Sorry, you need to enable JavaScript to visit this website.

സര്‍വ്വകലാശാലയില്‍ ഗവര്‍ണറുടെ  അധികാരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം- ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നു.
ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം നടക്കുന്നതിനിടെയാണ് ഗവര്‍ണ്ണറുടെ അധികാരം കുറയ്ക്കണമെന്ന് മറ്റൊരു ശുപാര്‍ശ. സര്‍വ്വകലാശാലകളുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് അംബേദ്കര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സര്‍ ശ്യാം ബി മേനോന്‍ അധ്യക്ഷനായ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ.
സര്‍വ്വകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരം നല്‍കുന്ന വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തണം. ഗവര്‍ണര്‍ എല്ലാ സര്‍വ്വകലാശാലകളുടേയും ചാന്‍സലറാകുന്ന നിലവിലെ രീതിയ്ക്ക് പകരം ഓരോ സര്‍വ്വകലാശാലകള്‍ക്കും പ്രത്യേക ചാന്‍സലര്‍ വേണം. വൈസ് ചാന്‍സറുടെ കാലാവധി അഞ്ചുവര്‍ഷം വരെയാകും. 70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരില്‍ നിന്ന് വൈസ് ചാന്‍സലറേയും തെരഞ്ഞെടുക്കാം എന്നാണ് ശുപാര്‍ശ.
നേരത്തെ എന്‍ കെ ജയകുമാര്‍ അധ്യക്ഷനായ നിയമ പരിഷ്‌ക്കരണ കമ്മീഷനും വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കുറക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണ്ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ വെക്കാമെന്ന ഭേദഗതിയോടെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ നടപടി തുടങ്ങിയത്. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കായി ബില്ല് കൊണ്ടുവരണം. മലബാറില്‍ കൂടുതല്‍ കോളേജുകള്‍ വേണം.. കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 60 ആക്കണം.. സര്‍വ്വകലാശാലാ നിയമനങ്ങള്‍ പിഎസ്‌സി, ഹയര്‍ എജ്യുക്കേഷന്‍ സര്‍വ്വീസ് കമ്മീഷന്‍ എന്നിവ വഴി മാത്രമാക്കണം. പൊതുഅക്കാദമിക് കലണ്ടര്‍ എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.
 

Latest News