പരസ്യത്തെ പരസ്യമായി കണ്ടാല്‍  മതി - മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം- വിവാദമായ ന്നാ താന്‍ കേസ് കൊട് സിനിമ പോസ്റ്ററില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു. ഓരോ കാലത്തും സിനിമയില്‍ അതാത് കാലത്തെ സംഭവങ്ങള്‍ വരുമെന്നും  അതിനെ ക്രിയാത്മകമായി കാണണമെന്നും മന്ത്രി പറഞ്ഞു. വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സിനിമയ്‌ക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. റോഡിന്റെ പ്രശ്!നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെയും അഭിപ്രയമെന്നും മന്ത്രി പറഞ്ഞു.
സിനിമ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയല്ല ഇത് സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ് അത് എടുത്ത് കാണിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോടായി കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഈ പരസ്യം കണ്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 
ഇന്ന് റിലീസായ സിനിമയുടെ പരസ്യ പോസ്റ്ററിലാണ് റോഡ് കുഴി സംബന്ധിച്ചുള്ള തലക്കെട്ട് കാണാന്‍ ഇടയായത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വനം ഉടലെടുക്കുകയും ചെയ്തു. സിപിഎംഇടത് പ്രഫൈലുകളില്‍ നിന്നും സിനിമയ്ക്കും ചിത്രത്തിന്റെ പോസ്റ്ററിനും നടന്‍ കുഞ്ചാക്കോ ബോബനുമെതിരെ രൂക്ഷ വിമര്‍ശനം സൈബര്‍ ആക്രമണവുമാണ് ഉടലെടുത്തത്. അതേസമയം ന്നാ താന്‍ കേസ് കൊട് സിനിമ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ലക്ഷ്യമിടുന്നില്ല. ചിത്രത്തിലെ ഇതിവൃത്തമാണ് പരസ്യത്തില്‍ നല്‍കിയിരിക്കുന്നതെന്ന് നടന്‍ പറഞ്ഞു.കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമായിയെത്തുന്ന രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. അടുത്തിടെ ചിത്രത്തിന്റെ വീഡിയോ ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. 
 

Latest News