Sorry, you need to enable JavaScript to visit this website.

മുഹ്‌സിനെ ഐ.എസ് ഫണ്ട് ശേഖരിക്കാന്‍ പ്രേരിപ്പിച്ചത് സിറിയന്‍ പെണ്‍കുട്ടി, പ്രണയം കണ്ടെത്തി എന്‍.ഐ.എ

ന്യൂദല്‍ഹി- ഭീകരസംഘടനയായ ഐ.എസിനുവേണ്ടി ഫണ്ട് സ്വരൂപിച്ചതിന് അറസ്റ്റിലായ ജാമിഅ മില്ലിയ ഇസ്ലാമിയ ബി.ടെക് വിദ്യാര്‍ത്ഥി സിറിയന്‍ പെണ്‍കുട്ടിയുടെ പ്രണയത്തില്‍ വീണതാണെന്ന് റിപ്പോര്‍ട്ട്. എഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ ശനിയാഴ്ചയാണ് പട്‌ന സ്വദേശിയും 22 കാരനുമായ മുഹ്‌സിന്‍ അഹമ്മദ്  അറസ്റ്റിലായത്.  ഐ.എസ് ബന്ധത്തിലുപരി പ്രണയസാധ്യതയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
ഐ.എസ് പിന്മാറ്റത്തെ തുടര്‍ന്ന്് സിറിയയില്‍ തടങ്കല്‍ പാളയത്തിലായവരെ സഹായിക്കുന്നത് ഫണ്ട് ശേഖരിച്ച് അയക്കാന്‍ പ്രണയത്തിലായ സിറിയന്‍ പെണ്‍കുട്ടി വിദ്യാര്‍ഥിയെ പ്രോത്സാഹിപ്പിച്ചുവെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്.
പട്ന സ്വദേശിയായ മുഹ്സിന്‍ അഹമ്മദ് ഇന്ത്യക്കുപുറമെ, മാലിദ്വീപ്, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുമായി പ്രമുഖ ക്രിപ്റ്റോ പ്ലാറ്റ്ഫോമിന്റെ അക്കൗണ്ടില്‍ നാല് ലക്ഷത്തിലധികം രൂപയുടെ ക്രിപ്റ്റോകറന്‍സി ശേഖരിച്ചതായി എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു. ഈ പണം ഇറാഖിലേക്കും സിറിയയിലേക്കും കൂടുതല്‍ ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുവെന്നും പറയുന്നു.
ഇന്ത്യയിലുടനീളമുള്ള തീവ്രവാദ ഗ്രൂപ്പിന്റെ ഓണ്‍ലൈനായും അല്ലാതേയുമുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജൂണ്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ്  സജീവ ഐസിസ് അംഗമെന്നാരോപിച്ച് ബട്ല ഹൗസില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ജാമിഅ വിദ്യാര്‍ത്ഥി ഏജന്‍സിയെ അറിയിച്ചതിനെ തുടര്‍ന്നാണ് അഹമ്മദിനെ അറസ്റ്റ് ചെയ്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ഇറാഖ്, സിറിയ എന്നിവിടങ്ങളിലുള്ളവരുമായി മൂന്ന് വര്‍ഷമായി ഫേസ്ബുക്ക്, ടെലഗ്രാം എന്നിവയുമായി വിദ്യാര്‍ഥിക്ക് ബന്ധമുണ്ട്, ഐസിസ് നേതാവായിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയുടേതടക്കമുള്ള വീഡിയോകള്‍ കാണാറുണ്ട്, പൂര്‍ണമായും തീവ്രവാദത്തില്‍ ആകൃഷ്ടനായ ശേഷം ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന നിരവധി ടെലഗ്രാം ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണ ഏജന്‍സി ഉന്നയിക്കുന്നത്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട് പ്രണയത്തിലായ സിറിയന്‍ പെണ്‍കുട്ടിയാണ് ഫണ്ട് ശേഖരിക്കാനും സിറിയയിലേക്ക് അയക്കാനും പറഞ്ഞിരുന്നതെന്ന് വിദ്യാര്‍ഥി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പോരാട്ടത്തില്‍ പങ്കെടുക്കുന്നതിന് മുഹ്‌സിന്‍ അഹമ്മദ് പിന്നീട് ജാമിഅയിലെ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു.
അതേസമയം, മുഹ്‌സിന്റെ കുടുംബം ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. മകന്‍ സമര്‍ഥനായ വിദ്യാര്‍ഥിയാണെന്നും പത്താം ക്ലാസ് പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് നേടിയിരുന്നുവെന്നും ഇപ്പോള്‍ പ്രചരിപ്പിക്കുന്നതൊന്നും ശരിയല്ലെന്നും പിതാവ് പറഞ്ഞു. മുഹ്‌സിന്റെ മൂന്ന് സഹോദരിമാരും ആരോപണങ്ങള്‍ തള്ളിക്കളയുന്നു.
കേള്‍ക്കുന്നതൊക്കെ തമാശയാണെന്നും അവന് പ്രണയം ഉണ്ടായിരുന്നുവെങ്കില്‍ താന്‍ അറിയുമായിരുന്നുവെന്നും സഹോദരിമാരില്‍ ഒരാള്‍ പറഞ്ഞു. അവന്‍ തീവ്രവാദിയായിരുന്നെങ്കില്‍ ആദര്‍ശം ആദ്യം കുടുംബത്തിലാണല്ലോ പറയുകയെന്നും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും സഹോദരി പറഞ്ഞു. പന്ത്രണ്ടാം ക്ലാസില്‍ ചേരുന്നതിനു മുമ്പ് മുഹ്‌സിന്‍ ഒന്നരവര്‍ഷത്തോളം രാജസ്ഥാനിലെ കോട്ടയിലുണ്ടായിരുന്നു. പൈലറ്റാകനയിരുന്നു അവന് മോഹം. പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സിനു ചേരാന്‍ ആലോചിച്ചുവെങ്കിലും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിനാണ് പ്രവേശനം ലഭിച്ചത്. വ്യാജ ആരോപണങ്ങളില്‍നിന്ന് അവന്‍ മോചിതനാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സഹോദരി പറഞ്ഞു.
അതിനിടെ, മുഹ്്‌സിന്‍  നടത്തിയെന്നു പറയുന്ന ഇടപാടുകളുടെ വിശദാംശങ്ങളറിയാന്‍ ക്രിപ്‌റ്റോ കറന്‍സി വാലറ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം തുടരുകയാണ്.

 

Latest News