Sorry, you need to enable JavaScript to visit this website.

അരിക്ക് ക്ഷാമം നേരിടില്ലെന്ന് സൗദിക്കും ഗൾഫ് രാജ്യങ്ങൾക്കും ഇന്ത്യയുടെ ഉറപ്പ്

റിയാദ് - അരിക്ക് ക്ഷാമം നേരിടില്ലെന്ന് ഉറപ്പുനൽകി ഇന്ത്യയിലെ പ്രമുഖ അരി ഉൽപാദകരും കയറ്റുമതി വ്യാപാരികളും സൗദിയിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖ ഇറക്കുമതി വ്യാപാരികൾക്ക് കത്തയക്കുന്നതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിലെ നാഷണൽ കമ്മിറ്റി ഫോർ ഫുഡ് സപ്ലൈ ആന്റ് കാറ്ററിംഗ് പ്രസിഡന്റും സൗദിയിലെ പ്രമുഖ അരി ഇറക്കുമതി വ്യാപാരിയുമായ അബ്ദുല്ല ബൽശറഫ് അറിയിച്ചു. ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ വരൾച്ചയും മഴക്കുറവും അനുഭവപ്പെടുന്നുണ്ട്. ഇത് അരി അടക്കം ഇന്ത്യ കയറ്റി അക്കുന്ന ചില കാർഷികോൽപന്നങ്ങളുടെ വിളവെടുപ്പ് സീസണിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ സൗദിയിലും ഗൾഫിലും ഏറ്റവുമധികം ഡിമാന്റ് ഉള്ള ബസുമതി അടക്കമുള്ള അരിക്ക് ക്ഷാമം നേരിടില്ലെന്ന് ഇന്ത്യയിലെ പ്രമുഖ അരി ഉൽപാദകരും കയറ്റുമതി വ്യാപാരികളും ഗൾഫിലെ വ്യാപാരികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ബസുമതി അരി വിളയുന്ന പ്രദേശങ്ങളിൽ പതിവു പോലെ മഴ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ അരി ഉൽപാദനത്തിലുണ്ടാകുന്ന കുറവ് ഗൾഫ് രാജ്യങ്ങളിൽ അരി സ്റ്റോക്ക് കുറയാനും വില ഉയരാനും ഇിടയാക്കുമെന്ന ഭീതി ഉപയോക്താക്കൾക്കിടയിൽ വർധിച്ചുവരികയാണ്. 
ഇന്ത്യയിലുണ്ടായ വരൾച്ച ബസുമതി അരി കൃഷി ചെയ്യുന്ന പ്രദേശങ്ങളെ ബാധിച്ചിട്ടില്ലെന്ന് സൗദിയിലെ പ്രമുഖ അരി ഇറക്കുമതി കമ്പനിയായ ബൽശറഫ് ഗ്രൂപ്പ് ഡയറക്ടർ ബോർഡ് കോ-ചെയർമാനായ അബ്ദുല്ല ബൽശറഫ് പറഞ്ഞു. ബസുമതി അരി വിളവ് മികച്ചതാണ്. ഇതുമൂലം സൗദിയിലും ഗൾഫ് രാജ്യങ്ങളിലും ബസുമതി അരി സ്റ്റോക്കിൽ കുറവുണ്ടാകില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ മറ്റു ഇനം അരികളുടെ വിളവെടുപ്പിനെ എങ്ങിനെ ബാധിക്കുമെന്നതിനെ കുറിച്ച് മുൻകൂട്ടി പ്രവചിക്കുക ദുഷ്‌കരമാണ്. ഒക്‌ടോബർ അവസാനത്തിലും നവംബർ ആദ്യത്തിലുമായി വിളവെടുപ്പ് സീസൺ ആരംഭിക്കുന്നതോടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. 
ബന്ധപ്പെട്ട വകുപ്പുകൾ പരസ്യപ്പെടുത്തിയതു പ്രകാരം സൗദിയിൽ നിലവിൽ എട്ടു ലക്ഷം ടൺ അരി സ്റ്റോക്കുണ്ട്. ഇറാൻ, ഇറാഖ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ ഓർഡറുകൾ ഇല്ലാത്തതിനാൽ പുതിയ വിളവെടുപ്പ് സീസണിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ നിന്ന് അരി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
സൗദിയിൽ ഏറ്റവുമധികം ഡിമാന്റുള്ള ബസുമതി അരിയുടെ വലിയ സ്റ്റോക്ക് രാജ്യത്തുണ്ട്. അതുകൊണ്ടു തന്നെ ബസുമതി അരിയുടെ വില സ്ഥിരത തുടരുമെന്നാണ് കരുതുന്നത്. വർഷങ്ങളായി പിന്തുടരുന്ന തന്ത്രം അനുസരിച്ച്, തങ്ങൾക്ക് ആവശ്യമായ അരി ലഭ്യമാക്കാനുള്ള ഉറവിടങ്ങൾ ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യുന്ന പത്തു വൻകിട സൗദി കമ്പനികളുടെ പക്കലുണ്ട്. ഇതിലൂടെ ഉയർന്ന ഗുണമേന്മയിലും മികച്ച നിരക്കിലും പ്രാദേശിക വിപണിയിൽ അരി ലഭ്യമാക്കാൻ കമ്പനികൾക്ക് സാധിക്കുന്നതായും അബ്ദുല്ല ബൽശറഫ് പറഞ്ഞു.
 

Latest News