Sorry, you need to enable JavaScript to visit this website.

തായ്‌വാന്‍ എന്നതിനു പകരം ചൈനയെന്ന് ഉപയോഗിച്ചു; നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറല്‍

വാഷിങ്ടണ്‍- യു. എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍ മീഡിയ. 'ചൈനയെ പ്രകീര്‍ത്തിക്കുന്ന' രീതിയില്‍ പെലോസി സംസാരിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഒരു ടി. വി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് 'ചൈന ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യങ്ങളിലൊന്നാണ്' എന്ന് നാന്‍സി പെലോസി അബദ്ധത്തില്‍ പറഞ്ഞുപോയത്.

യഥാര്‍ഥത്തില്‍ തായ്വാനെ ഉദ്ദേശിച്ച് നാന്‍സി പെലോസി പറഞ്ഞ കാര്യമാണ് നാക്കുപിഴയെ തുടര്‍ന്ന് ചൈനയെകുറിച്ചായി മാറിയത്.

ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ സമൂഹങ്ങളിലൊന്നാണ് ചൈനയെന്നും ഇത് തന്റെ പരാമര്‍ശമല്ല, ഫ്രീഡം ഹൗസില്‍ നിന്നുള്ളതാണെന്നും പറഞ്ഞ നാന്‍സി പെലോസി ഇത് ശക്തമായ ജനാധിപത്യമാണെന്നും ധീരരായ ആളുകള്‍ എന്ന് പറയാന്‍ മാത്രമായിരുന്നു അതെന്നും അവര്‍ പറഞ്ഞു. 
പിന്നാലെ തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു.

എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ തന്നെ പെലോസിയുടെ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ തായ്വാനെ കുറിച്ചാണ് പരാമര്‍ശിച്ചതെന്നും യു എസ് കോണ്‍ഗ്രസില്‍ സ്പീക്കര്‍ കഴിഞ്ഞ 35 വര്‍ഷമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന്റെ റെക്കോര്‍ഡ് ഇനിയും തിരുത്തപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി ചീഫ് ഡ്ര്യൂ ഹമ്മില്‍ ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീഴ്ത്തിയിരുന്നു. സന്ദര്‍ശനത്തിന് പിന്നാലെ ചൈന പെലോസിക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Latest News