Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

ദേശീയ പതാക ഉയർത്താൻ വീടുകളില്ലാത്തവർ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിലും മാന്യമായി ജീവിക്കാനുള്ള ഭൂമിയും പാർപ്പിടവും അന്തസ്സുള്ള ജീവിതവും ഒരു പൗരന്റെ മൗലിക അവകാശമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. ചേരികളിലും പുറമ്പോക്കുകളിലും കഴിയുന്നവർക്കും ഭൂരഹിതർക്കും ഭൂമിയും വാസയോഗ്യമായ പാർപ്പിടവും ലഭ്യമാക്കാൻ ഈയവസരത്തിലെങ്കിലും നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകേണ്ടത്.  

 

ആസാദി കി അമൃത് മഹോത്സവമെന്ന പേരിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾ വളരെ സജീവമായി മുന്നോട്ടു പോകുകയാണല്ലോ. ഒരു കാലത്തും പതിവില്ലാത്ത പോലെ എല്ലാവരും വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് കേരള സർക്കാരും ഈയാവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്. രണ്ടു സർക്കാരുകൾക്കും നേതൃത്വം നൽകുന്ന പാർട്ടികൾ എന്നാണ് സ്വാതന്ത്ര്യ ദിനവും ദേശീയ പതാകയുമൊക്കെ അംഗീകരിക്കാൻ തുടങ്ങിയതെന്ന് രാഷ്ട്രീയ ചരിത്രമറിയുന്നവർക്കറിയാം. കഴിഞ്ഞില്ല, സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ദേശീയപതാകയാക്കണമത്രേ. അങ്ങനെ ചെയ്യരുതെന്നായിരുന്നു മൂന്നു വർഷം മുമ്പ് സർക്കാർ നിലപാട്. തങ്ങൾക്ക് തോന്നുമ്പോൾ നിലപാടുകൾ മാറ്റുമെന്നും അതനുസരിക്കാനുള്ളവരാണ് ജനങ്ങൾ എന്നുമുള്ള ധാരണയാണ് അധികാരികൾ തിരുത്തേണ്ടത്. മാത്രമല്ല, നിർബന്ധിച്ചോ നിയമത്തിലൂടെയോ ജനങ്ങളെക്കൊണ്ട് ചെയ്യിക്കാവുന്ന ഒന്നല്ല സ്വാതന്ത്ര്യ ദിനാഘോഷമെന്നും സ്വാതന്ത്ര്യമവർക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർ സ്വയം ആഘോഷിച്ചുകൊള്ളുമെന്ന യാഥാർത്ഥ്യമാണ് ഇക്കൂട്ടർ മനസ്സിലാക്കാത്തത്.

അതിനിടയിൽ കണ്ട ഒരു കാർട്ടൂൺ വളരെ ശ്രദ്ധേമായിട്ടുണ്ട്. ഉയർത്താനുള്ള പതാക തങ്ങളുടെ കൈവശമുണ്ടെന്നും എന്നാലുയർത്താനുള്ള വീടില്ല എന്നും അതു തരണമെന്നും സർക്കാർ ഓഫീസിലെത്തി പരാതി പറയുന്ന ഒരാളാണ് കാർട്ടൂണിലെ കഥാപാത്രം. അക്ഷരാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിൽ രാജ്യമെവിടെ എത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രീകരണമാണ് ഈ കാർട്ടൂൺ. സ്വാതന്ത്ര്യത്തിന്റെ 75 ാമത് വാർഷികം ആഘോഷിക്കുമ്പോൾ രാജ്യം അതിവേഗം വികസിച്ച് മുന്നേറുകയാണെന്ന സർക്കാരുകളുടെ അവകാശവാദത്തെ തന്നെയാണ് ഈ കാർട്ടൂൺ ചോദ്യം ചെയ്യുന്നത്. സത്യത്തിൽ  ഏതാനും കോർപറേറ്റുകളും സവർണ സമ്പന്ന വിഭാഗങ്ങളും അധികാരവും സമ്പത്തും കൈയടക്കുമ്പോൾ  ദളിതരും ആദിവാസികളും പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളും ദരിദ്രരും ഇപ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലുമാണ് കഴിയുന്നത് എന്നതാണ് യാഥാർത്ഥ്യം. അധികാരത്തിൽ പിടിമുറുക്കിയിരിക്കുന്ന സവർണ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടന മൂല്യങ്ങളെയും തകർത്തുകൊണ്ടിരിക്കുകയുമാണ്. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും  ജീവിക്കാനുള്ള പൗരന്റെ അവകാശങ്ങൾ പോലും ഇല്ലാതാക്കപ്പെടുന്നു.

ഇന്ത്യയുടെ പൊതു അവസ്ഥയല്ല കേരളത്തിൽ നിലനിൽക്കുന്നതെന്ന അവകാശവാദം നിരന്തരമായി കേൾക്കുന്നതാണ്. ചരിത്രപരമായി വിവിധ രീതികളിൽ വികസിച്ചുവന്ന ദേശീയ സമൂഹങ്ങളുടെ സമുച്ചയമാണ് ഇന്ത്യ എന്നതു മറക്കരുത്. അതിനാൽ തന്നെ അവയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമായിരിക്കും. പരിശോധിക്കേണ്ടത് ഈ വിഷയത്തിൽ കേരളം എവിടെ നിൽക്കുന്നു എന്നതാണ്. അത്തരമൊരു പരിശോധന നൽകുന്നത് ആശാവഹമായ ചിത്രമല്ല. ഇവിടെ 1957 മുതൽ ഇടതും വലതുമായ സർക്കാരുകൾ മാറിമാറി അധികാരത്തിൽ വന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭൂപരിഷ്‌കരണവും നിരവധി ഭവന പദ്ധതികളും സാമൂഹിക ക്ഷേമപദ്ധതികളും നടപ്പാക്കിയ 'കേരള മോഡൽ' ലോകത്തിന് തന്നെ മാതൃകയാണ് എന്നാണ് ഭരണ - പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദം. എന്നാൽ  വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ചേരികളിലും പുറമ്പോക്കുകളിലും കോളനികളിലുമാണ് കഴിഞ്ഞുകൂടുന്നതെന്ന വസ്തുത മറച്ചുവെക്കപ്പെടുകയാണ്. ഒരു തുണ്ടു ഭൂമി പോലുമില്ലാത്തവരും നിരവധിയാണ്. അതേക്കകുറിച്ച് കേരളത്തെയും കേരള മോഡലിനെയും കുറിച്ച് കൊട്ടിഘോഷിക്കുന്നവർ നിശ്ശബ്ദരാണ്. 

കേരളത്തിലെ ദളിത് - ആദിവാസി വിഭാഗങ്ങൾ 30,000 ഓളം കോളനികളിലെ തുണ്ടു ഭൂമികളിലാണ്  കഴിയുന്നത്. വികസന പദ്ധതികൾക്ക് വേണ്ടി കുടിയിറക്കപ്പെടുന്ന ദരിദ്രരും നഗര - ഗ്രാമ പ്രദേശങ്ങളിലെ തിങ്ങിനിറഞ്ഞ കോളനികളിൽ കഴിയുന്നു. രണ്ട് ലക്ഷത്തോളം പേർ കൊച്ചി നഗരം ഉൾപ്പെടെയുള്ള ചേരികളിലാണ് കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ പറയുന്നു. യഥാർത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നുറപ്പ്. അനുദിനം വികസിക്കുന്ന കൊച്ചിയെ പോലുള്ള നഗരങ്ങളിൽ നടപ്പാക്കുന്ന നിരവധി പദ്ധതികളിൽ ചേരി- പുറമ്പോക്ക്-  നിവാസികളുടെ പുനരധിവാസമോ കുടിവെള്ളവും ടോയ്‌ലറ്റും മാലിന്യവും അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങളോ പരിഗണിക്കപ്പെടാറില്ല. അവർ നഗരത്തിന്റെയും വികസനത്തിന്റെയും പുറമ്പോക്കുകളിൽ തന്നെ കഴിയേണ്ടി വരുന്നു. പൗരന്മാർക്ക് അന്തസ്സുള്ളതും സുരക്ഷിതവുമായ ജീവിതം ഉറപ്പു വരുത്താത്ത വികസന പദ്ധതികൾ ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. വികസന പദ്ധതികൾ സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുന്നതാകണം.

ചേരികളിലെ ജനജീവിതം എത്രമാത്രം ദുരിതപൂർണവും അരക്ഷിതവുമാണെന്നതിന് ഉദാഹരണമാണ് കൊച്ചിയിലെ ചേരികൾ. അനുദിനം വികസിക്കുന്ന നഗരങ്ങളുടെയും തോടുകളുടെയും കനാലുകളുടെയും റോഡുകളുടെയും പുറമ്പോക്കുകളിൽ ഭൂമിക്കോ കിടപ്പാടത്തിനോ അവകാശമില്ലാത്ത ലക്ഷക്കണക്കിന് പേർ കഴിയുന്നു. സ്വന്തം ഭൂമിയോ പാർപ്പിടമോ ഇല്ലാത്തതിനാൽ കാലങ്ങളായി വാടക വീടുകളെ ആശ്രയിച്ച് കഴിയുന്ന അനേകം കുടുംബങ്ങളും കേരളത്തിലുണ്ട്. വിപ്ലവപരമെന്ന് അവകാശപ്പെടുന്ന ഭൂപരിഷ്‌കരണം ഫലത്തിൽ സമൂഹത്തിലെ പാർശ്വവൽക്കൃതരായ ലക്ഷക്കണക്കിനാളുകളെയാണ് പുറന്തള്ളിയത്. കുടികിടപ്പവകാശവും മിച്ചഭൂമി വിതരണവും പരിമിതമായ തോതിൽ നടപ്പാക്കിയെങ്കിലും  വൻകിട തോട്ടങ്ങളെ ഭൂപരിധിയിൽ നിന്ന് ഒഴിവാക്കുകയും വൻകിട ഭൂവുടമകളെ സംരക്ഷിക്കുകയും ചെയ്തു. ലക്ഷ്യമിട്ടത് പോലെ മിച്ചഭൂമി വിതരണവും ഫലപ്രദമായി നടന്നില്ല. നിയമ വിരുദ്ധമായി വൻകിട തോട്ടം കമ്പനികൾ കൈവശം വെച്ചിരിക്കുന്ന 5.25 ലക്ഷം ഏക്കർ ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകണമെന്ന സർക്കാർ നിയോഗിച്ച ഓഫീസറുടെ റിപ്പോർട്ട് പോലും നടപ്പാക്കാതെ കൈയേറ്റക്കാരെ സഹായിക്കുകയാണ് സർക്കാരുകൾ ചെയ്തത്. പാട്ടക്കരാറുകൾ ലംഘിക്കുകയും പാട്ടക്കുടിശ്ശിക നൽകാതെയും ആയിരക്കണക്കിന് ഏക്കർ ഭൂമി തോട്ടം ഉടമകൾ കൈവശം വെച്ചിരിക്കുമ്പോൾ തോട്ടം തൊഴിലാളികൾ തുണ്ടു ഭൂമിയില്ലാതെ ലയങ്ങളിൽ ദുരിത ജീവിതം അനുഭവിക്കുന്നു. തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തുണ്ടു ഭൂമികളിലെ കോളനികളിൽ പ്രതികൂല കാലാവസ്ഥകൾ നേരിട്ട് അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്. ആദിവാസികളുടെ ദുരിതങ്ങളുടെ കഥകൾ വേറെ.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിലും മാന്യമായി ജീവിക്കാനുള്ള ഭൂമിയും പാർപ്പിടവും അന്തസ്സുള്ള ജീവിതവും ഒരു പൗരന്റെ മൗലിക അവകാശമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. ചേരികളിലും പുറമ്പോക്കുകളിലും കഴിയുന്നവർക്കും ഭൂരഹിതർക്കും ഭൂമിയും വാസയോഗ്യമായ പാർപ്പിടവും ലഭ്യമാക്കാൻ ഈയവസരത്തിലെങ്കിലും നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകേണ്ടത്.  

കൊച്ചിയുടെ കാര്യം മാത്രം പറയാം. ഇവിടത്തെ ചേരികളിലും പുറമ്പോക്കുകളിലും കഴിയുന്നവർക്ക് ഭൂമിയും വാസയോഗ്യമായ പാർപ്പിടവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും നഗരസഭയും നടപടി സ്വീകരിക്കാൻ തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്മാർട്ട് കൊച്ചി മിഷൻ അടക്കമുള്ള നഗര വികസന പദ്ധതികളിലും സർക്കാരുകളും നഗരസഭയും നടപ്പാക്കുന്ന നഗരാസൂത്രണ വികസന പദ്ധതികളിലും ഈ പ്രശ്‌ന പരിഹാരത്തിനാകണം പ്രഥമ പരിഗണന. നഗരങ്ങളിൽ ഭൂ മാഫിയകളെ നിയന്ത്രിക്കുകയും  ഭൂമി ഇടപാടുകൾ നിയന്ത്രിക്കുകയും വേണം. വൻകിട കയേറ്റങ്ങൾ ഒഴിപ്പിക്കുകയും പാട്ടക്കരാറുകൾ പുനഃ പരിശോധിക്കുകയും വേണം.  പാർപ്പിടത്തിനും ഭൂമിക്കും വേണ്ടി കൊച്ചിയിലെയും ജില്ലയുടെ മറ്റു പ്രദേശങ്ങളിലെയും ചേരി- പുറമ്പോക്ക് - കോളനിവാസികൾ നടത്തിയ സമരങ്ങളെ സർക്കാരുകളും ജില്ല പഞ്ചായത്തും നഗരസഭയും അവഗണിക്കുകയായിരുന്നു. ഇനിയും ഈ അവഗണനയും വിവേചനവും അനുവദിക്കാനാവില്ല. സമഗ്രമായ ഭൂപരിഷ്‌കരണവും പാർപ്പിട പദ്ധതികളും നടപ്പാക്കി മുഴുവൻ ഭൂരഹിതർക്കും ഭൂമിയും അന്തസ്സായി ജീവിക്കാൻ കഴിയുന്ന വീടുകളും ഉറപ്പാക്കണം. അത് ഉറപ്പു വരുത്താൻ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ട്.

ഈ സാഹചര്യത്തിലാണ് ഈ അമൃത് മഹോത്സവ വേളയിൽ തന്നെ തങ്ങളുടെ അടിസ്ഥാന  ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കൊച്ചിയിലെ  ഭവന രഹിത ജനകീയ കൂട്ടായ്മ രംഗത്തിറങ്ങുന്നത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 16 ന്  ഫോർട്ട് കൊച്ചി ജങ്കാർ ജട്ടിക്ക് സമീപം  പാർപ്പിട അവകാശ സമ്മേളനം നടക്കുന്നു. ഇത്തരം പോരാട്ടങ്ങളാണ് വാസ്തവത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളെ അർത്ഥപൂർണമാക്കുന്നത്. രാജ്യമാകെ അത്തരം പോരാട്ടങ്ങൾ സംഘടിപ്പിച്ചും പങ്കെടുത്തുമാണ് യഥാർത്ഥ ഇന്ത്യൻ പൗരന്മാർ സ്വാതന്ത്ര്യ ദിനമാഘോഷിക്കേണ്ടത്. 

 

Latest News