Sorry, you need to enable JavaScript to visit this website.

ബിഹാറിലെ മായാജാലം 


രണ്ടാം മോഡി സർക്കാരിൽ ജെ.ഡി.യുവിന്റെ മന്ത്രിയായിരുന്ന ആർ.പി. സിംഗിനെ കരുവാക്കി ബി.ജെ.പി വിമതനീക്കത്തിന് ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്. ഇതിന്റെ പേരിലാണ് മന്ത്രിയായിരുന്നിട്ടും സിംഗിന് വീണ്ടും രാജ്യസഭ സീറ്റ് നൽകാതിരുന്നത്. കഴിഞ്ഞ ദിവസം സ്വത്തുവിവരങ്ങൾ ചോദിച്ച് പാർട്ടി സിംഗിന് നോട്ടീസും നൽകി. തൊട്ടുപിന്നാലെ സിംഗ്  രാജിവെക്കുകയും ചെയ്തു. അത്ര തന്നെ യുനൈറ്റഡ് അല്ലാത്ത ജനതാദൾ യുനൈറ്റഡിൽ പണം വാരിയെറിഞ്ഞാൽ എത്ര പേരെ മറുകണ്ടം ചാടിക്കാനാവുമെന്ന് ഇനിയുള്ള നാളുകൾ തെളിയിക്കും. 


തെരഞ്ഞെടുപ്പു കാലത്ത് പണ്ടൊക്കെ കേൾക്കാറുള്ള ഒരു അനൗൺസ്‌മെന്റായിരുന്നു- പോളിംഗ് ബൂത്തിൽ ചെന്ന് നിങ്ങളുടെ വിലയേറിയ വോട്ടുകൾ ... സ്ഥാനാർഥിക്ക് രേഖപ്പെടുത്തുകയയെന്നത്. കാലം മാറിയപ്പോൾ കഥ മാറി. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും വിലയുള്ള വസ്തു നമ്മളൊക്കെ വോട്ട് നൽകി തെരഞ്ഞെടുത്തയക്കുന്ന എം.എൽ.എയാണ്. ഗോവയിൽ നിന്ന് അടുത്തിടെ ഒരു ഇംഗഌഷ് പത്രത്തിൽ വന്ന വാർത്തയിൽ പറയുന്നത് എം.എൽ.എയുടെ വില നാൽപത് കോടി വരെയായെന്നാണ്. മഹാരാഷ്ട്രയിലെ വലിയ ഓപറേഷന്റെ ക്ഷീണം തീരും മുമ്പിതാ ബിഹാർ മുഖ്യമന്ത്രിയുടെ രാജി. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒട്ടും ക്രെഡിബിലിറ്റിയില്ലാത്ത നേതാവാണ് നിതീഷ്. അടിയന്തരാവസ്ഥ ഉൽപന്നമായ ജനത പാർട്ടിയുടെ തുടർച്ചയായ ജനതാദളിന്റെ ഏതോ ഒരു കഷ്ണം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുണ്ട്. ആരുമായും കൂട്ടുകൂടും. എന്ത് നിലപാടും മാറ്റും. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും അധികാരമെന്നതാണ് കുമാരന് പ്രധാനം. കുറച്ചുകാലമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടിന് നേരെ വിരുദ്ധമായ പ്രസ്താവനകളിറക്കും. ഇതിലൊന്നും കാര്യമില്ല. പണ്ട് കടുത്ത മോഡി വിരുദ്ധനായിരുന്നു മൂപ്പർ. ബിഹാറിൽ മോഡിയുടെ പാർട്ടിക്കൊപ്പം തുടർച്ചയായി ഭരിക്കുന്നതിന് ഇതൊന്നും തടസ്സമായില്ലല്ലോ. ഒരു കണക്കിന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മഹാ സാധുവാണ്. സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ച് അസമിലെത്തുന്നതൊന്നും ആ പാവം മുൻകൂട്ടി അറിഞ്ഞില്ല. എന്നാൽ നിതീഷിനെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിലെ അട്ടിമറി വലിയ പാഠമാകുകയാണ് ചെയ്തത്. തന്ത്രശാലിയായ അദ്ദേഹം മോഡി-അമിത് ഷാ ദ്വയത്തിന്റെ നീക്കത്തിലെ അപകടം മണത്തറിഞ്ഞ് കളിക്കുകയാണ്. ഇതെവിടെ ചെന്നവസാനിക്കുമെന്ന് പറയാറായിട്ടില്ല. 2015 ലും നിതീഷ് ആർജെഡി സഖ്യത്തിനൊപ്പം ചേർന്ന് അധികാരത്തിലേറിയിരുന്നു. 2003 ൽ ജൻമം കൊണ്ട ജെഡിയു 2005 ൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ആയിരുന്നു മത്സരിച്ചിരുന്നത്. അന്ന് ആർജെഡിയെ മലർത്തിടയിച്ച് ഭരണം നേടാൻ സഖ്യത്തിന് സാധിച്ചു. 2010 ലും സഖ്യത്തിന് തുടർഭരണം ലഭിച്ചു. 2014 ലായിരുന്നു ബിജെപിയുമായി ആദ്യം നിതീഷ് കുമാർ ഇടയുന്നത്. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ തീരുമാനത്തോടെയായിരുന്നു ഇത്.

ഗുജറാത്ത് കലാപത്തിൽ കുറ്റാരോപിതനായ ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്നായിരുന്നു ജെഡിയു നിലപാട്. തുടർന്ന് 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടിയുമായി ചേർന്നായിരുന്നു ജെഡിയു മത്സരിച്ചത്. ആകെയുള്ള 40 സീറ്റിൽ പാർട്ടിക്ക് ജയിക്കാൻ സാധിച്ചത് വെറും രണ്ട് സീറ്റിലായിരുന്നു. പിന്നാലെ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയും ജിതിൻ റാം മഞ്ജിയുടെ നേതൃത്വത്തിൽ ജെഡിയു പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു. 


എൻഡിഎ മുന്നണിയിലെ ശക്തമായ സാന്നിധ്യമായിരുന്ന നിതീഷ് കുമാറും ജെഡിയവും മുന്നണിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു 2015 ൽ മുഖ്യ ശത്രുക്കളായ ആർജെഡിയും കോൺഗ്രസുമായും സഖ്യത്തിലെത്തിയത്. തെരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ 178 സീറ്റിലും ജയിച്ചു. നിതീഷ് തന്നെ മുഖ്യമന്ത്രിയായി. ഭരണം ഒരുമിച്ചായിരുന്നുവെങ്കിലും ആർജെഡിക്കും ജെഡിയുവിനുമിടയിലുള്ള അകൽച്ച ക്രമേണ  ശക്തമായിത്തുടങ്ങി. സർക്കാരിൽ പിടിമുറുക്കാനുള്ള ലാലു പ്രസാദ് യാദവിന്റെ നീക്കങ്ങൾ നിതീഷിനെ അസ്വസ്ഥനാക്കി. ഒടുവിൽ ലാലുവിനും കുടുംബത്തിനും എതിരായ സിബിഐ അന്വേഷണത്തോടെ സഖ്യം അവസാനിക്കുകയും ജെഡിയു ബിജെപിയുമായി സഖ്യം ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു. 2019 ൽ കടുത്ത ഭിന്നതകൾക്കിടയിലും ബിജെപിയുമായി സഖ്യത്തിൽ തന്നെ ജെഡിയു മത്സരിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സ്വപ്‌നം കണ്ട നിതീഷിന് തെറ്റി. വെറും 43 സീറ്റുകൾ കൊണ്ട് നിതീഷിന് തൃപ്തിപ്പെടേണ്ടി വന്നു. ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ചവെച്ചത്. 74 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇതോടെ ജെഡിയുവിനെ ബിജെപി കൈവിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കു ചൂട് പിടിച്ചെങ്കിലും അതിനെയെല്ലാം തള്ളി നിതീഷിനെ തന്നെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു. മുഖ്യമന്ത്രി പദം ലഭിച്ചെങ്കിലും ബിജെപി അവഗണിക്കുന്നുവെന്ന വികാരം ജെഡിയുവിൽ ശക്തമായിരുന്നു. പാർട്ടി നേതാക്കൾക്ക് കേന്ദ്രമന്ത്രി പദം നൽകാത്തത് മുതൽ അഗ്‌നിപഥ് വിഷയത്തിൽ ഉൾപ്പെടെ നിതീഷും ബിജെപിയും പരോക്ഷമായും പ്രത്യക്ഷമായുമെല്ലാം കൊമ്പ് കോർത്തു. ഈ തർക്കങ്ങളാണ് ഇപ്പോൾ സഖ്യം അവസാനിപ്പിക്കുന്നതിൽ  എത്തിനിൽക്കുന്നത്.
ബിഹാറിൽ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചത്.  ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം പടനയിൽ ഗവർണർ ഫാഗു ചൗഹാനെ കണ്ട് രാജിക്കത്ത് നൽകുകയും ചെയ്തു. ബി.ജെ.പിയുമായുള്ള സഖ്യം അവസാനിച്ചതായി നിതീഷ് കുമാർ അറിയിച്ചിട്ടുണ്ട്. ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിക്കാനാണ് പരിപാടി. ബി.ജെ.പിയും നിതീഷ് കുമാറും 2017 ൽ ഒരുമിച്ച് സർക്കാർ രൂപീകരിച്ചത് മുതൽ ആരംഭിച്ച പ്രശ്‌നങ്ങൾ അടുത്തിടെ  രൂക്ഷമായിരുന്നു. 


നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദളിനെ (യുനൈറ്റഡ്) പിളർത്തി  മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയെ അട്ടിമറിച്ചതിന് സമാനമായ നീക്കം ബി.ജെ.പി നടത്തിയെന്ന് ജെ.ഡി.യു നേതാക്കൾ ആരോപിച്ചിരുന്നു.   അധികാരമേറ്റത് മുതൽ പരസ്യമായ തർക്കങ്ങളിൽ നിന്ന് അകലം പാലിച്ചു പോന്നിരുന്ന നിതീഷ്, പാർട്ടിയെ പിളർത്താൻ ബി.ജെ.പി ശ്രമം നടത്തുന്നതായുള്ള സൂചനകൾക്ക് പിന്നാലെയാണ് അടിയന്തര നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ നിതീഷ് പങ്കെടുത്തിരുന്നില്ല. ബിഹാറിൽ ശക്തമായ മതേതര നിലപാടെടുക്കുന്ന പാർട്ടിയാണ് ആർജെഡി. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കേയാണ് എൽ.കെ. അദ്വാനിയുടെ രഥയാത്ര സംസ്ഥാനത്ത് തടഞ്ഞത്. 


ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം ഇന്നലെ രാബ്‌റി ദേവിയുടെ വസതിയിൽ യോഗം ചേർന്നു. ആർജെഡി, കോൺഗ്രസ്, ഇടത് പാർട്ടി എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ് നിതീഷിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.  തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്ന് ആർജെഡി എംഎൽഎമാരും അറിയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചപ്പോൾ പാർട്ടിയിലെ എല്ലാ എംഎൽഎമാരും എംപിമാരും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ  തീരുമാനത്തെ പിന്തുണയ്ക്കുകയും അദ്ദേഹത്തിനൊപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ജെഡിയു  നേതാക്കളുടെ യോഗ തീരുമാനം പുറത്തു വന്നതോടെ രാബ്‌റി ദേവിയുടെ വസതിയിൽ ആഘോഷം ആരംഭിച്ചിരുന്നു, ലാലു പ്രസാദ്  യാദവിന്റെ മകൾ ചന്ദ ട്വീറ്ററിൽ കുറിച്ചത്   'തേജസ്വി ഭവ: ബിഹാർ' എന്നാണ്.  ബിഹാറിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ആദ്യ പ്രതികരണം ഇതായിരുന്നു.  ഇതോടെ ബിഹാറിൽ സഖ്യം തകർന്നതായി  ഉറപ്പിക്കുകയായിരുന്നു.  ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കിൽ നിതീഷുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യം നേതാക്കൾ അറിയിച്ചിരുന്നു.
243 അംഗ ബിഹാർ നിയമസഭയിൽ 80 സീറ്റുമായി ആർജെഡിയാണ് വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 77 സീറ്റും ജെഡിയുവിന് 55 സീറ്റുമാണുള്ളത്. ആർജെഡിയുമായി സഖ്യത്തിലുള്ള കോൺഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.


എൻഡിഎ സഖ്യകക്ഷിയായ വികാസ്ഷീൽ ഇഹ്‌സാൻ പാർട്ടിയെ പിളർത്തി അവരുടെ നാലിൽ മൂന്ന് എംഎൽഎമാരേയും ബിജെപിയിൽ ചേർത്തിട്ടുണ്ട്. ഇതോടെ 77 സീറ്റുകൾ  ബിജെപി  സ്വന്തമാക്കി.  ഉവൈസിയുടെ എഐംഐഎമ്മിന്റെ അഞ്ചിൽ നാല് എംഎൽഎമാർ  ആർജെഡിയിൽ ചേർന്നിരുന്നു. ആർജെഡിക്ക് നിലവിൽ  79 സീറ്റുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസ് പാർട്ടി ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സീമാഞ്ചൽ മേഖലയിൽ പാർട്ടി അഞ്ച് സീറ്റിൽ ജയിച്ചു. തേജസ്വി യാദവിന്റെ സാധ്യത ഇല്ലാതാക്കി മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിച്ച് ഹൈദരാബാദുകാരൻ എൻഡിഎയെ പരോക്ഷമായി സഹായിക്കുകയായിരുന്നു.  ബിഹാറിലെ ബലത്തിൽ പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ മജ്‌ലിസ് പാർട്ടി മൽസരിച്ചെങ്കലും തോൽവിയായിരുന്നു ഫലം.  അധികനാൾ ഉവൈസിയുടെ പാർട്ടിക്ക് തിളങ്ങാൻ സാധിച്ചില്ല. അഞ്ചിൽ നാല് എംഎൽഎമാർ രാജിവെച്ച് ആർജെഡിയിൽ ചേർന്നു. ഇപ്പോൾ ആർജെഡിക്ക് 79 അംഗങ്ങളുടെ പിന്തുണയുണ്ട്. 


ജനതാദളിനെ (യുനൈറ്റഡ്) പിളർത്താൻ കേന്ദ്ര മന്ത്രി അമിത് ഷാ പ്രവർത്തിക്കുന്നുവെന്ന ജെഡിയുവിന്റെ ആശങ്കയെച്ചൊല്ലിയായിരുന്നു ഇരു പാർട്ടികളും തമ്മിലുള്ള ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 
പാർട്ടിക്കുള്ളിൽ വിമതരെ സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് ജെഡിയു നേതൃത്വത്തിന്റെ സംശയം. രണ്ടാം മോഡി സർക്കാരിൽ ജെഡിയുവിന്റെ മന്ത്രിയായിരുന്ന ആർ.പി. സിംഗിനെ കരുവാക്കി ബിജെപി. വിമത നീക്കത്തിന് ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്. ഇതിന്റെ പേരിലാണ് മന്ത്രിയായിരുന്നിട്ടും സിംഗിന് വീണ്ടും രാജ്യസഭ സീറ്റ് നൽകാതിരുന്നത്. കഴിഞ്ഞ ദിവസം സ്വത്തുവിവരങ്ങൾ ചോദിച്ച് പാർട്ടി സിംഗിന് നോട്ടീസും നൽകി. തൊട്ടുപിന്നാലെ സിംഗ്  രാജിവെക്കുകയും ചെയ്തു. അത്ര തന്നെ യുനൈറ്റഡ് അല്ലാത്ത ജനതാദൾ യുനൈറ്റഡിൽ പണം വാരിയെറിഞ്ഞാൽ എത്ര പേരെ മറുകണ്ടം ചാടിക്കാനാവുമെന്ന് ഇനിയുള്ള നാളുകൾ തെളിയിക്കും. കോൺഗ്രസ്, ഇടതുപക്ഷം, ആർജെഡി പാർട്ടികൾ നിതീഷിനെ പിന്തുണയ്ക്കുന്നത്  ബിജെപിയ്ക്കും അത്ര സുഖകരമല്ല. മമത പോലും നിശ്ശബ്ദമാവുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഹാറിൽ നിന്ന് ദേശീയ ബദലിനുള്ള സാധ്യതയും തെളിയുന്നുണ്ട്. 

Latest News