Sorry, you need to enable JavaScript to visit this website.

നരേന്ദ്ര മോഡിക്ക് ആവാമെങ്കില്‍ നിതീഷ് കുമാറിനും പ്രധാനമന്ത്രിയാവാമെന്ന് തേജസ്വി യാദവ്

ന്യൂദല്‍ഹി- ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിച്ച് ഉപമുഖ്യമന്ത്രിയും ആര്‍. ജെ. ഡി നേതാവുമായ തേജസ്വി യാദവ്. നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയുമെങ്കില്‍ നിതീഷ് കുമാറിന് എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു തേജസ്വി യാദവ് ചോദിച്ചത്. എന്‍. ഡി. ടി. വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024ല്‍ ഇന്ത്യയെ നയിക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച വ്യക്തി നിതീഷ് കുമാറാണോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹത്തിന് ഭരണപരിചയമുണ്ടെന്നും നരേന്ദ്ര മോഡിക്ക് കഴിയുമെങ്കില്‍ എന്തുകൊണ്ട് നിതീഷ് ജിക്ക് ആയിക്കൂടാ എന്നും തേജസ്വി യാദവ് ചോദിച്ചു. ആര്‍ക്കും പ്രധാനമന്ത്രിയാകാം. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ കഴിയുമെങ്കില്‍ ആര്‍ക്കും കഴിയും എന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്.

നിതീഷ് കുമാറിന് ഭരണകാര്യങ്ങളില്‍ അനുഭവവും സോഷ്യല്‍ എക്സ്പീരിയന്‍സുമുണ്ടെന്നും രാജ്യസഭയൊഴിച്ച് മറ്റെല്ലാ സഭകളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു കേന്ദ്ര മന്ത്രിയായിരുന്നുവെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
ഇ. ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പരിഹാസരൂപേണ തേജസ്വി യാദവ് പറഞ്ഞിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി. ബി. ഐയും അടക്കമുള്ള അന്വേഷണ ഏജന്‍സികളെ തന്റെ വീട്ടിലേക്ക് 'ക്ഷണിച്ചു'കൊണ്ടായിരുന്നു തേജസ്വി പ്രതികരിച്ചത്.


എന്തിനാണ് രണ്ട് മാസം കഴിഞ്ഞ് വന്ന് റെയ്ഡ് ചെയ്യാന്‍ കാത്തിരിക്കുന്നതെന്ന് ചോദിച്ച തേജസ്വി യാദവ് ഇ. ഡിക്കും സി. ബി. ഐക്കും തന്റെ വീട്ടില്‍ ഓഫീസ് തുറക്കാമെന്നും എത്രകാലം വേണമെങ്കിലും താമസിക്കാമെന്നും പറഞ്ഞു.

എന്‍. ഡി. എ സഖ്യം വിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനൊപ്പം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കാന്‍ തേജസ്വി യാദവും പോയിരുന്നു. പിറ്റേ ദിവസം ആര്‍. ജെ. ഡി- ജെ. ഡി. യു മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു.

Tags

Latest News