Sorry, you need to enable JavaScript to visit this website.

സദ്ദാമിന്റെ മൃതദേഹം എവിടെ,  ദുരൂഹതകൾക്ക് അവസാനമില്ല

തിക്‌രീതിലെ അൽ ഔജയിൽ സദ്ദാം ഹുസൈന്റെ ശവകുടീരം ഐ.എസ് ബോംബാക്രമണത്തിൽ തകർന്ന നിലയിൽ
  • ഖബർ ഐ.എസ് ആക്രമണത്തിൽ തരിപ്പണമായി
  • മൃതദേഹം മുമ്പേ കുടുംബം കടത്തിയെന്നും അഭ്യൂഹം


അൽ ഔജ, ഇറാഖ് - തിക്‌രിതിലെ അൽ ഔജയിൽ സദ്ദാം ഹുസൈന്റെ ശവകുടീരം നിന്ന സ്ഥലം ഇന്ന് മൺ കൂമ്പാരമാണ്. അതിശക്തമായ ബോംബാക്രമണത്തിൽ തകർന്നുപോയ ഖബറിടത്തിന് സമീപം കോൺക്രീറ്റ് അവശിഷ്ടങ്ങളും കഷ്ണങ്ങളായി പൊട്ടിക്കിടക്കുന്ന ലോഹവേലിയും മാത്രം. പക്ഷേ, അറിയാത്തത് ഇതാണ്? എവിടെയാണ് ഇറാഖിനെ അടക്കിഭരിച്ച ഏകാധിപതിയുടെ ശരീരാവശിഷ്ടങ്ങൾ?

2006 ഡിസംബർ 30 ന് ഈദ് ദിനത്തിലാണ് സദ്ദാം തൂക്കിലേറ്റപ്പെട്ടത്. ഭൗതിക ദേഹം തിക്‌രീതിൽ ഖബറടക്കി. എന്നാലവിടെ ഇന്ന് ഒന്നുമില്ല. സദ്ദാമിന്റെ മൃതദേഹം അവിടെനിന്ന് രഹസ്യമായി മാറ്റിയിരിക്കുന്നു. പക്ഷേ എവിടേക്കാണ് അത് കൊണ്ടുപോയത്, ആർക്കുമറിയില്ല.   അൽ ഔജയിൽ തന്നെ മൃതദേഹാവശിഷ്ടങ്ങളുണ്ടെന്ന് പറയുന്നവരുണ്ട്, പക്ഷേ തെളിവുകളില്ല.  കത്തിച്ചുകളഞ്ഞതായി ചിലർ പറയുന്നു. അതിനുമില്ല തെളിവുകൾ.

ഔജയിൽനിന്ന് കൊണ്ടുപോയെങ്കിൽ പിന്നെ എവിടെ. കൃത്യമായി ഉത്തരം നൽകാൻ ആർക്കുമാവുന്നില്ല.
സദ്ദാമിനെ ഉടൻ ഖബറടക്കാമെന്ന് ഉറപ്പു നൽകി കുടുംബം നൽകിയ കത്ത് സദ്ദാം ഉൾപ്പെടുന്ന അൽബുനാസർ ഗോത്രനേതാവ് ശൈഖ് മനാഫ് അലി അൽനിദയുടെ കൈവശമുണ്ട്. സദ്ദാം തന്നെ മുൻകൂട്ടി പറഞ്ഞിരുന്ന സ്ഥലത്താണ് അദ്ദേഹത്തെ അടക്കിയത്. തൂക്കിക്കൊന്ന ശേഷം മൃതദേഹം കുടുംബത്തിന് അമേരിക്കൻ സൈന്യം കൈമാറി. പുലർച്ചക്കു മുമ്പ് തന്നെ ഖബറടക്കുകയും ചെയ്തു.
ഐ.എസ് ഭീകരരുടെ ശക്തമായ ബോംബാക്രമണത്തിലാണ് ഖബർ തകർന്ന് തരിപ്പണമായതെന്ന് ഇതിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഹാഷിദ് അൽ ശഅ്ബി സഖ്യം പറയുന്നു. 

ഈ സമയത്ത് ശൈഖ് നിദ അവിടെയുണ്ടായിരുന്നില്ല. സദ്ദാമിന്റെ ഖബർ തുറന്നതായും സ്‌ഫോടനത്തിൽ നശിപ്പിച്ചതായും അദ്ദേഹത്തിനുമറിയാം. ശരീരം അവിടെത്തന്നെയുണ്ടെന്നാണ് ഹാഷിദിന്റെ സുരക്ഷാ മേധാവി ജാഫർ അൽ ഘറാവി പറയുന്നത്.
എന്നാൽ സദ്ദാമിന്റെ വിപ്രവാസം നയിക്കുന്ന മകൾ ഹാല പിതാവിന്റെ മൃതദേഹം സ്വകാര്യ വിമാനത്തിൽ ജോർദാനിലേക്ക് കൊണ്ടുപോയെന്നാണ് സദ്ദാമുമായി അടുപ്പമുണ്ടായിരുന്നവർ പറയുന്നത്. എന്നാലിത് അസാധ്യമാണെന്ന് മറ്റുള്ളവർ പറയുന്നു, ഹാല ഒരിക്കലും ഇറാഖിലേക്ക് മടങ്ങിവന്നില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. 

മൃതദേഹം ആര്, എങ്ങോട്ട് കൊണ്ടുപോയി എന്ന് ആർക്കുമറിയില്ലെന്ന് സദ്ദാം കാലത്ത് വിദ്യാർഥിയായിരുന്ന ഒരു പ്രൊഫസർ പറഞ്ഞു. സദ്ദാമിന്റെ കുടുംബം ഇക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരിക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

എന്നാൽ സദ്ദാം മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നവരും ഇറാഖിൽ ധാരാളമാണ്. സദ്ദാമിനെയല്ല, അദ്ദേഹത്തിന്റെ അപരനെയാണ് തൂക്കിലേറ്റിയതെന്ന് ബഗ്ദാദ് നിവാസിയായ അബു സമീർ പറഞ്ഞു. 

Latest News