നിതീഷ് ബിഹാര്‍ ജനതയെ വഞ്ചിച്ചു, രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി

പട്‌ന- എന്‍.ഡി.എ സഖ്യം വിട്ട് രാജിവെക്കുകയും പ്രതിപക്ഷത്തിനൊപ്പം ചേരുകയും ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്ത്. കാലുമാറ്റം നടത്തി നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെയാണ് വഞ്ചിച്ചതെന്ന് ബി.ജെ.പിയുടെ വിമര്‍ശനം. ഇപ്പോള്‍ കാണിച്ച വഞ്ചനക്ക് ജനങ്ങള്‍ നിതീഷിന് മാപ്പ് കൊടുക്കില്ലെന്ന് ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്‌വാള്‍ പറഞ്ഞു.

2020 ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെയാണ് ജനങ്ങള്‍ തിരഞ്ഞെടുത്തത്. രണ്ടാമത്തെ കക്ഷിയായിട്ടും നിതീഷിനെയാണ് മുഖ്യമന്ത്രിയാക്കിയത്. എന്നിട്ടും സഖ്യം അവസാനിപ്പിക്കാനുള്ള നിതീഷിന്റെ തീരുമാനം ജനങ്ങളോടും ബി.ജെ.പിയോടുമുള്ള വഞ്ചനയാണ്. കേന്ദ്രമന്ത്രിയും ബിഹാര്‍ ബി.ജെ.പിയിലെ പ്രമുഖനുമായ ഗിരിരാജ് സിങ്ങും നിതീഷിനെതിരെ രംഗത്ത് വന്നു.

സഖ്യസര്‍ക്കാരില്‍ വിള്ളല്‍ വീഴ്ത്തിയത് നിതീഷ് ആണെന്നാണ് കേന്ദ്ര മന്ത്രിയുടെ ആരോപണം. ബി.ജെ.പിക്ക് 63 എം.എല്‍.എമാരുള്ളപ്പോഴും 36 എം.എല്‍.എമാരുള്ള നിതീഷിനെയാണ് മുഖ്യമന്ത്രിയാക്കിയത്. ബി.ജെ.പിയുടെ സംസ്ഥാന മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ മോഡി, മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പട്‌നയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

Latest News