Sorry, you need to enable JavaScript to visit this website.

പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ്

കണ്ണൂർ- സ്‌കൂൾ വിദ്യാർഥിനികളെ മയക്കുമരുന്നു നൽകി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിനിരയായ കുട്ടിയുടെ രക്ഷിതാവ്. സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ തെളിവുകളും നൽകിയിട്ടും അന്വേഷണത്തിന്റെ പേരിൽ പോലീസ് മകളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് രക്ഷിതാവ് ആരോപിക്കുന്നു. 
കേസ് വഴിതിരിച്ചുവിടാനുള്ള നീക്കമാണോ ഇതിന്റെ പിന്നിലെന്ന് സംശയമുണ്ടെന്നും ഇദ്ദേഹം പറയുന്നു. സംഭവം ശ്രദ്ധയിൽ പെട്ടയുടൻ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസ് നിർദേശ പ്രകാരം മകൾ മജിസ്‌ട്രേറ്റിന് മുമ്പാകെ 164 മൊഴിയും നൽകി. മൊബൈലിലെ ചാറ്റിംഗ് ഉൾപ്പെടെയുള്ള മുഴുവൻ തെളിവുകളും ഹാജരാക്കുകയും ചെയ്തു. ഇനി ഒരു കുട്ടിക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ് പരാതി നൽകാൻ തയാറായി മുന്നോട്ടു വന്നത്. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ പോലീസ് തങ്ങളെ വിളിക്കുകയും, സ്‌റ്റേഷനിലെത്തിയപ്പോൾ ചോദ്യം ചെയ്യാനായി മകളെ വീണ്ടും ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. മകൾ പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമാകാനുള്ള മാനസിക അവസ്ഥയിലല്ല. ഇക്കാര്യം പോലീസിൽ അറിയിച്ചപ്പോൾ, പീഡനത്തിനിരയായ മറ്റു കുട്ടികളെക്കുറിച്ച് അറിയാനാണെന്നാണ് മറുപടി നൽകിയത്. ഇക്കാര്യം അന്വേഷിക്കേണ്ടത് പോലീസല്ലേ? 


കടുത്ത മാനസിക ശാരീരിക പീഡനങ്ങൾക്കിരയായ മകളെ ലഹരി വിരുദ്ധ ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയുമാണ് രക്ഷപ്പെടുത്തിയെടുത്തത്. ഇപ്പോഴും മാനസികാവസ്ഥ ശരിയായിട്ടില്ല. കടുത്ത ലൈംഗിക പീഡനങ്ങൾക്കിരയായി എന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റുമുണ്ട്. ഇതിനും ചികിത്സ നൽകി വരികയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണത്തിന്റെ പേരിൽ മകളെ വീണ്ടും വേട്ടയാടാൻ ശ്രമിക്കുന്നതെന്ന് പിതാവ് പറയുന്നു.


തന്റെ കുടുംബത്തിന്റെയും മകളുടെയും സുരക്ഷ തന്നെ അപകടത്തിലാണ്. കാരണം വൻ ലഹരി റാക്കറ്റ് ഈ പയ്യനു പിന്നിലുണ്ട്. ഞങ്ങളുടെ സുരക്ഷയെക്കുറിച്ചൊന്നും പോലീസിന് യാതൊരു വേവലാതിയുടെയും ആവശ്യമില്ലല്ലോ? കുറ്റം ചെയ്തവൻ നാല് ദിവസത്തിനകം പുറത്തിറങ്ങി സ്വതന്ത്രനായി നടക്കുകയാണ്. അവന്റെ മൊബൈൽ ഫോൺ പരിശോധനക്ക് വിധേയമാക്കിയാൽ തന്നെ ഈ കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പുറത്തു വരും. എന്നാൽ പയ്യന്റെ ഫോൺ തകരാറിലാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന കാര്യം സംശയമുണ്ട്. ഇരയാക്കപ്പെട്ടവരെ അന്വേഷണത്തിന്റെ ഭാഗമായി നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളിൽ ആരും പരാതിയുമായി എത്താൻ മടിക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു. കണ്ണൂർ സിറ്റി മേഖലയിലെ ഏറ്റവും വലിയ ലഹരി കടത്തുകാരനാണ് ഈ 14 കാരനെന്നും, ഈ ബാലന്റെ പിന്നിൽ വൻ റാക്കറ്റുണ്ടെന്നുമാണ് രക്ഷിതാവ് പറയുന്നത്. അതേ സമയം, കേസുമായി ബന്ധപ്പെട്ട വിശദാന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ മൊഴിയെടുക്കേണ്ടി വരുമെന്ന നിലപാടിലാണ് പോലീസ്. കേസിന്റെ അന്വേഷണം നടന്നു വരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Latest News