സര്‍വണ്‍ സിംഗ് ഖാലിഖിനെ കെട്ടിപ്പിടിച്ചു; 75 വര്‍ഷത്തിനുശേഷം ഒരു പുനസമാഗമം

കര്‍താര്‍പുര്‍- ചരിത്രപ്രധാന കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര കഴിഞ്ഞ ദിവസം അപൂര്‍വ പുനസമാഗമത്തിനു സാക്ഷ്യം വഹിച്ചു. 92 കാരനായ ഇന്ത്യക്കാരന്‍ 75 വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സഹോദര പുത്രനെ കാണുകയായിരുന്നു. ഇന്ത്യാ-പാക് വിഭജനത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്.
പഞ്ചാബ് സ്വദേശിയായ സര്‍വണ്‍ സിംഗ് സഹോദര പുത്രന്‍ മോഹന്‍ സിംഗിനെ ദീര്‍ഘനേരം ആശ്ലേഷിച്ചു. ലഹോറില്‍നിന്ന് 130 കി.മീ അകെല നാരോവാളില്‍ മുസ്ലിം കുടുംബത്തില്‍ വളര്‍ന്ന മോഹന്‍ സിംഗ് ഇപ്പോള്‍ അബ്ദുല്‍ ഖാലിഖാണ്. ഇരുകുടുംബങ്ങളിലുമുള്ളവര്‍ പുനസമാഗമം നടന്ന കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലെത്തിയിരുന്നു.
പിതൃസഹോദരന്റെ കാല്‍ തൊട്ട് വന്ദിച്ച ഖാലിഖ് മിനിറ്റുകളോളം അദ്ദേഹത്തെ ആശ്ലേഷിച്ചുവെന്ന് ഖാലിഖിന്റെ ബന്ധു മുഹമ്മദ് നഈം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നാല് മണിക്കൂറോളം ഒരുമിച്ച് കഴിഞ്ഞ ഇരുവരും ഓര്‍മകള്‍ പങ്കുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കിലും 75 വര്‍ഷത്തിനുശേഷം വീണ്ടും കാണാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമാണെന്നാണ് ഇരുവരും പറഞ്ഞതെന്ന് ഖാലിഖിന്റെ മറ്റൊരു ബന്ധു ജാവേദ് പറഞ്ഞു. പാക്കിസ്ഥാനിലെത്തി മരുമകനോടൊപ്പം ദീര്‍ഘകാലം കഴിയാന്‍ സിംഗിന് ആഗ്രഹമുണ്ടെന്നും വിസക്കുവേണ്ടി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News