Sorry, you need to enable JavaScript to visit this website.

റീ-എൻട്രിയിൽ പോയി തിരിച്ചുവരാത്തവരുടെ വിലക്ക് കാലാവധി കണക്കാക്കുക ഹിജ്‌റ കലണ്ടറിൽ

റിയാദ് - റീ-എൻട്രി വിസയിൽ സൗദി അറേബ്യ വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്കുള്ള പ്രവേശന വിലക്ക് ഹിജ്‌റ കലണ്ടർ പ്രകാരമാണ് കണക്കാക്കുകയെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. റീ-എൻട്രി വിസയിൽ സൗദി അറേബ്യ വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക് ബാധകമാണ്. മൂന്നു വർഷം പിന്നിടാതെ പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ ഇവർക്ക് സാധിക്കില്ല. എന്നാൽ പഴയ അതേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യാൻ പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ മൂന്നു വർഷ വിലക്ക് ബാധകമല്ല. മൂന്നു വർഷ വിലക്ക് റീ-എൻട്രി വിസാ കാലാവധി അവസാനിക്കുന്ന ദിവസം മുതലാണ് കണക്കാക്കുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. 
റീ-എൻട്രി വിസയിൽ സ്വദേശത്തേക്ക് പോയ തനിക്ക് അടിയന്തിര സാഹചര്യം മൂലം വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി സൗദിയിൽ തിരികെ എത്താൻ സാധിച്ചില്ലെന്നും മൂന്നു വർഷത്തിലേറെ കാലമായി താൻ സൗദി അറേബ്യക്ക് പുറത്താണെന്നും അറിയിച്ചും പുതിയ തൊഴിൽ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കാൻ തനിക്ക് സാധിക്കുമോയെന്ന് ആരാഞ്ഞും വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത ഇക്കാര്യം വ്യക്തമാക്കിയത്. 
റീ-എൻട്രി വിസാ കാലാവധി മാസങ്ങളിലാണ് നിർണയിക്കുന്നതെങ്കിലും വിസ ഇഷ്യു ചെയ്ത ശേഷം സൗദി അറേബ്യ വിടാൻ മൂന്നു മാസത്തെ കാലാവധിയുണ്ടെങ്കിലും യാത്രാ തീയതി മുതലാണ് വിസാ കാലാവധി കണക്കാക്കുക.
 

Latest News