കഴുത്തില്‍ കത്തികൊണ്ട് കുത്തി, പിന്നെ ശ്വാസം മുട്ടിച്ചു; ആദം അലിയുടെ ക്രൂരത

തിരുവനന്തപുരം- മോഷണം ലക്ഷ്യമിട്ടാണ് കേശവദാസപുരം സ്വദേശിനി മനോരമയെ പ്രതി ആദം അലി കൊലപ്പെടുത്തിയതെന്ന് പോലീസ്. മനോരമയുടെ ആറ് പവന്‍ കണ്ടെത്താനായിട്ടില്ല. പരിചയമുള്ള ആളായിരുന്നതിനാല്‍ വീട്ടില്‍ പ്രവേശിക്കാന്‍ എളുപ്പമായിരുന്നുവെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രതി പബ്ജി കളിക്കുന്ന ആളായിരുന്നുവെന്നും പബ്ജിക്ക് അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് കരുതുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിച്ചു. കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള കിണറ്റില്‍ മൃതദേഹം കൊണ്ടിട്ടു. അതിന് ശേഷം റൂമില്‍ പോയി വസ്ത്രം മാറിയ ശേഷം നാട്ടില്‍ പോകാനായി ശ്രമിച്ചു. ഇതിനിടയില്‍ ചെന്നൈയില്‍ നിന്നാണ് പിടിയിലായതെന്നും വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയാണ് (68) ഞായറാഴ്ച പകല്‍ കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേഹം കിട്ടിയത്. സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭര്‍ത്താവ് ദിനരാജും.

 

Latest News