Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദൽഹി സർക്കാരിന്റെ ഒമ്പത് ഉപദേശകരെ  കേന്ദ്രം പുറത്താക്കി, വീണ്ടും പോര്‌

ന്യൂദൽഹി - അരവിന്ദ് കെജ്‌രിവാളിന്റെ സർക്കാരും കേന്ദ്രവും തമ്മിൽ വീണ്ടും പോര്. ആം ആദ്മി പാർട്ടി സർക്കാരിൽ ഉപദേശകരായി പ്രവർത്തിച്ചിരുന്ന ഒമ്പത് പേരെ നീക്കിയാണ് ഇത്തവണ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെടിപൊട്ടിച്ചിരിക്കുന്നത്. സർക്കാർ നിയമിച്ച ഉപദേശകരെ അനാവശ്യമായ ഇടപെടലിലൂടെയാണു കേന്ദ്രം പുറത്താക്കിയതെന്ന് എ.എ.പി സർക്കാർ പ്രതികരിച്ചു. ഇരട്ടപ്പദവി വിവാദത്തിൽ 20 എം.എൽ.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ദൽഹി ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണു പുതിയ ഏറ്റുമുട്ടൽ. 
ചട്ടങ്ങൾ പാലിക്കാതെയാണു നിയമനമെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്രത്തിന്റെ നടപടി. ഇത്തരം നിയമനങ്ങൾക്കു ധനവകുപ്പിന്റെ അനുമതി ആവശ്യമാണ്. അതു കിട്ടിയിട്ടില്ല. എന്നാൽ പല ഉപദേശകരും ശമ്പളമില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. പുറത്താക്കൽ നടപടിക്കു ദൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ അംഗീകാരം നൽകി. 
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകനായി പ്രവർത്തിച്ചിരുന്ന മുതിർന്ന എ.എ.പി നേതാവ് അതീഷി മർലേനയും പുറത്താക്കപ്പെട്ടവരിലുണ്ട്. ധനമന്ത്രിയുടെ ഉപദേഷ്ടാവ് രാഘവ് ചന്ദ, ഉപമുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അരുണോദയ് പ്രകാശ്, നിയമ മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അമർദീപ് തിവാരി, പൊതുമരാമത്ത് മന്ത്രിയുടെ ഉപദേഷ്ടാവ് രജത് തിവാരി, ഊർജ മന്ത്രിയുടെ ഉപദേഷ്ടാവ് സമീർ മൽഹോത്ര, പൊതുഭരണ വകുപ്പിലെ ഉപദേഷ്ടാവ് രാം കുമാർ ഝാ, ആഭ്യന്തര വകുപ്പിന്റെ ഉപദേശകൻ ബ്രിഗേഡിയർ ദിനകർ അദീപ്, ആരോഗ്യ വകുപ്പിലെ ഉപദേശകൻ പ്രശാന്ത് സക്‌സേന എന്നിവരാണു പുറത്താക്കപ്പെട്ട മറ്റുള്ളവർ.
മാസം വെറും ഒരു രൂപ ശമ്പളം വാങ്ങിയാണു താൻ പ്രവർത്തിച്ചിരുന്നതെന്നു പുറത്താക്കപ്പെട്ട ഉപദേശകരിൽ ഒരാളായ രാഘവ് ചന്ദ ട്വീറ്റ് ചെയ്തു. തന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ട്വിറ്ററിൽ പോസ്റ്റു ചെയ്ത ചന്ദ, എവിടെനിന്നാണു കേന്ദ്ര സർക്കാർ തന്നെ പുറത്താക്കിയതെന്നും ചോദിച്ചു. ഉത്തരേന്ത്യയെ വലയ്ക്കുന്ന നോട്ടുക്ഷാമം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മാനഭംഗങ്ങൾ തുടങ്ങിയവയിൽനിന്നു ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഈ നടപടിയിലൂടെ മോഡി സർക്കാർ ഉന്നം വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തലസ്ഥാനത്തു നടക്കുന്ന 'വിദ്യാഭ്യാസ വിപ്ലവം' കണ്ടു ഭയന്നാണു കേന്ദ്രം ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നു ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഓക്‌സ്ഫഡ് ഉൾപ്പെടെയുള്ള സർവകലാശാലകളിൽ പഠിച്ചിട്ടുള്ള അതീഷ മർലേനയെപ്പോലുള്ളവരെ പുറത്താക്കിയ നടപടിയിൽ അദ്ഭുതമില്ല. 
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കാര്യമായൊന്നും ചെയ്യാൻ മോഡി സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ മർലേനയുടെ നേതൃത്വത്തിൽ ദൽഹിയിൽ നടക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തെ തകർക്കാനാണ് ശ്രമമെന്ന് സിസോദിയ കുറ്റപ്പെടുത്തി.

 

Latest News