Sorry, you need to enable JavaScript to visit this website.

ഭർത്താവിനെ മർദ്ദിച്ച യുവതിക്ക് ആറു ദിവസം തടവ്

റിയാദ് - ഭർത്താവിനെ മർദിച്ച യുവതിയെ കോടതി ആറു ദിവസം തടവിന് ശിക്ഷിച്ചതായി സൗദി അഭിഭാഷകൻ നവാഫ് അൽനബാതി വെളിപ്പെടുത്തി. കുടുംബ കലഹത്തിനിടെ ഗ്ലാസ് കപ്പ് ഉപയോഗിച്ച് യുവതി ഭർത്താവിന്റെ ശിരസ്സിൽ അടിക്കുകയായിരുന്നു. അടിയേറ്റ് ഭർത്താവിന്റെ ശിരസ്സിൽ മുറിവേറ്റു. ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമിടെ യുവതി കുറ്റസമ്മതം നടത്തിയിരുന്നു. തർക്കത്തിനിടെയാണ് ഭർത്താവിനെ ഗ്ലാസ് കപ്പ് ഉപയോഗിച്ച് അടിച്ചതെന്ന് യുവതി പറഞ്ഞു. 
കൂട്ടുകാരി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ഓൺലൈൻ ടാക്‌സിയിൽ പോകുന്നത് ഭർത്താവ് വിലക്കിയതാണ് തർക്കം ഉടലെടുക്കാൻ കാരണമെന്ന് വിചാരണക്കിടെ കോടതിയിൽ വെച്ച് യുവതി കുറ്റസമ്മതം നടത്തി. കൂട്ടുകാരിയുടെ വിരുന്നിൽ പങ്കെടുക്കാൻ പോകുന്നതിനു വേണ്ടി ഓൺലൈൻ ടാക്‌സിയിൽ കയറിയ തന്നെ ഭർത്താവ് നിർബന്ധിച്ച് പുറത്തിറക്കി. വീട്ടിൽ തിരികെ പ്രവേശിച്ച താൻ മുന്നിൽ കണ്ട ഗ്ലാസ് കപ്പ് എടുത്ത് ഭർത്താവിന്റെ ശിരസ്സിന് അടിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.
മർദനത്തിൽ ഭർത്താവിന്റെ ശിരസ്സിലുണ്ടായ മുറിവിൽ പത്തു തുന്നലുകൾ ഇട്ടിരുന്നു. മുറിവ് ഭേദമാകാൻ പതിനഞ്ചു ദിവസത്തിലേറെ എടുക്കുകയും ചെയ്തു. കേസ് അനുരഞ്ജനത്തിലൂടെ ഒത്തുതീർക്കാമെന്ന ജഡ്ജിയുടെ ഓഫർ യുവാവ് നിരാകരിച്ചു. തുടർന്ന് ജഡ്ജി യുവതിയെ ആറു ദിവസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നെന്നും സൗദി അഭിഭാഷകൻ നവാഫ് അൽനബാതി പറഞ്ഞു.
 

Latest News