കറുത്ത വസ്ത്രം മാത്രം ധരിച്ചാണ് ഇ. വി. രാമസ്വാമി പെരിയാര്‍ ജനവിശ്വാസം നേടിയതെന്ന് പി. ചിദംബരം

ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ കറുത്ത വസ്ത്രമണിഞ്ഞുള്ള പ്രതിഷേധത്തെ ബ്ലാക്ക് മാജിക്കെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ആഗസ്റ്റ് അഞ്ചിന് കോണ്‍ഗ്രസ് നേതാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിനെ ദുര്‍മന്ത്രവാദത്തോടാണ് പ്രധാനമന്ത്രി ഉപമിച്ചത്. ദുര്‍മന്ത്രവാദത്തിലൂടെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

എന്നാല്‍ ജീവിത കാലത്ത് കറുത്ത വസ്ത്രം മാത്രം ധരിച്ചാണ് സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ഇ. വി. രാമസ്വാമി പെരിയാര്‍ തമിഴ് ജനതയുടെ വിശ്വാസം നേടിയെടുത്തത് എന്നാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ഇതിന് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ഇ. വി. രാമസ്വാമി പെരിയാറിന്റെ വേഷവിധാനത്തെ ഉദാഹരണമായി പറഞ്ഞാണ് പി. ചിദംബരം ട്വിറ്ററിലൂടെ തിരിച്ചടിച്ചത്. 

'പ്രധാനമന്ത്രി പറയുന്നത് കറുത്ത വസ്ത്രം ധരിക്കുന്നവര്‍ക്ക് ജനതയുടെ വിശ്വാസം നേടാനാകില്ലെന്നാണ്. ഇ. വി. രാമസ്വാമി പെരിയാര്‍ അദ്ദേഹത്തിന്റെ ജീവിത കാലത്ത് കറുത്ത വസ്ത്രം മാത്രമാണ് ധരിച്ചത്. തമിഴ് ജനതയുടെ (സനാതന ധര്‍മത്തില്‍ വിശ്വസിച്ചിരുന്നവരൊഴികെയുള്ള) വിശ്വാസം എന്നന്നേക്കുമായി അദ്ദേഹം നേടിയെടുത്തു' പി ചിദംബരം ട്വീറ്റ് ചെയ്തു. 

പാനിപ്പത്തില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി കറുത്ത വസ്ത്ര പ്രതിഷേധത്തിനെതിരെ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. 'ചിലയാളുകള്‍ ദുര്‍മന്ത്രവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ആഗസ്റ്റ് അഞ്ചിന് നമ്മള്‍ കണ്ടു. കറുത്ത വസ്ത്രം ധരിച്ച് തങ്ങളുടെ വിഷാദം ഇല്ലാതാക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ കൂടോത്രമോ ദുര്‍മന്ത്രവാദമോ അന്ധവിശ്വാസമോ ഉപയോഗിച്ച് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകില്ലെന്ന വസ്തുത അവര്‍ക്കറിയില്ല' എന്നാണ് മോഡി പറഞ്ഞത്. 

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും ജി. എസ്. ടി വര്‍ധനയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആഗസ്റ്റ് അഞ്ചിനാണ് പാര്‍ലമെന്റില്‍ പ്രധിഷേധിച്ചത്. കറുത്ത വസ്ത്രം ധരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തിനെത്തിയത്.

Tags

Latest News