Sorry, you need to enable JavaScript to visit this website.

വൈദ്യുതി നിയമ ഭേദഗതി ബിൽ എതിർക്കപ്പെടണം

ക്രോസ് സബ്‌സിഡിയിലൂടെയാണ് മിക്ക സംസ്ഥാനങ്ങളും വൈദ്യുതി വിതരണത്തിൽ സന്തുലിത വ്യവസ്ഥ നിലനിർത്തുന്നത്. അതായത് പാവപ്പെട്ടവർക്ക് ഉൽപാദന ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് വൈദ്യുതി നൽകുമ്പോൾ ഇതു വഴിയുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കാൻ സമ്പന്നരിൽ നിന്നും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നും കൂടുതൽ പണം ഈടാക്കുന്നു. സ്വകാര്യ കമ്പനികൾ വിതരണത്തിലേക്ക് കടന്നു വരുമ്പോൾ ഈ തത്വം പൂർണമായും അട്ടിമറിക്കപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യാഘാതം. അതുകൊണ്ട് തന്നെ വൈദ്യുതി നിയമ ഭേദഗതി അതിശക്തമായി തന്നെ എതിർക്കപ്പെടേണ്ടതുണ്ട്.

 

വൈദ്യുതി വിതരണ മേഖലയിൽ വിപുലമായ സ്വകാര്യവൽക്കരണത്തിന് വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിക്കുകയും കൂടുതൽ പരിശോധനകൾക്കായി പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടുകയും ചെയ്തിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികൾ കടുത്ത എതിർപ്പുമായി രംഗത്തുണ്ടെങ്കിലും ബിൽ നിയമമാക്കുന്നതിൽ നിന്ന് ഒരു കാരണവശാലും പിന്നോക്കം പോകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. 
നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നാൽ വൈദ്യുതി വിതരണ രംഗത്ത് സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള പരിപൂർണ അവകാശം ഇല്ലാതാകുകയും വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ കമ്പനികൾ നിഷ്പ്രയാസം കടന്നു വരികയും ചെയ്യും. സ്വകാര്യ ടെലികോം കമ്പനികളെ പോലെ വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾ കടന്നു വരുന്നത് മത്സരാത്മകമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും വില കുറയുകയും, നൽകുന്ന സേവനങ്ങളുടെ നിലവാരം കൂടുകയും ചെയ്യുമെന്ന തോന്നൽ പൊതു സമൂഹത്തിൽ ഉണ്ടാകാം. ഈ തോന്നൽ തന്നെയാണ് വൈദ്യുതി നിയമ ഭേദഗതി ബില്ലുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാരിന് ഊർജം പകരുന്നത്.
നിലവിൽ സംസ്ഥാന സർക്കാരുകളുടെ അധീനതയിലുള്ള വൈദ്യുതി വിതരണ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വൈദ്യുതി വിതരണ കമ്പനികളുടെ പ്രവർത്തനം ക്രമേണ നിലച്ചു പോകുകയും സ്വകാര്യ കമ്പനികൾ നിശ്ചയിക്കുന്ന വില വൈദ്യുതിക്ക് ജനങ്ങൾ നൽകേണ്ടി വരികയും ചെയ്യും. കേരളം ഉൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 75 ശതമാനത്തിലധികം വരുന്ന ഗാർഹിക ഉപഭോക്താക്കൾക്കും കർഷകർക്കും വലിയ തോതിൽ സബ്‌സിഡി നൽകിക്കൊണ്ടാണ് ഇപ്പോൾ വൈദ്യുതി വിതരണം നടന്നു വരുന്നത്. ഇതുമൂലമുണ്ടാകുന്ന നഷ്ടം സർക്കാരുകൾ സഹിക്കുകയോ അതല്ലെങ്കിൽ വാണിജ്യ ഉപഭോക്താക്കളിൽ നിന്ന് ഉൽപാദന, വിതരണ ചെലവിനേക്കാൾ അധികം തുക ഈടാക്കി സബ്‌സിഡി നഷ്ടം കുറച്ചുകൊണ്ടു വരികയോ ആണ് ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി വിതരണത്തിലെ സബ്‌സിഡി സർക്കാരറിന് ഓരോ വർഷവും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. 
പ്രധാനപ്പെട്ട നാലു വ്യവസ്ഥകളാണ് പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ള വൈദ്യുതി ഭേദഗതി ബില്ലിലുള്ളത്. അതിൽ ഏറ്റവും കൂടുതൽ എതിർക്കപ്പെടണ്ട വ്യവസ്ഥകളിലൊന്ന് വൈദ്യുതി വിതരണത്തിലെ സ്വകാര്യവൽക്കരണമാണ്. നിലവിൽ ദൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ആഗ്ര തുടങ്ങിയ വൻ വ്യവസായ നഗരങ്ങളിൽ വൈദ്യുതി വിതരണത്തിനായി സ്വകാര്യ കുത്തക കമ്പനികളുണ്ട്. വ്യാവസായികമായി വലിയ തോതിലുള്ള വൈദ്യുതി ഉപഭോഗമുള്ള ഈ നഗരങ്ങളിൽ സ്വകാര്യ കമ്പനികൾ വൈദ്യുതി വിതരണ രംഗത്തുള്ളത് ഒരു പക്ഷേ വ്യാവസായിക മേഖലയ്ക്ക് ഗുണകരമാകുന്നുണ്ടാകും. എന്നാൽ മറ്റെല്ലായിടത്തും സംസ്ഥാന സർക്കാരുകൾ തന്നെയാണ് പൊതുമേഖല വഴി വൈദ്യുതി വിതരണത്തിന് നേതൃത്വം നൽകുന്നത്. പൊതുമേഖല വഴിയുള്ള വൈദ്യുതി വിതരണം സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയല്ല നടക്കുന്നത്. അതുകൊണ്ടാണ് സമ്പൂർണ വൈദ്യുതിവൽക്കരണം എന്ന ആശയത്തിലേക്ക് പല സംസ്ഥാനങ്ങളും നീങ്ങിത്തുടങ്ങിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഏറെ മുന്നോട്ട് പോയ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.
വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നഗര മേഖലയിൽ നൂറ് ശതമാനവും ഗ്രാമീണ, നഗര സങ്കലന മേഖലകളിൽ 74 ശതമാനവും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതായത് ഗ്രാമീണ, നഗര സങ്കലന മേഖലകളിലെ കേവലം 26 ശതമാനം പ്രദേശങ്ങളിൽ മാത്രമേ സംസ്ഥാന സർക്കാരുകൾ വഴി പൊതുമേഖലയിലുള്ള വൈദ്യുതി വിതരണം നടക്കുകയുള്ളൂവെന്നർത്ഥം.

ഒരേ മേഖലയിൽ തന്നെ ഒന്നിൽ കൂടുതൽ സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണത്തിന് അനുമതി നൽകിക്കൊണ്ട് ഇഷ്ടമുള്ള കമ്പനികളെ തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവസരം നൽകുന്നതാണ് വൈദ്യുതി ഭേദഗതി ബിൽ. വൈദ്യുതി വിതരണത്തിനായി സ്വകാര്യ കമ്പനികൾ യാതൊരു മുതൽമുടക്കും നടത്തേണ്ടതില്ല, മറിച്ച്, സംസ്ഥാന സർക്കാരോ, പൊതുമേഖല സ്ഥാപനങ്ങളോ വർഷങ്ങളുടെ ശ്രമഫലമായി സൃഷ്ടിച്ചെടുത്ത വിതരണ ശൃംഖലകളും കാബിൾ നെറ്റ്‌വർക്കുകളും  പൂർണമായി സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാനാകും. പുതിയ വിതരണ ലൈനുകൾ ഒന്നും തന്നെ സ്വകാര്യ കമ്പനികൾ സ്ഥാപിക്കേണ്ടതില്ല. മാത്രമല്ല, സ്വകാര്യ കമ്പനികൾക്ക് ഏത് സമയത്ത് വേണമെങ്കിലും വൈദ്യുതി വിതരണത്തിനുള്ള അനുമതി വാങ്ങുകയും എപ്പോൾ വേണമെങ്കിലും വിട്ടുപോകുകയും ചെയ്യാം. 
ഒരു സ്വകാര്യ കമ്പനി വൈദ്യുതി വിതരണത്തിനായി അപേക്ഷ നൽകി രജിസ്‌ട്രേഷൻ നടത്തിയാൽ സർക്കാർ രണ്ടു മാസത്തിനകം അനുമതി നൽകണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇല്ലെങ്കിൽ രണ്ടു മാസത്തിന് ശേഷം അനുമതി ലഭിച്ചതായി കണക്കാക്കി സ്വകാര്യ കമ്പനിക്ക് വൈദ്യുതി വിതരണം നടത്താം. വളരെ വ്യക്തവും രാജ്യത്തിന്റെ താൽപര്യങ്ങളെ ബാധിക്കുന്ന വിധത്തിലുമുള്ള കാരണങ്ങളുണ്ടെങ്കിലേ അനുമതി നിഷേധിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുള്ളൂ. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കേന്ദ്ര വൈദ്യുതി അതോറിറ്റിയാണ് അനുമതി നൽകേണ്ടത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയാകെ തകർത്തുകൊണ്ടും സംസ്ഥാന സർക്കാരറിന്റെ അധികാരങ്ങൾ പൂർണമായി ഇല്ലാതാക്കിക്കൊണ്ടും സ്വകാര്യ കുത്തക കമ്പനികൾക്ക് പൊതുമേഖല സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വലിയ രീതിയിൽ കൊള്ള ലാഭം കൊയ്യാനുള്ള വിശാല അവസരമാണ് കേന്ദ്ര സർക്കാർ വൈദ്യുതി നിയമ ഭേദഗതിയിലൂടെ തുറന്നിട്ടിട്ടുള്ളത്. 
ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം പാവപ്പെട്ടവർക്കും കർഷകർക്കുമെല്ലാം വൈദ്യുതി അപ്രാപ്യമാകുമെന്നതാണ്. സ്വകാര്യ കമ്പനികൾ തീരുമാനിക്കുന്ന വിലയ്ക്ക് ഉപഭോക്താക്കൾ വൈദ്യുതി വാങ്ങേണ്ടി വരും. സ്വകാര്യ കമ്പനികൾ വൈദ്യുതി വിതരണത്തിലേക്കെത്തിയാലും ഗാർഹിക ഉപഭോക്താക്കൾക്കും  കർഷകർക്കുമുള്ള സബ്‌സിഡി നിലനിർത്തുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ ഇത് പ്രായോഗികമാകുന്ന കാര്യമല്ലെന്ന് ഊർജ രംഗത്തെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യം കണ്ട ഏറ്റവും വലിയ കർഷക സമരത്തിൽ കർഷകർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം എന്നതായിരുന്നു.
ക്രോസ് സബ്‌സിഡിയിലൂടെയാണ് മിക്ക സംസ്ഥാനങ്ങളും വൈദ്യുതി വിതരണത്തിൽ സന്തുലിത വ്യവസ്ഥ നിലനിർത്തുന്നത്. അതായത് പാവപ്പെട്ടവർക്ക് ഉൽപാദന ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് വൈദ്യുതി നൽകുമ്പോൾ ഇതു വഴിയുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കാൻ സമ്പന്നരിൽ നിന്നും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നും കൂടുതൽ പണം ഈടാക്കുന്നു. സ്വകാര്യ കമ്പനികൾ വിതരണത്തിലേക്ക് കടന്നു വരുമ്പോൾ ഈ തത്വം പൂർണമായും അട്ടിമറിക്കപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യാഘാതം. അതുകൊണ്ട് തന്നെ വൈദ്യുതി നിയമ ഭേദഗതി അതിശക്തമായി തന്നെ എതിർക്കപ്പെടേണ്ടതുണ്ട്.
 

Latest News