മദ്യപിച്ച് ലക്കുകെട്ട യുവതിയെ ഉപേക്ഷിച്ച് മൂന്ന് സുഹൃത്തുക്കള്‍ സ്ഥലംവിട്ടു

കൊച്ചി- ഹോട്ടല്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത ശേഷം കടന്നുകളയാന്‍ ശ്രമിക്കവേ യുവതിയടങ്ങുന്ന നാലംഗസംഘം സഞ്ചരിച്ച കാര്‍ പെട്ടിഓട്ടോയില്‍ തട്ടിയശേഷം മെട്രോ തൂണില്‍ ഇടിച്ചു. അപകടത്തിനുശേഷം യുവതിയെ ഉപേക്ഷിച്ച് കാറുമായി മറ്റുള്ളവര്‍ സ്ഥലം വിട്ടു. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ പിങ്ക് പോലീസെത്തി കസ്റ്റഡിയിലെടുത്തു.
എം.ജി റോഡിലെ ഒരു ആഡംബര ഹോട്ടലിലാണ് നാടകീയ സംഭവങ്ങള്‍. ഹോട്ടല്‍ മാനേജരുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


വൈകിട്ടോടെ ഹോട്ടലിലെത്തി മദ്യപിച്ചശേഷം പുറത്തിറങ്ങിയ യുവതീയുവാക്കളുടെ സ്നേഹപ്രകടനങ്ങള്‍ അതിരുവിട്ടത് ജീവനക്കാര്‍ ചോദ്യംചെയ്തത് വാക്കേറ്റത്തിലും സംഘര്‍ഷത്തിലുമെത്തി.
ജീവനക്കാര്‍ ഗേറ്റടച്ച് നാലുപേരെയും പോലീസിന് കൈമാറാന്‍ തയ്യാറെടുക്കവേ ഇവര്‍ കാറില്‍കയറി രക്ഷപ്പെട്ടു. മദ്യപിച്ചതിനും മറ്റും പണം നല്‍കാതെയാണ് ഇവര്‍ സ്ഥലം വിട്ടതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

അമിവേഗത്തില്‍ ഗേറ്റിന് പുറത്തേക്കെടുത്ത കാര്‍ പെട്ടിഓട്ടോയില്‍ തട്ടിയ ശേഷമാണ് മെട്രോത്തൂണില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ എയര്‍ബാഗ് പുറത്തുവന്നതോടെ മുന്‍സീറ്റിലിരുന്ന യുവതി കാറില്‍ നിന്നിറങ്ങി. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇവരെ ഉപേക്ഷിച്ച് കൂടെയുണ്ടായിരുന്നവര്‍ കാറുമായി കടന്നുകളഞ്ഞു.

സെന്‍ട്രല്‍ പോലീസ് സ്ഥലത്തെത്തി സി.സി ടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ചു. യുവതിയെ തൊട്ടടുത്തെ മറ്റൊരു ഹോട്ടലിന്റെ സമീപത്തുനിന്നാണ് പിങ്ക് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

Latest News