സൈന്യത്തിനെതിരായ പരാമര്‍ശം; പാക്കിസ്ഥാനില്‍ വാര്‍ത്താ ചാനലിന് വിലക്ക്

ഇസ്ലാമാബാദ്- ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ സായുധ സേനയെക്കുറിച്ചുള്ള വാര്‍ത്ത സംപ്രേഷണം ചെയ്തതിനെത്തുടര്‍ന്ന് പ്രമുഖ ടെലിവിഷന്‍ വാര്‍ത്താ ചാനലിന്റെ സംപ്രേഷണം പാകിസ്ഥാന്‍ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തി.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അനുഭാവം പ്രകടിപ്പിക്കുന്ന എ.ആര്‍.വൈ ന്യൂസിനാണ് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) വിലക്ക് ഏര്‍പ്പെടുത്തിയത്.
സൈന്യത്തിനെതിരായ അപകീര്‍ത്തികരമായ പ്രചാരണത്തിന് പിന്നില്‍ ഭരണകക്ഷിയാണെന്ന് ഇംറാന്‍ ഖാന്റെ ഒരു ഉപദേഷ്ടാവ് ആരോപിക്കുന്ന ഭാഗം ചാനല്‍ തിങ്കളാഴ്ച സംപ്രേഷണം ചെയ്തിരുന്നു.
സൈനിക ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉന്നതരുടെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവുകള്‍ പാലിക്കരുതെന്നും ഇദ്ദേഹം നിര്‍ദേശിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ചാനലിന്റെ സംപ്രേഷണം തടസ്സപ്പെട്ടു.
സായുധ സേനയ്ക്കുള്ളില്‍ കലാപത്തിന് പ്രേരിപ്പിച്ചുകൊണ്ട് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതും തികച്ചും അപലപനീയവും വിദ്വേഷജനകവും രാജ്യദ്രോഹപരവുമായ ഉള്ളടക്കമാണ് ചാനല്‍ സംപ്രേഷണം ചെയ്തതെന്ന് പി.ഇ.എം.ആര്‍.എ പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിന് എ.ആര്‍.വൈ ന്യൂസിന് മുമ്പ് സസ്പെന്‍ഷനുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ ഒരു മുതിര്‍ന്ന കമാന്‍ഡറും മറ്റ് അഞ്ച് പേരും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് സൈന്യത്തെ ലക്ഷ്യമിട്ട് നടന്ന ഓണ്‍ലൈന്‍ അപവാദ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭരണസഖ്യത്തിലെയും ഇംറാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിലെയും (പിടിഐ) നേതാക്കള്‍ സൈനിക വിരുദ്ധ പ്രചാരണത്തിന്റെ പേരില്‍  പരസ്പരം ആരോപണം ഉന്നയിക്കുന്നു.

 

Latest News