ഡാമുകള്‍ തുറന്നുവിട്ടു, താഴ്‌വാരങ്ങള്‍ വെളളത്തിലായി

ഇടുക്കി- ജലനിരപ്പ് താഴാത്തതിനാല്‍  മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളും തുറന്നതോടെയും ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ വെളളം ഒഴുക്കിയതോടെയും ഇരു അണക്കെട്ടുകളുടെയും താഴ്‌വാരങ്ങള്‍ വെളളത്തിലായി. 100ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറുകളും ഇന്നലെ രാവിലെയാണ് തുറന്നത്. 10 വെര്‍ട്ടിക്കല്‍ ഷട്ടറുകളാണ് 90 സെ.മീ. തുറന്ന് വച്ചിരുന്നത്. ഇന്നലെ രാവിലെ 3 റേഡിയല്‍ ഷട്ടറുകള്‍കൂടി 60 സെ.മീ. വീതം തുറന്നു. ജലനിരപ്പ് കുറയാതെ വന്നതോടെ ഉച്ചക്ക് ശേഷം ഇത് 90 സെ.മീ. ആക്കി ഉയര്‍ത്തി. ഇതോടെ 10400 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്. തുടര്‍ന്ന് വള്ളക്കടവ്, കറുപ്പുപാലം മേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. സെക്കന്റില്‍ ശരാശരി 11683 ഘനയടി വെള്ളം അണക്കെട്ടിലേക്ക് എത്തുമ്പോള്‍ 2216 ഘനയടി വീതം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഇന്നലെ രാത്രി 9ന് 139.5 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. തിങ്കളാഴ്ച രാത്രിയിലുണ്ടായിരുന്ന വെളളം ഒട്ടും കുറഞ്ഞിട്ടില്ല.
ഇടുക്കി പദ്ധതിയിലെ തുറന്നിരുന്ന ഷട്ടറുകള്‍ ഇന്നലെ രണ്ട് ഘട്ടമായി കൂടുതലുയര്‍ത്തി ഒഴുക്കുന്ന വെള്ളം 3.5 ലക്ഷം ലിറ്ററിലേക്ക് ഉയര്‍ത്തി. എന്നിട്ടും ജലനിരപ്പ് തിങ്കളാഴ്ചയേക്കാള്‍ ഒരടി കൂടി.  ഇന്ന്  5 ലക്ഷം ലിറ്റര്‍ വരെ വെളളം ഒഴുക്കാനാണ് പദ്ധതി. കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ തടിയമ്പാട്, പെരിയാര്‍വാലി ചപ്പാത്തുകള്‍ വെള്ളത്തിനടിയിലായി. ഇവിടെ  52 കുടുംബങ്ങളെ മാറ്റി. 2387.44 അടിയാണ് ഇടുക്കി അണക്കെട്ടില്‍ രാത്രി 8 മണിയിലെ ജലനിരപ്പ്.

 

Latest News