Sorry, you need to enable JavaScript to visit this website.

ഒരു ദിവസം രണ്ടു ലക്ഷം യാത്രക്കാർ; ജനപ്രിയം ചെന്നൈ മെട്രോ

ദീപാലംകൃതമായ ചെന്നൈ പുരട്ചി തലൈവർ എം.ജി.ആർ സെൻട്രൽ സ്റ്റേഷൻ 
എം.ജി.ആർ സെൻട്രലിനടുത്ത് സബ്‌വേ തിരക്കിട്ട് നിർമിക്കുന്നു. (ഫയൽ) 
ചെന്നൈ എയർപോർട്ട് മെട്രോ ബോഗിയിൽ രാത്രി പതിനൊന്നിന് അനുഭവപ്പെട്ട തിരക്ക് 
ചെന്നൈ മെട്രോയുടെ വ്യോമദൃശ്യം 

തെക്കേ ഇന്ത്യയിലെ പ്രധാന നഗരം ചെന്നൈ തന്നെ. മദ്രാസായിരുന്നപ്പോഴും പേര് മാറ്റി ചെന്നൈ ആക്കിയപ്പോഴും ഈ മഹാനഗരത്തിന്റെ ആകർഷകത്വത്തിന് ഒരു കുറവും വന്നിട്ടില്ല. ഏതാനും വർഷങ്ങൾക്കിപ്പുറം 2015 ൽ മെട്രോ റെയിൽ ശൃംഖല കൂടി നിലവിൽ വന്നതോടെ ചെന്നൈയിലെ ജീവിത താളത്തിന് വേഗം കൂടി.  നിർമാണം തുടങ്ങി നാലു വർഷത്തിനകം ആദ്യത്തെ സർവീസ് തുടങ്ങാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന് സാധിച്ചു. ന്യൂദൽഹി,  ബംഗളൂരു, മുംബൈ, ജയ്പൂർ എന്നീ നഗരങ്ങളിൽ മാത്രം മെട്രോ റെയിൽ സംവിധാനമുള്ളപ്പോഴാണ് പണി തുടങ്ങിയത്.  ചെന്നൈയിലെ സബർബൻ റെയിൽ സൗകര്യങ്ങൾക്കു പുറമേയാണ് മെട്രോ സംവിധാനം.  നഗരത്തിന്റെ മറ്റു ഭാഗങ്ങൾ കൂടി മെട്രോ റെയിൽ സംവിധാനവുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി യുദ്ധ കാലാടിസ്ഥാനത്തിൽ പുരോഗമിച്ചു വരികയാണ്. റെക്കോർഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് ചെന്നൈ മെട്രോ ഇപ്പോൾ. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ 53 ലക്ഷം യാത്രക്കാർ ഈ ആധുനിക ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി. അതായത് ശരാശരി 1.70 ലക്ഷം പ്രതിദിന യാത്രക്കാർ. ഓഗസ്റ്റ് ഒന്നിനാണ് റെക്കോർഡ് സൃഷ്ടിച്ചത്. ഒറ്റ ദിവസം രണ്ടു ലക്ഷം യാത്രക്കാർ. ഇന്ത്യയുടെ ഏറ്റവും വലിയ മെട്രോ ന്യൂദൽഹിയിലാണ്. നിലവിൽ പുരോഗമിക്കുന്ന വിപുലീകരണങ്ങൾ പൂർത്തിയാകുമ്പോൾ ചെന്നൈ രണ്ടാം സ്ഥാനത്തെത്തും. റൂട്ട് ദൈർഘ്യത്തിന്റെ കാര്യത്തിൽ ഇപ്പോൾ നാലാം സ്ഥാനമാണ്. യാത്രക്കാർ പെരുകിയത് പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. ഇതിന് പിന്നിൽ മികച്ച ആസൂത്രണമുണ്ട്. മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് സമീപ ദിക്കുകളിൽ പെട്ടെന്നെത്താൻ മിനി ബസ് സർവീസ് ഏർപ്പെടുത്തിയത് മുതൽ സ്റ്റേഷനിലും ട്രെയിനിലും അരങ്ങേറുന്ന ലൈവ് പെർഫോമൻസ് മുതൽ പല ഘടകങ്ങളും ഇതിന് പിന്നിലുണ്ട്. നാല് സ്റ്റേഷനുകളിൽ നിന്ന് 12 മിനിബസുകൾ കുറച്ചു കാലമായി സർവീസ് നടത്തി വരുന്നു. കഴിഞ്ഞ ദിവസം പുതുതായി അഞ്ച് മെട്രോ സ്റ്റേഷനുകളിൽ നിന്ന് പത്ത് മിനി ബസ് സർവീസുകൾ കൂടി തുടങ്ങി. സ്ത്രീകൾക്കായി അമ്പത് പിങ്ക് മിനി ബസുകളും തുടങ്ങി. ഗവണ്മെന്റ് എസ്റ്റേറ്റ്, ലിറ്റിൽ മൗണ്ട്, ഷേണായ് നഗർ, ഗിണ്ടി, ചെന്നൈ എയർപോർട്ട് എന്നീ മെട്രോ സ്റ്റേഷനുകളിൽ നിന്നാണ് അടുത്തിടെ മിനി ബസ് സർവീസുകൾ തുടങ്ങിയത്. തിരക്കേറിയ ട്രിപ്ലിക്കേൻ, വല്ലജ റോഡ്, മദ്രാസ് യൂനിവേഴ്‌സിറ്റി, സെക്രട്ടറിയേറ്റ്, സെയ്ദാപേട്ട് കോടതി, ടി. നഗർ, ലൊയോള കോളേജ്, ഉസ്മാൻ റോഡ്, താംബരം എന്നിവിടങ്ങളിലേക്ക് അടുത്ത സ്‌റ്റേഷനുകളിൽ നിന്ന് പെട്ടെന്ന് എത്തിച്ചേരാനാവും. ചുരുങ്ങിയ ചെലവിലെ പൊതുഗതാഗതമെന്നത് മലയാളികൾ അയൽ സംസ്ഥാനത്തു നിന്ന് കണ്ടു പഠിക്കണം. 
ദൈനംദിന യാത്രക്കാരുടെ യാത്ര സമയം കുറയ്ക്കുന്നതിന് ചെന്നൈ മെട്രോ ഗണ്യമായ സംഭാവന നൽകി. നിലവിൽ, ചെന്നൈ മെട്രോ പുലർച്ചെ 04:30 മുതൽ രാത്രി 11:00 വരെ പ്രവർത്തിക്കുന്നു.  ചെന്നൈ നഗരത്തിലെത്തുന്നവർക്ക്  ചെന്നൈ മെട്രോ ക്രമേണ ഏറ്റവും ഇഷ്ടപ്പെട്ട യാത്ര മാർഗമായി മാറുകയാണ്. ഐ.ടി മേഖലയുടെയും വാണിജ്യ പ്രവർത്തനങ്ങളുടെയും വളർച്ച കണക്കിലെടുത്ത് നഗരത്തിന്റെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് മെട്രോ വിപുലീകരണം വളരെ  പ്രയോജനകരമാകും. ചെന്നൈ മെട്രോയിൽ ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 50 രൂപയുമാണ്. എയർപോർട്ടിൽ നിന്ന് നഗരകേന്ദ്രമായ ചെന്നൈ എം.ജി.ആർ സെൻട്രലിലെ പാർക്ക് സ്റ്റേഷനിലെത്താൻ നാൽപത് രൂപ മതി. ഇതേ ദൂരം പകൽ സമയത്ത് പ്രീപെയ്ഡ് ടാക്‌സിയിൽ യാത്ര ചെയ്യാൻ 720 രൂപ മുടക്കണം. കേരളത്തിലെ കനത്ത നിരക്ക് പരിഗണിച്ചാൽ 1500 രൂപയെങ്കിലും വേണ്ടിവരും. 
ആലന്തൂരിൽ നിന്നും കോയമ്പേട് വരെ പോകുന്ന റെയിലാണ് ആദ്യം ഉദ്ഘാടനം ചെയ്തത്.  ഈ പാതയെ എയർപോർട്ടുമായി ബന്ധിപ്പിക്കുകയായിരുന്നു. 14,600 കോടി രൂപയുടെ പദ്ധതിയാണിത്. ഓരോ ട്രെയിനിനും 1200 യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും. ഓരോ ട്രെയിനും സ്റ്റേഷനുകളിൽ 20 സെക്കൻഡ് വീതം നിറുത്തിയിടും. ശരാശരി 35 കിലോമീറ്റർ വേഗത്തിലാണ് ഓരോ ട്രെയിനും സഞ്ചരിക്കുന്നത്. പരമാവധി പോകാവുന്ന വേഗം മണിക്കൂറിൽ 80 കിലോമീറ്ററാണ്. യാത്രക്കാർക്കുണ്ടാകുന്ന അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ട്രെയിൻ ഓപറേറ്ററെ വിവരമറിയിക്കുകയാണ് വേണ്ടത്. ട്രെയിൻ ഓപറേറ്റർ വിവരം ഓപറേഷൻ കൺട്രോൾ സെന്ററിനെ അറിയിക്കുകയും അടുത്ത സ്റ്റേഷനിൽ വേണ്ട സംവിധാനങ്ങൾ തയാറാക്കുകയും ചെയ്യും. ചെന്നൈ മെട്രോയുടെ എല്ലാ ട്രെയിനുകളുടെയും നിയന്ത്രണം ഒ.സി.സി (ഓപറേഷൻ കൺട്രോൾ സെന്റർ) ക്കാണ്. ഓടിക്കുന്നയാൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയാണെങ്കിൽ ട്രെയിൻ സ്വയം ബ്രേക്ക് ചെയ്യും. ഇക്കാര്യം ഓപറേഷൻ കൺട്രോൾ സെന്ററിൽ അറിയിക്കാനുള്ള സംവിധാനവുമുണ്ട്. ആറു മണിക്ക് തുടങ്ങുന്ന ട്രെയിൻ സർവീസുകൾ അർധരാത്രി വരെ നീളും. ഏതാണ്ട് 19 മണിക്കൂർ സർവീസ്. 
അതിവേഗ മെട്രോ ട്രാൻസിറ്റ് സംവിധാനമാണ് ചെന്നൈ മെട്രോ. 2015 ൽ ആരംഭിച്ച ചെന്നൈ മെട്രോ സംവിധാനം ഇന്ത്യയിലെ നാലാമത്തെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖലയാണ്. 2022 മാർച്ച് വരെ, ചെന്നൈ മെട്രോക്ക് രണ്ട് പ്രവർത്തനക്ഷമമായ മെട്രോ ലൈനുകളും മൂന്ന് നിർമാണത്തിലിരിക്കുന്ന ലൈനുകളുമുണ്ട്. ചെന്നൈ മെട്രോ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ചെന്നൈ മെട്രോ റെയിൽ കോർപറേഷൻ ആണ്.
 വിംകോ നഗർ ഡിപ്പോയിൽ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബ്ലൂ ലൈൻ,  ചെന്നൈ സെൻട്രലിൽ നിന്ന് സെന്റ് തോമസ് മൗണ്ടിലേക്കുള്ള ഗ്രീൻ ലൈൻ എന്നിവയാണ് പ്രവർത്തിച്ചു വരുന്നത്. 
 പർപ്പിൾ ലൈൻ 3 മാധവരം മിൽക്ക് കോളനി മുതൽ സിരുശ്ശേരി വരെയും  ഓറഞ്ച് ലൈൻ പൂനമല്ലി ബൈപാസിൽ നിന്ന് വിളക്കുമാടം വരെയും റെഡ് ലൈൻ മാധവരം മിൽക്ക് കോളനി മുതൽ ഷോളിങ്കനല്ലൂർ വരെയും നിർമിച്ചു വരുന്നു. 
തമിഴ്‌നാട് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമാണ്  ചെന്നൈ മെട്രോ റെയിൽ കോർപറേഷൻ. ചെന്നൈ മെട്രോ സംവിധാനത്തിൽ ഉയർന്നതും ഭൂഗർഭവുമായ മെട്രോ സ്റ്റേഷനുകൾ ഉണ്ട്. ബ്ലൂ ലൈനിൽ 26 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുന്നു. 26 മെട്രോ സ്റ്റേഷനുകളിൽ 13 എണ്ണം ഭൂമിക്കടിയിലും 13 എണ്ണം ഉയരത്തിലുമാണ്. സെന്റ് തോമസ് മൗണ്ട് സ്റ്റേഷൻ മുതൽ ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷൻ വരെയുള്ള ഗ്രീൻ ലൈൻ മെട്രോ ശൃംഖലയിൽ 17 സ്റ്റേഷനുകളാണുള്ളത്. ഇതിൽ എട്ട് മെട്രോ സ്റ്റേഷനുകൾ ഉയരത്തിലും ഒമ്പത് സ്റ്റേഷനുകൾ ഭൂമിക്കടിയിലുമാണ്.
തെക്കേ ഇന്ത്യയിലെ പ്രധാന സ്റ്റേഷനായ ചെന്നൈ സെൻട്രൽ വർണ പ്രഭയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ മദിരാശി റെയിൽവേ സ്റ്റേഷന് 149 വയസ്സ് പ്രായമുണ്ട്. ഇതിന് തൊട്ടടുത്താണ് മെട്രോ സ്റ്റേഷനും സബ് അർബൻ സ്റ്റേഷനും. അതിനിടക്ക് മനോഹരമായ ഒരു പാർക്ക് രൂപപ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം പ്രമാണിച്ച് ദീപാലംകൃതമാണ് എം.ജി.ആർ സെൻട്രൽ പരിസരം. പാർക്ക് പോലെ മനോഹരമായ ഇവിടെ അൽപം വിശ്രമിക്കാൻ ആർക്കും തോന്നും. യാത്രക്കാരെ കിട്ടാൻ പാടുപെടുന്ന കൊച്ചി മെട്രോക്ക് കണ്ടു പഠിക്കാൻ ഏറെയുണ്ട് ചെന്നൈ മെട്രോയിൽ. കൊച്ചിയിൽ മെട്രോ തുറന്നപ്പോൾ എം.ജി റോഡിലെ ജോസ് ജംഗ്ഷൻ പരിസരം ഏതാണ്ട് വിജനമായി. ചെന്നൈ അണ്ണാശാലക്കോ, ടി നഗറിനോ മെട്രോ കൊണ്ട് ദോഷമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, പ്രദേശത്തിന്റെ മുഖഛായ മാറുകയും ചെയ്തു. രാത്രി പതിനൊന്നിനും മീനമ്പക്കം വിമാനത്താവളത്തിൽ നിന്ന് വരുന്ന ട്രെയിനിൽ നല്ല തിരക്കാണ്. തമിഴുനാടിന്റെ മൊഫ്യൂസിൽ ബസുകൾ പുറപ്പെടുന്ന പുരട്ചി തലൈവി ജയലളിത ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷനിലും നല്ല തിരക്കാണെപ്പോഴും. കൊച്ചി മെട്രോയിലേത് പോലെ ഭീകരമായ കരുതലോ, സുരക്ഷ ക്രമീകരണമോ ഒരിടത്തും കണ്ടില്ല. ചെന്നൈ ജനത ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മെട്രോ സംവിധാനത്തെ. 

Latest News