വാട്‌സ്ആപ്പില്‍ പ്രൈവസിയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ മെറ്റ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഉപദേശം. സംഭാഷണങ്ങള്‍ സുരക്ഷിതമാക്കാനും സന്ദേശമയക്കുമ്പോള്‍ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കപ്പെടാനുമുള്ള ഫീച്ചറുകളാണിതെന്ന് അദ്ദേഹം പറഞ്ഞു.
ആരേയും അറിയിക്കാതെ ഗ്രൂപ്പ് ചാറ്റുകളില്‍നിന്ന് പിന്‍വാങ്ങാന്‍ പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഓണ്‍ലൈനിലാണെന്ന് ആരൊക്കെ അറിയണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഒറ്റത്തവണ കാണാന്‍ മാത്രം അയക്കുന്ന ഉള്ളടക്കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയാമെന്നും വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ മെസേജുകള്‍ സുരക്ഷിതമാക്കാനുള്ള കൂടുതല്‍ വഴികള്‍ കണ്ടെത്തുകയാണെന്നും മുഖാമുഖം സംസാരിക്കുന്നതുവപോലെ ചാറ്റുകള്‍ സുരക്ഷിതമാക്കാമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
ആരേയും അറിയിക്കാതെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് രഹസ്യമായി പിന്‍വാങ്ങാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സേവനം ഈ മാസം തന്നെ എല്ലാവര്‍ക്കും ലഭ്യമാകും. നിലവില്‍ ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റ് ആകുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവര്‍ക്കും നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇത് മാറ്റി അഡ്മിനു മാത്രം അറിയിപ്പ് ലഭിക്കുന്ന രീതിയിലേക്കാണ് മാറ്റുന്നത്.
നിങ്ങള്‍ ഓണ്‍ലൈനിലാണെങ്കില്‍ അത് ആരൊക്കെ അറിയണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നതാണ് വാട്‌സ്ആപ്പിലെ മറ്റൊരു പുതിയ ഫീച്ചര്‍. പരീക്ഷണാര്‍ഥം ലഭ്യമാക്കിയ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ഈ മാസം മുതല്‍ ലഭിക്കും. വ്യൂ വണ്‍സ് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയുന്നതാണ് മറ്റൊരു ഫീച്ചര്‍. പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ സേവനം അധികം വൈകാതെ എല്ലാവര്‍ക്കും ലഭിക്കും.
ഉപയോക്താക്കള്‍ തമ്മിലുള്ള സംഭാഷണം സുരക്ഷിതമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വാട്‌സ്ആപ്പ് പ്രോഡക്ട് മേധാവി അമി വോറ പറഞ്ഞു. ചാറ്റുകള്‍ സ്വകാര്യമായിരിക്കണമെന്ന പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനാണ് വാട്‌സ്ആപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വോറ പറഞ്ഞു.
പുതിയ ഫീച്ചറുകളെ കുറിച്ച് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കാന്‍ ആഗോള കാമ്പയിന്‍ നടത്തും. ഇതിന് ഇന്ത്യയിലും യു.കെയിലും തുടക്കം കുറിക്കുമെന്നും വാട്‌സ്ആപ്പിലെ സ്വകാര്യ സംഭാഷണങ്ങള്‍ സുരക്ഷിതമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധവല്‍കരിക്കുമെന്നും അമി വോറ കൂട്ടിച്ചേര്‍ത്തു.