്റുകളിലേക്ക് പോകുന്നത് തടയപ്പെടുകയും ചെയ്തു. 
അതായത് ദളിത്, പിന്നോക്ക, മുസ്‌ലിം വോട്ടുബാങ്കുകൾ ചേർന്ന് പുതിയൊരു ശാക്തിക ചേരി ഇന്ത്യൻ രാഷ്ട്രീയത്തിൽ രൂപപ്പെട്ടു. നിർഭാഗ്യവശാൽ ഇത് ദേശീയ വീക്ഷണമുള്ള ഒരു ഏകോപിത ചേരിയായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ രൂപഭാവങ്ങൾ ഇതാകുമായിരുന്നില്ല. 
കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലെ ജാതി രാഷ്ട്രീയത്തിന്റെ അവസാന ഫലം ബി.ജെ.പിക്ക് അനുകൂലമായി മാറുന്ന ദയനീയ കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, കാൻഷി റാം, ദേവിലാൽ, ബിജു പട്നായിക്, റാം വിലാസ് പാസ്വാൻ.... ദളിത് ന്യൂനപക്ഷ ചേരിയുടെ നായകരായി ഉയർന്നു വന്ന ഈ നേതാക്കളിൽ പലരുടെയും വിശ്വാസ്യത തകർത്തത് പലപ്പോഴായി ബി.ജെ.പിയുമായി ഉണ്ടാക്കിയ സഖ്യമാണ്. ലാലു പ്രസാദ് മാത്രമാണ് മതേതര പക്ഷത്ത് ഉറച്ചുനിന്നത്. ജാതി രാഷ്ട്രീയത്തിന്റെ മാത്രം വക്താക്കളായും അധികാരം പങ്കിടൽ മാത്രം മുഖ്യ അജണ്ടയായ രാഷ്ട്രീയം പയറ്റിയുമാണ് അവർ സ്വന്തം കുഴി തോണ്ടിയത്. 
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം നിതീഷ് കുമാറിന്റെയും പാസ്വാന്റെയും ചിറകിലൂടെ ബി.ജെ.പി സാധ്യമാക്കിക്കൊണ്ടിരിക്കയായിരുന്നു. ബി.ജെ.പിക്കെതിരെയാണ് എക്കാലത്തും ബിഹാറിന്റെ ജനഹിതം ഉണ്ടാവാറുള്ളത്. എന്നാൽ അത് അട്ടിമറിക്കുന്നത് നേരത്തെ പറഞ്ഞ നേതാക്കൾ തന്നെയാണ്. 2019 ലെ ലോക്സഭ ഇലക്ഷനിൽ എൻ.ഡി.എ 39 സീറ്റുകളിൽ ജയിച്ചു. ആകെ സീറ്റ് 40 ആണെന്ന് ഓർക്കണം. ബി.ജെ.പിക്കാണ് ഏറ്റവും കൂടുതൽ കിട്ടിയത്-17 എണ്ണം. ജെ.ഡി.യു.വിന് 16, പാസ്വാന്റെ പാർട്ടിയായ എൽ.ജെ.പിക്ക് ആറ്. നിതീഷിന്റെ തണലിൽ വികസിച്ച് നിതീഷിനെ തന്നെ കീഴടക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റിക്കൊണ്ടിരിക്കുന്നത്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ പാസ്വാനെ മുന്നിൽ നിർത്തി ജെ.ഡി.യുവിന്റെ വിജയ സാധ്യത ചുരുക്കിയതിനു പിന്നിൽ ബി.ജെ.പിയാണ്. രണ്ടു ഡസനിലേറെ സീറ്റുകളിൽ ജെ.ഡി.യു തോറ്റത് എൽ.ജെ.പി.യുടെ നിലപാടുകൾ കൊണ്ടാണ്. ജെ.ഡി.യുവിന്റെ അംഗബലം നേരത്തെയുണ്ടായിരുന്ന 71 ൽ നിന്നു ചുരുങ്ങി 43 ആയി. ബി.ജെ.പിയാവട്ടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള കുതിപ്പിൽ ആദ്യം ലക്ഷ്യം കാണുമെന്നു തോന്നിച്ചെങ്കിലും 74 സീറ്റ് നേടി ഏറ്റവും വലിയ രണ്ടാം കക്ഷിയായി.
ഈ രാഷ്ട്രീയ സമവാക്യങ്ങൾ നിലനിൽക്കുമ്പോഴും കീഴടക്കുമെന്ന് നിതീഷ് പറയുന്നത് മറ്റു ചില കണക്കുകൾ മുന്നിൽ കണ്ടാവണം. 2024 ലെ ദേശീയ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഈസി വാക്കോവർ ആകില്ല എന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത് നിതീഷിന്റെ കൂറുമാറ്റം രാഷ്ട്രീയ രംഗത്തുണ്ടാക്കിയ മാറ്റത്തിന്റെ പ്രതിഫലനം കണ്ടാണ്.
തെരഞ്ഞെടുപ്പ് വിശാരദനായ യോഗേന്ദ്ര യാദവിന്റെ കണക്കുകൾ ഇങ്ങനെയാണ്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തെ മൂന്നായി ഭാഗിച്ചാൽ ഇപ്പോൾ ബി.ജെ.പിക്ക് അതിൽ ഒന്നിൽ മാത്രമേ മേധാവിത്വമുള്ളൂ. ആർ.ജെ.ഡിയുടെ വിട്ടുപോകലോടെ ഫലത്തിൽ എൻ.ഡി.എ ഇല്ലാതായ സ്ഥിതിക്ക് ബി.ജെ.പിയെ സംബന്ധിച്ച് കാര്യങ്ങൾ എളുപ്പമല്ല. 
കേരളം മുതൽ പശ്ചിമ ബംഗാൾ വരെയുള്ള തീരദേശ ബെൽറ്റിൽ ബി.ജെ.പിയുടെ നില പരുങ്ങലിലാണ്. പഞ്ചാബും കശ്മീരും ഇതിനോട് ചേർക്കാം. ഈ സംസ്ഥാനങ്ങളിലാകെ 190 സീറ്റുകൾ. കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ചത് 36 ൽ മാത്രം. സഖ്യകക്ഷികൾ കൂടി ചേർത്ത് 42. അതിൽ തന്നെ 18 എണ്ണം ബംഗാളിൽ നിന്നായിരുന്നു. അടുത്ത തവണ അത് കുറയുമെന്നുറപ്പാണ്. അതിനാൽ ഈ ബെൽറ്റിൽനിന്ന് ബി.ജെ.പിക്ക് പരമാവധി സ്വരൂപിക്കാൻ കഴിയുന്നത് 25 സീറ്റുകൾ മാത്രം. 
ബി.ജെ.പിയുടെ വിഹിതമധികവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഗുജറാത്തുമാണ് നൽകുന്നത്. ഈ രണ്ടാം ബെൽറ്റിൽ ബിഹാറിനെയും ഝാർഖണ്ഡിനെയും ഒഴിച്ചുനിർത്താം. ഈ സംസ്ഥാനങ്ങളിൽ നിലവിലുള്ള 203 സീറ്റുകളിൽ 150 ബി.ജെ.പി നിലനിർത്തുമെന്ന് തന്നെ വിചാരിക്കുക. പിന്നീടുള്ള 150 സീറ്റുകളിൽ നൂറെണ്ണം കൂടി നേടിയാലേ ബി.ജെ.പിക്ക് വിജയം സാധ്യമാകൂ. കർണാടക, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളാണ് ഈ മൂന്നാം ബെൽറ്റിൽ വരിക. ഇവിടെ 2019 ൽ സഖ്യകക്ഷികളടക്കം 130 സീറ്റുകൾ അവർ വിജയിച്ചു. കോൺഗ്രസും ജനതാദളും ഒന്നിച്ചാൽ കർണാടകയിൽ നിലവിലെ പകുതിയിലേക്ക് ബി.ജെ.പിയെ ഒതുക്കാം. നിതീഷിന്റെ നീക്കത്തെ ദേവെഗൗഡ സ്വാഗതം ചെയ്തത് സൂചിപ്പിക്കുന്നത് പുതിയ ദിശാമാറ്റം തന്നെയാണ്. ശിവസേനയുടെ പിളർപ്പോടെ മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് പഴയ പ്രകടനം ആവർത്തിക്കാനാവില്ല. 35 സീറ്റുകളെങ്കിലും അവർക്ക് കുറയുമെന്ന് യോഗേന്ദ്ര യാദവ് കണക്കുകൂട്ടുന്നു.
ഇതുവരെ പറഞ്ഞ 503 സീറ്റുകളിൽ 235 ലധികം നേടാൻ ബി.ജെ.പിക്ക് കഴിയില്ല. ഇവിടെയാണ് ബിഹാറിന്റെ പ്രസക്തി. ബിഹാറിലെ 40 സീറ്റും നേടിയാലേ അവർ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയുള്ളൂ. നിതീഷും പാസ്വാനുമായി ചേർന്ന് ഈ സ്വപ്‌ന നേട്ടം കഴിഞ്ഞ തവണ ബി.ജെ.പി കൊയ്തു. നിതീഷ് കളം മാറുകയും പാസ്വാന്റെ പാർട്ടി നിർജീവമാകുകയും ചെയ്തതോടെ എന്തായിരിക്കും ബി.ജെ.പിയുടെ 2024 ലെ ഗതി.
ഇതെല്ലാം കണക്കുകളാണ്. തെരഞ്ഞെടുപ്പ് വിജയം ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രവചിക്കാവുന്ന ഒന്നല്ല. അതിതീവ്ര വർഗീയതയുടെ പ്രചാരണമാണ് ബി.ജെ.പിയുടെ തുറുപ്പുശീട്ട്. അതിന് തടയിടുകയും നിക്ഷിപ്ത താൽപര്യങ്ങളിലൂന്നി പ്രതിപക്ഷ ഭിന്നിപ്പ് സംഭവിക്കാതിരിക്കുകയും ചെയ്താൽ അവസാനത്തെ ചിരി മോഡിയുടേതായിരിക്കില്ല എന്ന് മാത്രം.

Latest News