ടിക് ടോക് താരത്തിന്റെ ദുരൂഹ മരണം:   ഷിന്‍ഡെ മന്ത്രിസഭയില്‍ റാത്തോഡിനെ  ഉള്‍പ്പെടുത്തിയതില്‍ തര്‍ക്കം

മുംബൈ- ഷിന്‍ഡെ മന്ത്രിസഭയില്‍ സഞ്ജയ് റാത്തോഡിനെ ഉള്‍പ്പെടുത്തിയതിനെ ചൊല്ലി ബി.ജെ.പിയില്‍ പടയൊരുക്കം. മഹാരാഷ്ട്രയിലെ ടിക് ടോക് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആളാണ് സഞ്ജയ് റാത്തോഡ്. ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്ന റാത്തോഡ് ബി.ജെ.പി ആരോപണത്തെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ചിത്ര വാഗ വിമര്‍ശനവുമായി രംഗത്തെത്തി. മഹാരാഷ്ട്രയുടെ മകളായ പൂജ ചവാന്റെ മരണത്തില്‍ ആരോപണ വിധേയനായ സഞ്ജയ് റാത്തോഡിനെ മന്ത്രിയാക്കിയത് നിര്‍ഭാഗ്യകരമാണെന്ന് ചിത്ര ആരോപിച്ചു. സഞ്ജയ് റാത്തോഡിനെതിരായ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പൊലീസ് സഞ്ജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. അത് കൊണ്ടാണ് മന്ത്രിയാക്കിയത്. ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. മുഖ്യമന്ത്രി പറഞ്ഞു.സഞ്ജയ് റാത്തോഡും ടിക് ടോക് താരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് ആരോപണം. 
 

Latest News