Sorry, you need to enable JavaScript to visit this website.

മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കൽ: യാത്രക്കാർക്ക് പിഴയില്ല

നജ്‌റാൻ - മലവെള്ളപ്പാച്ചിലുകൾക്കിടെ താഴ്‌വരകൾ മുറിച്ചുകടക്കുന്നതിനുള്ള പിഴ ഡ്രൈവർമാർക്കൊപ്പം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ബാധകമല്ലെന്നും ഡ്രൈവർമാർക്ക് മാത്രമാണ് പിഴ ചുമത്തുകയെന്നും നജ്‌റാൻ ട്രാഫിക് പോലീസ് മേധാവി കേണൽ മനാഹി അൽസുബൈഇ പറഞ്ഞു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് ഡ്രൈവർക്ക് 10,000 റിയാൽ തോതിലാണ് പിഴ ചുമത്തുക. മലവെള്ളപ്പാച്ചിലുകൾക്കിടെ താഴ്‌വരകൾ മുറിച്ചുകടന്നതുമായി ബന്ധപ്പെട്ട ഏതാനും കേസുകൾ ട്രാഫിക് ഡയറക്ടറേറ്റിനെ സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. ഈ കേസുകളിൽ ഡ്രൈവർമാർക്ക് മാത്രമാണ് പിഴകൾ ചുമത്തിയതെന്നും കേണൽ മനാഹി അൽസുബൈഇ പറഞ്ഞു.
കഴിഞ്ഞ ദിവസം പടിഞ്ഞാറൻ നജ്‌റാനിൽ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മലവെള്ളപ്പാച്ചിലിൽ പെട്ടിരുന്നു. ഭാഗ്യം കൊണ്ടാണ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത്. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കല്ലിൽ തട്ടി കാർ കുടുങ്ങുകയും എൻജിൻ കേടായും വെള്ളം കയറിയും കാർ പ്രവർത്തനരഹിതമാവുകയുയിരുന്നു. ഗൃഹനാഥനായ ഹമദ് ആലുശരിയ അഞ്ചും മൂന്നും വയസ് വീതം പ്രായമുള്ള രണ്ടു മക്കളെ സാഹസികമായി താഴ്‌വരയുടെ മറുകരയിൽ എത്തിച്ചു. പ്രദേശവാസികൾ ഓടിക്കൂടി പതിമൂന്നും പത്തും ഒമ്പതും വയസ് വീതം പ്രായമുള്ള മക്കളെയും കാറിൽ നിന്ന് രക്ഷിച്ചു. ഏറ്റവും ഒടുവിൽ സൗദി പൗരൻ തന്നെ കാറിൽ നിന്ന് ഭാര്യയെയും സുരക്ഷിതമായി പുറത്തെത്തിച്ചു. താഴ്‌വരയിൽ മലവെള്ളപ്പാച്ചിൽ അവസാനിച്ച ശേഷം കാറും പുറത്തെടുത്തു. 

Latest News