വനിതയെ മര്‍ദിച്ച ശേഷം ഒളിവില്‍ പോയ ബി.ജെ.പി നേതാവ് അറസ്റ്റില്‍

മീറത്ത്- യുവതിയെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഒളിവില്‍ പോയ ബി.ജെ.പി കിസാന്‍ മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗിയെ ഉത്തര്‍പ്രദേശിലെ മീറത്തില്‍ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്നു പേരോടൊപ്പമാണ് ഇയാള്‍ പിടിയിലായത്. ഭാര്യയുമായും അഭിഭാഷകനുമായും തുടര്‍ച്ചയായി ബന്ധപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ത്യാഗിയുടെ ഒളിത്താവളത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

അയല്‍വാസിയായ സ്ത്രീയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ത്യാഗിയുടെ വസത്യിലെ അനധികൃത നിര്‍മാണം പൊളിച്ച യു.പി പൊലീസിന്റെ നടപടി കഴിഞ്ഞ ദിവസം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.  അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ ശ്രീകാന്ത് അയല്‍വാസിയായ സ്ത്രീയോട് അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതാണ് പോലീസ് നടപടിക്ക് പ്രേരിപ്പിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ശ്രീകാന്ത് ത്യാഗി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു. ഭാര്യയെ രണ്ടാം തവണ ചോദ്യം ചെയ്യുന്നതിനിടയിലാണ് ത്യാഗിയുടെ ഒളിത്താവളം പോലീസിനു മനസ്സിലാക്കാനായത്.   ഭംഗേലില്‍ താമസിക്കുന്ന ത്യാഗി കേസെടുത്തതുമുതല്‍ ഒളിവിലാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിനും ഋഷികേശിനുമിടയിലാണ് ത്യാഗിയുടെ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി കണ്ടിരുന്നത്.
നോയിഡയിലെ സെക്ടര്‍ 93യിലുള്ള ഗ്രാന്‍ഡ് ഒമേക്‌സ് ഹൗസിംഗ് കോളനിയിലെ ശ്രീകാന്തിന്റെ അപ്പാര്‍ട്ട്മെന്റിലെ അനധികൃത കയ്യേറ്റം കഴിഞ്ഞ ദിവസം ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പൊളിച്ചുമാറ്റിയത്. സൊസൈറ്റിയിലെ പാര്‍ക്ക് അനധികൃതമായി കയ്യേറിയ ശ്രീകാന്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച പ്രദേശത്തെ മറ്റ് താമസക്കാര്‍ 2019ല്‍  അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ 2020ല്‍ അധികൃതര്‍ ശ്രീകാന്തിന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ശ്രീകാന്ത് നടപടിയെ ചെറുത്തു.
തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞയാഴ്ച ശ്രീകാന്ത് കുറച്ച് മരങ്ങള്‍ നടാന്‍ ശ്രമിച്ചത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാരിയായ സ്ത്രീ പരാതിപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ ശ്രീകാന്ത് സ്ത്രീയെ അധിക്ഷേപിക്കുകയും അപകീര്‍ത്തിപരമായി സംസാരിക്കുകയും ചെയ്തു. ഇത് എതിര്‍ത്ത സ്ത്രീയെ ഇയാള്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്ത്രീയുടെ ഭര്‍ത്താവിനെതിരെയും ശ്രീകാന്ത് ആക്ഷേപങ്ങള്‍ ഉന്നയിച്ചു.

 

 

Latest News