മലപ്പുറം- കൂട്ടം തെറ്റി നാട്ടിലെത്തിയ കൊമ്പനാനക്കുട്ടിയെ കാട്ടില്‍ വിട്ടയക്കാന്‍ ശ്രമം തുടരുന്നു. കരുളായി വനമേഖലയില്‍ ആനക്കൂട്ടത്തെ കണ്ടെത്തി കൂട്ടത്തില്‍ വിടാനാണ് റേഞ്ച് ഓഫിസര്‍ എം.എന്‍.നജ്മുല്‍ അമീന്റെ നേതൃത്വത്തില്‍ ശ്രമം തുടരുന്നത്.
കരുളായി റേഞ്ചില്‍ നെടുങ്കയം സ്റ്റേഷന് സമീപം ഇടയ്ക്കിടെ എത്തുന്ന ആനക്കൂട്ടത്തില്‍പ്പെട്ടതാണ് കുട്ടിക്കൊമ്പനെന്ന് റേഞ്ച് ഓഫിസര്‍ പറഞ്ഞു. അഞ്ചു മാസം പ്രായമുണ്ട്.
നെടുങ്കയം ഗസ്റ്റ് ഹൗസ് പരിസരത്താണ് ആനക്കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ വനപാലകര്‍ കണ്ടെത്തിയത്. ആനക്കൂട്ടം അടുത്തുണ്ടെന്ന ധാരണയില്‍ ഉള്‍ക്കാട്ടില്‍ കയറ്റി വിട്ടുവെങ്കിലും തിരിച്ചെത്തി. നാട്ടുകാര്‍ പിടിച്ച് മരത്തില്‍ കെട്ടിയിട്ട ശേഷം വനപാലകരെ വിവരം അറിയിച്ചു. റേഞ്ച് ഓഫിസറും സംഘവും എത്തി നെടുങ്കയം സ്റ്റേഷനിലേക്ക് മാറ്റി.
കാഴ്ചക്കാര്‍ ഏറിയപ്പോള്‍ ഗസ്റ്റ് ഹൗസ് രാവിലെ പരിസരത്ത് കൊണ്ടുവന്ന് മതില്‍ക്കെട്ടിനുള്ളില്‍ തുറന്നു വിട്ടു. ഒപ്പം വിട്ടയയ്ക്കാന്‍ ആനക്കൂട്ടത്തെ കണ്ടെത്താന്‍ വനപാലകരുടെ രണ്ടു സംഘം തിരച്ചില്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഉച്ചയ്ക്ക് ശേഷം വെറ്ററിനറി ഡോക്ടര്‍ എത്തി ആരോഗ്യനില പരിശോധിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരം ഭക്ഷണം നല്‍കിത്തുടങ്ങി.
എസ്എഫ്ഒമാരായ വി.അച്യുതന്‍, ഫിറോസ് വട്ടത്തൊടി, വാച്ചര്‍ എന്‍.മാലതി എന്നിവരുടെ നേതൃത്വത്തിലാണ് പരിചരണം. ആളുകളുമായി വേഗം ഇണങ്ങിയ കുട്ടിക്കൊമ്പന്‍ കുസൃതി കാട്ടി ഓടി നടക്കുകയാണ്.






