വാരാണസി- ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 14 വയസ്സായ ദലിത് ബാലനെ ഉയര്‍ന്ന ജാതിക്കാര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കടയില്‍ പോയ ബാലനെ മാങ്ങയും അരിയും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് കുട്ടിയുടെ പിതാവ് പപ്പുറാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
മകന്‍ വിജയ് കുമാര്‍ ഗൗതമിനെ കടയുടെ ഉടമ ഗുദ്ദു സിംഗും സുഹൃത്തുക്കളായ പക്രു സിംഗ്, സൗരഭ് സിംഗ്, ശിവം സിംഗ് എന്നിവരാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. സ്ഥലത്തെത്തിയ പോലീസ് ഗൗതമിനോട് 400 രൂപ അക്രമികള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിച്ചതായും പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലത്തില്‍ നാല് കിലോ അരിക്കുവേണ്ടിയാണ് ദലിത് ബാലനെ കൊലപ്പെടുത്തിയതെന്ന ആരോപണം ഉയര്‍ന്നു.
കൊലപാതകത്തെ അപലിപിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വിറ്ററില്‍ വിലക്കയറ്റത്തേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളേയും വിമര്‍ശിച്ചു.






