Sorry, you need to enable JavaScript to visit this website.

താജ്മഹലിന്റെ യഥാർഥ ഉടമ  ദൈവമാണെന്ന് വഖഫ് ബോർഡ്‌

ന്യൂദൽഹി- താജ്മഹലിന്റെ യഥാർഥ അവകാശി അല്ലാഹുവാണെന്നും പ്രായോഗിക ആവശ്യങ്ങൾക്കായി ഉടമസ്ഥാവകാശം വിട്ടുനൽകണമെന്നും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. താജിന്റെ ഉടമസ്ഥാവകാശം വഖഫ് ബോർഡിനാണെന്ന് സാധൂകരിക്കാൻ ഷാജഹാൻ ചക്രവർത്തി ഒപ്പിട്ട രേഖകൾ ഹാജരാക്കാൻ ബോർഡിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച നിർദ്ദേശിച്ചിരുന്നു. ഷാജഹാനോ അനന്തരാവകാശികളോ ഒപ്പിട്ട രേഖകൾ ലഭ്യമല്ലെന്ന് ബോർഡിന്റെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ അറിയിച്ചു. 
ബോർഡിന്റെ കൈവശം രേഖകളില്ലെങ്കിലും താജ്മഹലിന്റെ അവകാശം മനുഷ്യർക്ക് നൽകാനാവില്ല. പ്രായോഗികമായ ആവശ്യങ്ങൾക്കായി ബോർഡിന് തന്നെയാണ് അതിന്റെ അവകാശമെന്നും വഖഫ് ബോർഡ് അവകാശപ്പെട്ടു. 
ഉടമസ്ഥാവകാശം ഇല്ലെങ്കിലും താജിന്റെ മേൽനോട്ടം വഹിക്കാൻ തയാറാണെന്നും ബോർഡ് അറിയിച്ചു. അക്ബർ ചക്രവർത്തി നിർമ്മിച്ച, ആഗ്രക്ക് അടുത്തുള്ള ഫത്തേപുർ സിക്രിയുടെ ഒരു ഭാഗം വഖഫ് ബോർഡിന്റെ പേരിലാണുള്ളത്. മറ്റു ചില ഭാഗങ്ങൾ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ പേരിലും. ഇത്തരത്തിൽ താജിന്റെ ഉടമസ്ഥാവകാശം കൈമാറാതെ തന്നെ മേൽനോട്ട ആവശ്യങ്ങൾക്കായി വഖഫ് ബോർഡിന്റെ സ്വത്തായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവും ബോർഡ് ഉന്നയിച്ചു. ഇതിനെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ശക്തമായി എതിർത്തു. അത്തരമൊരു തീരുമാനം ഭാവിയിൽ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ ജൂലൈ 27 ന് വാദം തുടരും.
താജിന്റെ ഉടമസ്ഥാവകാശം വഖഫ് ബോർഡിന് ഷാജഹാൻ നേരിട്ട് നൽകിയതാണെന്ന് ബോർഡിന്റെ അഭിഭാഷകൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വാദിച്ചിരുന്നു. ഇതേ തുടർന്നാണ് ഇത് സാധുകരിക്കുന്ന ഷാജഹാന്റെ ഒപ്പുള്ള രേഖ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്.

 

Latest News