Sorry, you need to enable JavaScript to visit this website.

അൽ ഐനിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം

അൽെഎനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തില്ലങ്കേരി സ്വദേശി അബ്ദുറഹ്മാനുള്ള നഷ്ടപരിഹാരം അദ്ദേഹത്തിന്റെ അഭിഭാഷകൻ സലാം പാപ്പിനിശ്ശേരി കൈമാറുന്നു.

കണ്ണൂർ- യു.എ.ഇ പൗരൻ ഉണ്ടാക്കിയ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ തില്ലങ്കേരി സ്വദേശിക്കു രണ്ട് കോടി രൂപ (പതിനൊന്നര ലക്ഷം ദിർഹം) നഷ്ടപരിഹാരം.  അൽ ഐനിൽ കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുൽ റഹ്മാന് 2015 ഡിസംബറിലാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന അബ്ദുറഹ്മാനെ അൽഐൻ ജിമി എന്ന സ്ഥലത്തു വെച്ച് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അൽ ഐൻ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 
അപകടം സംബന്ധിച്ച കേസിൽ, അബ്ദുറഹ്മാൻ അലക്ഷ്യമായി റോഡ് മുറിച്ചു കടന്നതാണ് അപകടത്തിനു കാരണമായതെന്നും അതിനാൽ വാഹനമോടിച്ച യു.എ.ഇ.പൗരനെ വെറുതെ വിട്ട് കേസ് തീർപ്പാക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. 
എന്നാൽ ഈ വാദം നിരാകരിച്ച കോടതി  2000 ദിർഹം പിഴ ഈടാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനെതിരെ അൽഐൻ മലയാളി സമാജം മുൻ പ്രസിഡന്റു കൂടിയായ അബ്ദുറഹ്മാൻ പേരൂരും കുടുംബാംഗങ്ങളും കേസ്, അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ ഏൽപിക്കുകയായിരുന്നു. 
തുടർന്ന് യു.എ.ഇ പൗരനെയും ഇൻഷുറൻസ് കമ്പനിയെയും പ്രതി ചേർത്ത് ദുബായ് കോടതിയിൽ നഷ്ടപരിഹാര കേസ് നൽകി. ഈ കേസിലാണ് കോടതി ചെലവടക്കം പതിനൊന്നര ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിച്ചത്. യു.എ.ഇ പൗരന്റ അഭിഭാഷകൻ മുന്നോട്ടുവെച്ച എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ഉത്തരവ് പുറപ്പടുവിച്ചത്. അപകടത്തെത്തുടർന്ന് നാട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അബ്ദുറഹ്മാനെ കോടതി നിർദ്ദേശ പ്രകാരം മെഡിക്കൽ ഓഫീസർ നേരിട്ട് തില്ലങ്കേരിയിലെ വീട്ടിലെത്തി കണ്ട ശേഷമാണ് മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചത്. നഷ്ടപരിഹാര തുക കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് കൈമാറി. 
 

Latest News