ദമാം- നജ്‌റാനു നേരെ ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം. തിങ്കളാഴ്ച രാത്രി 10.16 ന് നടത്തിയ ആക്രമണം സൈന്യം വിഫലമാക്കി.
യെമനിലെ ഇംറാൻ ഗവർണറേറ്റിന് വടക്കു ഭാഗത്തു നിന്നാണ് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്. ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് തൊടുത്തുവിട്ട മിസൈൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൈന്യം തകർത്തു. തകർന്ന മിസൈൽ ഭാഗങ്ങൾ പതിച്ച് ആർക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അൽകോബാറിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
സൗദി അറേബ്യക്കു നേരെ ഇതിനകം 119 തവണയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമങ്ങളുണ്ടായതെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. ഇതിൽ 89 ശതമാനം മിസൈലുകളും സഅ്ദയിൽ നിന്നും ഉത്തര ഇംറാനിൽ നിന്നുമാണ് തൊടുത്തുവിട്ടത്. സൗദി അറേബ്യക്കു നേരെ 66,259 തവണ ഷെല്ലാക്രമണങ്ങളുമുണ്ടായി. ഹൂത്തികളുടെ 737 കേന്ദ്രങ്ങളും താവളങ്ങളും യുദ്ധോപകരണങ്ങളും സഖ്യസേന തകർത്തു. യെമനിലെ മീദി ജില്ല പൂർണമായും സഖ്യസേനയുടെ നിയന്ത്രണത്തിലായിട്ടുണ്ട്. സഅ്ദയിലും സഖ്യസേന മുന്നേറുകയാണ്. അൽബൈദായിലെ ഒമ്പതു ജില്ലകളിൽ നാലും ഹൂത്തി നിയന്ത്രണത്തിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ശബ്‌വ ഗവർണറേറ്റ് പൂർണമായും സ്വതന്ത്രമാക്കി.
ജിസാനിലും അബഹ എയർപോർട്ടിലും സൈന്യം വെടിവെച്ചിട്ട പൈലറ്റില്ലാ വിമാനങ്ങൾക്കു സമാനമായ ഡ്രോണുകൾ നേരത്തെ ഇറാഖിൽ ഐ.എസ് ഭീകരർ ഉപയോഗിച്ചിരുന്നു. ആയുധങ്ങളും ഡ്രോണുകളും കടത്തുന്നത് തടയുന്നതിന് സൻആ എയർപോർട്ടും അൽഹുദൈദ തുറമുഖവും സഖ്യസേന നിരീക്ഷിക്കുന്നുണ്ട്. വ്യത്യസ്ത ഇനങ്ങളിൽ പെട്ട പൈലറ്റില്ലാ വിമാനങ്ങളും ഭൗമ-ഭൗമ മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും സൂക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവയിൽ പരിശീലനം നേടുന്നതിനുമുള്ള കേന്ദ്രമായും സൈനിക ബാരക്ക് ആയും സൻആ എയർപോർട്ടിനെ ഹൂത്തികൾ ഉപയോഗിക്കുകയാണ്.

സാധാരണക്കാർക്കും വ്യവസായ, സാമ്പത്തിക സിരാകേന്ദ്രങ്ങൾക്കും നേരെ ആക്രമണങ്ങൾ നടത്തുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് തുടരുന്ന പക്ഷം ശക്തമായ തിരിച്ചടി നൽകും. ഇറാന്റെ അബാബീൽ ഡ്രോണുകൾക്ക് സമാനമായ പൈലറ്റില്ലാ വിമാനങ്ങളാണ് അബഹ എയർപോർട്ടും ജിസാനും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിന് ഹൂത്തികൾ ഉപയോഗിച്ചത്. ഖാസിഫ് എന്നാണ് ഈ ഡ്രോണുകൾക്ക് ഹൂത്തികൾ പേരിട്ടിരിക്കുന്നത്.
ഹൂത്തികൾക്ക് ഇറാൻ ഡ്രോണുകളും അവ പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും നൽകുന്നതായി യു.എൻ വിദഗ്ധർ തയാറാക്കിയ റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്. അൽഹുദൈദയിൽ ഡ്രോൺ അസംബ്ലിംഗ് യൂനിറ്റ് നേരത്തെ സഖ്യസേന തകർത്തിരുന്നു. ഡ്രോണുകളും മിസൈലുകളും അടക്കമുള്ള ആയുധങ്ങൾ ഹൂത്തികളുടെ കൈകളിൽ എത്താതെ തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ലോക രാജ്യങ്ങൾ സ്വീകരിക്കണമെന്നും സഖ്യസേനാ വക്താവ് ആവശ്യപ്പെട്ടു.
ഹൂത്തി മിസൈൽ എങ്ങനെ കൃത്യമായി സൗദി സൈന്യം തകർക്കുന്നു?