Sorry, you need to enable JavaScript to visit this website.

കരീബിയൻ പ്രവാസികൾക്ക്  ബ്രിട്ടനിലിത് ദുരിത കാലം

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയോടൊപ്പം കോമൺവെൽത്ത് യോഗത്തിനിടെ.

ലണ്ടൻ - കുടിയേറ്റക്കാരുടെ കഥ ലോകത്തെവിടെയും ഒന്നു തന്നെ. വസിക്കുന്ന രാജ്യത്തിന്റെ പുരോഗതിയിൽ എത്ര തന്നെ പങ്കു വഹിച്ചവരായാലും ഒരു കാലത്ത് പുറംകാലു കൊണ്ട് തട്ടിയെറിയാൻ മാത്രം വിധിക്കപ്പെട്ടവരാണ് അവർ. ആവശ്യമുള്ള സമയത്ത് ആട്ടിത്തെളിയിച്ചുകൊണ്ടുവരികയും സമൃദ്ധിയിലെത്തിക്കഴിയുമ്പോൾ ദുരിതങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന പ്രവാസികളുടെ കഥക്ക് ബ്രിട്ടനിലുമുണ്ട് ഒരു തുടർച്ച.
രണ്ടാം ലോക മഹായുദ്ധകാലം തരിപ്പണമാക്കിയ ബ്രിട്ടനിൽ രാഷ്ട്ര പുനർനിർമാണ പ്രക്രിയയുടെ ഭാഗമായി മാറാൻ ക്ഷണിച്ചുകൊണ്ടുവന്നവരുടെ പിൻതലമുറയാണ് ഇപ്പോൾ തങ്ങളുടെ പൗരത്വം തെളിയിക്കാൻ രേഖകൾക്കായി അലയുന്നത്. കരീബിയൻ മേഖലയിൽനിന്ന് 1948 ൽ ബ്രിട്ടനിൽ കാൽ കുത്തിയവരുടെ പിൻഗാമികൾ. റോഡുകളുണ്ടാക്കാനും ബസോടിക്കാനും ആശുപത്രികൾ വൃത്തിയാക്കാനും രോഗികളെ ശുശ്രൂഷിക്കാനുമൊക്കെയായാണ് ഇവരെ കൊണ്ടുവന്നത്. എംപയർ വിൻഡ്‌റഷ് എന്ന വിമാനത്തിൽ കൊണ്ടുവന്നതിനാൽ വിൻഡ്‌റഷ് തലമുറ എന്നാണ് ഇവർ അറിയപ്പെടുന്നത് തന്നെ.
കോമൺവെൽത്ത് എന്നറിയപ്പെടുന്ന മുൻ ബ്രിട്ടീഷ് കോളനികളിൽനിന്ന് യുദ്ധാനന്തരം ബ്രിട്ടനിലേക്ക് കുടിയേറിയ ആയിരങ്ങളെ ശരിക്കും പ്രതീകവത്കരിക്കുന്നവരാണ് വിൻഡ്‌റഷ് തലമുറ. എന്നാൽ ഈയിടെ തുടരെയുള്ള ബ്രിട്ടീഷ് സർക്കാരുകൾ ഇവരെ രണ്ടാംതരമായി ഗണിക്കുകയാണ്. നിയമ വിരുദ്ധ കുടിയേറ്റത്തിന്റെ പേരിൽ ഇവർ പീഡിപ്പിക്കപ്പെടുന്നു. പൗരത്വ പദവി തെളിയിക്കുന്നതിന് രേഖകൾ ആവശ്യപ്പെടുകയാണ് സർക്കാരും വിവിധ വകുപ്പുകളും. മൂന്ന് തലമുറകൾക്കിപ്പുറം ഇനി എവിടെ പോയി രേഖകൾ കണ്ടെത്തുമെന്ന ആധിയിലാണവർ. പലരും തങ്ങളുടെ മാതാപിതാക്കൾ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളോ, വകുപ്പുകളോ തങ്ങൾ പഠിച്ചിരുന്ന സ്‌കൂളുകളോ ഒക്കെ തേടിപ്പോവുകയാണ്, അവിടെനിന്ന് എന്തെങ്കിലും രേഖകൾ കണ്ടെത്താനാവുമോ എന്നറിയാൻ. 
പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാലേ ജോലിയുള്ളൂ, വാടകക്ക് വീടുള്ളൂ എന്ന അവസ്ഥ വന്നതോടെ പലർക്കും തൊഴിൽ നഷ്ടമാകുകയും വീടുകളിൽനിന്ന് ഇറക്കിവിടപ്പെടുകയും ചെയ്തു. നിലവിലെ പ്രധാനമന്ത്രി തെരേസ മെ ആകട്ടെ, ഇക്കാര്യത്തിൽ കർക്കശക്കാരിയുമാണ്. മുൻ സർക്കാരിൽ പങ്കാളിയായിരിക്കേ തന്നെ കടുത്ത കുടിയേറ്റ നിയമങ്ങൾ കൊണ്ടുവരുന്നതിന് പിന്നിൽ പ്രവർത്തിച്ച മേയുടെ ഭരണത്തിൽ വിൻഡ്‌റഷ് തലമുറ പ്രയാസപ്പെടുകയാണ്.
ഇക്കാര്യത്തിൽ കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യം ആദ്യം ബ്രിട്ടൻ നിരസിക്കുകയാണുണ്ടായത്. എന്നാൽ സമ്മർദം മുറുകിയതോടെ ചർച്ചക്ക് വഴങ്ങി. എങ്കിലും പ്രശ്‌നത്തിന് ഉടനെയൊന്നും പരിഹാരമാകുമെന്ന് ആരും കരുതുന്നില്ല. 
1961 ൽ ഡൊമിനിക്കയിൽനിന്ന് വന്നതാണ് ഞാൻ. 16 വർഷമായി ദേശീയ ആരോഗ്യ സർവീസിൽ ഉദ്യോഗസ്ഥയാണ്. ഒരു സുപ്രഭാതത്തിൽ എന്നെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടു. പൗരത്വ രേഖകളില്ലാത്തതിനാൽ നാടുവിടണമെന്നായിരുന്നു ആവശ്യം. ഇപ്പോൾ രേഖകൾ സംഘടിപ്പിക്കാനായി ഞാൻ നെട്ടോട്ടത്തിലാണ് - ഗ്ലെൻഡ സീസറിന്റെ അനുഭവം ഈ കരീബിയൻ പ്രവാസികളുടെ പൊതു അനുഭവം തന്നെ.
 

Latest News