Sorry, you need to enable JavaScript to visit this website.

റോഡിൽ വളരുന്ന വാഴകൾ

റോഡുകളുടെ നിർമാണത്തോളം പ്രാധാന്യം അഴുക്കുചാലുകൾക്കും നൽകേണ്ടതുണ്ട്. മഴ വലിയ ഭീഷണിയായി മാറുന്ന കേരളത്തിൽ വെള്ളം റോഡിൽ നിന്ന് ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. അല്ലെങ്കിൽ റോഡുകൾ മഴക്കാലം മുഴുവൻ കുളമായി മാറുകയും അവയുടെ ആയുസ്സ് കുറയുകയും ചെയ്യും. വലിയ കുഴികളിൽ വീണ് വാഹന യാത്രക്കാർ അപകടത്തിൽ പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.

 

വാഴത്തൈകൾ നമ്മുടെ നാട്ടിൽ കാർഷിക സമൃദ്ധിയുടെ അടയാളമാണ്. എന്നാൽ മഴക്കാലമാകുമ്പോൾ അത് പ്രതിഷേധത്തിന്റെ അടയാളമായും മാറും. പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് അപകടമുണ്ടാകുമ്പോൾ പ്രതിഷേധക്കാർ എത്തുന്നത് വാഴത്തൈകളുമായാണ്. 'റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു' എന്ന വാർത്ത തലക്കെട്ട് ഏറെ കാലമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഈ മഴക്കാലത്തും റോഡുകളിൽ വാഴനടൽ പ്രതിഷേധം തുടർന്നു കൊണ്ടിരിക്കുകകയാണ്.
പൊതുവെ മികച്ചതെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള മലബാറിലെ റോഡുകളും ഇത്തവണയും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. 
റബറൈസ് ചെയ്ത ദേശീയ പാത പോലും വലിയ കുഴികൾ നിറഞ്ഞ് വാഹന ഗതാഗതം ദുഷ്‌കരമായിരിക്കുന്നു. ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങൾ പതിവാകുന്നു. ഇത്തരം അപകടങ്ങളിൽ ആളുകൾ മരിക്കുന്ന വാർത്തകളും പുറത്തു വരുന്നു.


മഴക്കാലം റോഡുകൾക്ക് എന്നും ഭീഷണിയാണ്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന മഴയിൽ റോഡുകളുടെ ബലം കുറയുന്നതോടൊപ്പം മനുഷ്യ നിർമിതമായ പല കാരണങ്ങളും റോഡുകളുടെ ദുരവസ്ഥക്ക് കാരണമാകുന്നു. റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതാണ് അവ നശിക്കുന്നതിന് പ്രധാന കാരണമാകുന്നത്. മഴവെള്ളം അഴുക്കു ചാലുകളിലൂടെ ഒലിച്ചു പോകാതെ കെട്ടിക്കിടക്കുന്നു. മഴക്കാലത്തിന് മുമ്പെ അഴുക്കുചാലുകൾ വൃത്തിയാക്കി വെള്ളമൊഴുക്കിന് അവസരമുണ്ടാക്കുന്ന ജോലികൾ ഇപ്പോൾ അപൂർവമായാണ് നടക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ജോലി ചെയ്യുന്നതിന് മാത്രമായി പഞ്ചായത്തുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. പിന്നീട് ആ തസ്തിക നിർത്തലാക്കി. ഇപ്പോൾ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായുള്ള തൊഴിലാളികളാണ് അത് ചെയ്യേണ്ടത്. എന്നാൽ പലപ്പോഴും അത്തരം ജോലികൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാവില്ല. മഴക്കാലം തുടങ്ങിയാൽ ജോലി ചെയ്യാനാകുകയുമില്ല. ഫലമോ വെള്ളം ഒഴുകിപ്പോകാതെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും കുഴികളുള്ള ഇടങ്ങൾ തിരിച്ചറിയാൻ വാഹനമോടിക്കുന്നവർക്ക് കഴിയാതെ വരികയും ചെയ്യും.


റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങൾ തമ്മിൽ കൃത്യമായ ആശയവിനിമയം നടക്കാത്തത് റോഡുകളുടെ ദുരവസ്ഥക്ക് പ്രധാന കാരണമാണ്. ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും ഗ്രാമീണ റോഡുകളുടെയും നിർമാണത്തിൽ ബന്ധപ്പെട്ട ഭരണകൂടങ്ങൾക്ക് പോലും വ്യക്തമായ നിലപാടില്ലാത്ത അവസ്ഥയാണ്. ജില്ലകൾക്കിടയിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ നിർമാണത്തിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നതും നിർമാണം നടക്കുന്നതും പലപ്പോഴും സംസ്ഥാന സർക്കാരുമായി വ്യക്തമായ ആശയ വിനിമയം നടത്താതെയാണ്. ദേശീയ പാത വികസനത്തിന് സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയാൽ പിന്നീടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് കേന്ദ്ര സർക്കാരാണ്. ഫണ്ട് അനുവദിക്കുമ്പോൾ കേരളത്തിലെ കാലാവസ്ഥ പരിഗണിക്കപ്പെടാറില്ല. കേരളത്തിൽ വർഷത്തിൽ നാലു മാസത്തിലേറെ കാലം മഴ പെയ്യുമ്പോൾ റോഡ് നിർമാണം പ്രായോഗികമല്ലെന്ന യാഥാർഥ്യം പലപ്പോഴും പരിഗണിക്കപ്പെടാറില്ല. അനുവദിച്ച ഫണ്ട് യഥാസമയം ചെലവാക്കുന്നതിനായി കാലാവസ്ഥ പോലും പരിഗണിക്കാതെയാണ് റോഡ് പണികൾ പൂർത്തിയാക്കുന്നത്. മഴക്കാലത്ത് പോലും റോഡുകളിൽ പ്രവൃത്തികൾ നടക്കന്നത് നാട്ടിലെ കാഴ്ചയാണ്. ദുർബലമായ റോഡുകളാണ് ഇത്തരം പ്രവൃത്തിയിലൂടെ നിർമിക്കപ്പെടുന്നത്.


സംസ്ഥാന സർക്കാർ പദ്ധതികളിൽ പലപ്പോഴും വില്ലനാകുന്നത് കരാറുകാരാണ്. സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കുമെന്ന് സർക്കാരുമായുള്ള കരാറിൽ പറയുമെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജോലികൾ നീണ്ടുപോകും. ജോലികൾ മനഃപൂർവം വൈകിച്ച് എസ്റ്റിമേറ്റ് തുക വർധിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും കരാറുകാരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ഇതിന് സർക്കാരും പലപ്പോഴും ഒത്താശ ചെയ്തു കൊടുക്കുന്നു.
മികച്ച റോഡുകൾ പോലും പെട്ടെന്ന് നശിക്കുന്നത് പൈപ്പ് ലൈനുകൾക്ക് വേണ്ടി വെട്ടിപ്പൊളിക്കുന്നതു കൊണ്ടാണെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് പോലും ബോധ്യപ്പെട്ടതാണ്. റോഡ് നിർമാണം പൂർത്തിയായി ആഴ്ചകൾക്കുള്ളിൽ റോഡുകളിൽ ചാലുകൾ കീറുന്നത് നാട്ടിലെ കാഴ്ചയാണ്. സംസ്ഥാന ശുദ്ധജല വിതരണ വകുപ്പ് വഴി നടപ്പാക്കുന്ന പല പദ്ധതികൾക്കും വേണ്ടി നിരന്തരം റോഡുകൾ കുറുകെയും അരികിലൂടെയും വെട്ടിക്കീറുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയുമായി എത്തുന്ന സ്വകാര്യ കമ്പനികളാണ് മറ്റൊന്ന്. ഇവർ എവിടെ, എപ്പോഴെല്ലാം കുഴിക്കുമെന്ന് പറയാനാകില്ല. പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതി ആവശ്യമാണെങ്കിലും ജോലികൾ വൃത്തിയായി പൂർത്തിയാക്കുമെന്ന ഉറപ്പ് നൽകി അനുമതി വാങ്ങും. വെട്ടിപ്പൊളിച്ച ഭാഗങ്ങൾ പൂർവ സ്ഥിതിയിലാക്കണമെന്നാണ് കരാറെങ്കിലും പലപ്പോഴും അതു നടക്കാറില്ല. വൻകിട ടെലിഫോൺ കമ്പനികളുടെ ഇന്റർനെറ്റ് കാബിളുകൾക്കായി വെട്ടിപ്പൊളിച്ച റോഡുകൾ ഇപ്പോഴും പൊളിഞ്ഞു തന്നെ കിടക്കുന്നു. മണ്ണിനടിയിൽ കേബിൾ സ്ഥാപിച്ച് അവർ സ്ഥലം വിടുന്നു.
മഴയുടെ സാധ്യതകളുള്ള വികസിത രാജ്യങ്ങളിൽ പോലും റോഡ് നിർമാണത്തോളം പ്രാധാന്യമാണ് അഴുക്കുചാൽ നിമാണത്തിന് നൽകുന്നത്. വീതിയും ആഴവുമുള്ള അഴുക്കുചാലുകൾ വെള്ളമൊഴുകിപ്പോകുന്നതിന് മാത്രമല്ല, വിവിധ ആവശ്യങ്ങൾക്കുള്ള കാബിളുകൾ സ്ഥാപിക്കുന്നതിനും കൂടി സൗകര്യമുള്ളവയാണ്. റോഡുകൾക്ക് കുറുകെ പലയിടത്തും വെട്ടിക്കീറുന്നതിന് പകരം ഇടവിട്ട സ്ഥലങ്ങളിൽ കൾവർട്ടുകൾ സ്ഥാപിച്ച് അതുവഴി മാത്രം പൈപ്പുകൾ കടത്തി വിടുന്നതാണ് കാലങ്ങളായുള്ള എൻജിനീയറിംഗ് രീതി. മലബാറിൽ എവിടെയും ഇത്തരം സംവിധാനങ്ങൾ കാണാനാകില്ല.


റോഡുകളുടെ നിർമാണത്തോളം പ്രാധാന്യം അഴുക്കുചാലുകൾക്കും നൽകേണ്ടതുണ്ട്. മഴ വലിയ ഭീഷണിയായി മാറുന്ന കേരളത്തിൽ വെള്ളം റോഡിൽ നിന്ന് ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. അല്ലെങ്കിൽ റോഡുകൾ മഴക്കാലം മുഴുവൻ കുളമായി മാറുകയും അവയുടെ ആയുസ്സ് കുറയുകയും ചെയ്യും. വലിയ കുഴികളിൽ വീണ് വാഹന യാത്രക്കാർ അപകടത്തിൽ പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. ശരിയായ രീതിയിൽ അഴുക്കുചാലുകൾ ഉള്ള ഒരു മാതൃക നഗരം പോലും മലബാറിൽ ഇല്ല.
റോഡ് ഗതാഗത എൻജിനീയറിംഗ് രംഗത്ത് കാതലായ പുനർവിചിന്തനവും വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങളും വിവിധ വകുപ്പുകൾ തമ്മിലുമുള്ള ഏകോപനവും അനിവാര്യമായിരിക്കുന്നു.

Latest News